കഴുത്തില്‍ കുരുക്കിട്ടും വെട്ടിയും കുത്തിയും കൊലകള്‍... കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട നരബലികള്‍

കഴുത്തില്‍ കുരുക്കിട്ടും വെട്ടിയും കുത്തിയും കൊലകള്‍... കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട നരബലികള്‍

കൊച്ചി: നരബലി, നരഭോജന വാര്‍ത്തകള്‍ കേട്ട് വിറങ്ങലിച്ചു നില്‍ക്കുകയാണ് മലയാളികള്‍. പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. എന്നാല്‍ കേരളത്തില്‍ നടന്ന ആദ്യ നരബലി അല്ല ഇത്.

കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ആദ്യ നരബലി നടന്നത് 1955 ഏപ്രില്‍ 23 ന് ആണെന്നാണ് ചരിത്രം നല്‍കുന്ന സൂചന. തിരുവനന്തപുരം കാട്ടാക്കടയില്‍ കഴുത്തില്‍ കുരുക്കിട്ട് പതിനഞ്ചുകാരനെ ബലികഴിച്ചു. മൃതദേഹം ചാക്കില്‍ കെട്ടി കൊണ്ടുപോകും വഴി പൊലീസ് പിടിയിലായി. മന്ത്രവാദിയെയും കൂട്ടാളികളെയും നാടുകടത്താന്‍ അന്ന് കോടതി വിധി പുറപ്പെടുവിച്ചു.

1956 സെപ്തംബര്‍ 29 ന് ഗുരുവായൂരില്‍ പിന്നിട് നരബലി നടന്നു. രാധ എന്ന ആനയുടെ അസുഖം മാറാന്‍ ആന പ്രേമിയായ അപ്പസാമി എന്നയാള്‍ സുഹൃത്തായ കാശിയെ വെട്ടിക്കൊന്നു. കാശി അമ്പലത്തിന്റെ കിഴക്കേ നടയില്‍ കിടന്നുറങ്ങിയപ്പോള്‍ അപ്പസാമി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആന ഒരു വലിയ ജീവിയാണെന്നും മനുഷ്യന്‍ വളരെ ചെറിയ ജീവിയാണെന്നുമായിരുന്നു കോടതിയില്‍ അപ്പസാമിയുടെ വിചിത്ര മൊഴി.

അതിക്രൂരമായ മറ്റൊരു നരബലി നടന്നത് 1973 മെയ് 29നാണ്. കൊല്ലം ശങ്കരോദയം എല്‍.പി സ്‌കൂളിലെ ദേവദാസന്‍ എന്ന ആറ് വയസുകാരനായിരുന്നു ഇര. അയല്‍വാസി അഴകേശന്‍ ദേവ പ്രീതിക്കായി വിഗ്രഹത്തിന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

1981 ഡിസംബറില്‍ ഇടുക്കിയില്‍ സോഫിയ എന്ന യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചുമൂടി. ആഭിചാര മന്ത്രവാദിയുടെ നിര്‍ദേശ പ്രകാരമായിരുന്നു കൊല. ഇതേവര്‍ഷം മുണ്ടിയെരുമയില്‍ നിധി ലഭിക്കാനായി ആണ്‍കുട്ടിയെ പിതാവും സഹോദരിയും ചേര്‍ന്ന് വായും മൂക്കും കുത്തിക്കീറി കൊലപ്പെടുത്തി.

1983ല്‍ വയനാട്ടില്‍ ഒരു നരബലി ശ്രമം അരങ്ങേറി. എരുമാട് പ്രൈമറി സ്‌കൂള്‍ അധ്യാപകനായ കേളപ്പനെ ബലികഴിക്കാന്‍ ശ്രമിച്ചതിന് രണ്ടുപേര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. 1996 ഡിസംബര്‍ 31 ന് അര്‍ധ രാത്രിയില്‍ കായംകുളം കുഴിത്തറയില്‍ നടന്ന നരബലിക്ക് ഇരയായത് ആറ് വയസുകാരി പെണ്‍കുട്ടിയാണ്. സന്താനങ്ങള്‍ ഉണ്ടാകാനായി അജിത എന്ന ആറ് വയസുകാരിയെ തുളസി-വിക്രമന്‍ ദമ്പതികള്‍ ബലി കൊടുക്കുകയായിരുന്നു.

സ്‌കൂളില്‍നിന്നും മടങ്ങിയ അജിതയെ ദമ്പതികള്‍ വീട്ടിലെത്തിച്ചു. രാത്രി മന്ത്രവാദിയുടെ സഹായത്തോടെ കുട്ടിയുടെ ദേഹത്ത് മുറിവുണ്ടാക്കി രക്തം ഊറ്റിയെടുത്തു. ശേഷം ശരീരം അടുത്തുള്ള കുളത്തില്‍ ഉപേക്ഷിച്ചു.

പിന്നീട് പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപം 2004 ല്‍ നാല് വയസുകാരന്‍ ക്രൂരമായി കൊല്ലപ്പെട്ടു. യെില്‍വേ സ്റ്റേഷനില്‍ അച്ഛനും അമ്മക്കും ഒപ്പം കിടന്നുറങ്ങിയ കുട്ടിയെ കാണാതായി. അന്വേഷണത്തില്‍ ഭാരതപ്പുഴയുടെ തീരത്ത് കൈകാലുകള്‍ ഛേദിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സമീപത്ത് പൂജ നടത്തിയിരുന്നതായും കണ്ടെത്തി. പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. 2014 ല്‍ കരുനാഗപ്പള്ളി തഴവയില്‍ ഹസീന എന്ന യുവതിയെ മന്ത്രവാദി തൊഴിച്ചു കൊലപ്പെടുത്തിയിരുന്നു.

2021 ലും കേരളത്തില്‍ നരബലി അരങ്ങേറി. ഫെബ്രുവരിയില്‍ പാലക്കാട് പുതുപ്പള്ളി തെരുവിലാണ് സംഭവം. മാതാവ് തന്നെയായിരുന്നു പ്രതി. ആറ് വയസുള്ള കുട്ടിയെ വീട്ടിലെ കുളിമുറിയില്‍ കാലുകള്‍ കൂട്ടി കെട്ടിയിട്ട ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ദേവി പ്രീതിക്കായാണ് ഇങ്ങനെ ചെയ്തത് എന്നായിരുന്നു ആ സ്ത്രി നല്‍കിയ മൊഴി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.