'നരബലിക്ക് പിന്നില്‍ തീവ്രവാദ സംഘടനയുടെ സ്വാധീനം'; ഷാഫിയെ കുറിച്ച് തുറന്ന് പറയാന്‍ പൊലീസ് തയ്യാറാകണമെന്ന് കെ.സുരേന്ദ്രന്‍

 'നരബലിക്ക് പിന്നില്‍ തീവ്രവാദ സംഘടനയുടെ സ്വാധീനം';  ഷാഫിയെ കുറിച്ച് തുറന്ന് പറയാന്‍ പൊലീസ് തയ്യാറാകണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പത്തനംതിട്ട ഇലന്തൂരിലെ നരബലിക്കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി ഷാഫിയ്ക്ക്  മത ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇയാളെ കുറിച്ച് മനസിലാക്കിയ വിവരങ്ങള്‍ പൊലീസ് പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു പ്രതി പൊതു പ്രവര്‍ത്തകനും സിപിഎം നേതാവുമാണ്. ഇക്കാര്യത്തില്‍ ഭരണകക്ഷി നേതാക്കള്‍ അഭിപ്രായം പറയാന്‍ മടിക്കുന്നതെന്തുകൊണ്ടാണ്. പ്രതിയായ സിപിഎം പ്രവര്‍ത്തകനെതിരെ സിപിഎം നടപടി എടുക്കാത്തത് എന്തുകൊണ്ടെന്നും സുരേന്ദ്രന്‍ ചോദിച്ചു.

കേരളത്തിന് പുറത്താണ് നരബലി നടന്നതെങ്കില്‍ എങ്ങനെയാകുമായിരുന്നു ഇവിടത്തെ പ്രതികരണങ്ങള്‍. സാംസ്‌കാരിക നായകന്‍മാര്‍ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തോട് തണുപ്പന്‍ സമീപനമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. നിരോധനത്തിനു ശേഷം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുകയാണ് സിപിഎമ്മും മുസ്ലിം ലീഗും ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കഠിനമായ അന്വേഷണത്തിലൂടെയാണ് നരബലി കേസ് തെളിയിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു വെളിപ്പെടുത്തി. ആറാം ക്ലാസുവരെ മാത്രമേ ഷാഫി പഠിച്ചിട്ടുള്ളൂവെന്നും, ലൈംഗിക വൈകൃതത്തിന് അടിമയാണ് ഇയാളെന്നും പൊലീസ് വെളിപ്പെടുത്തി.

ഷാഫി കറങ്ങാത്ത ഒരു സ്ഥലവും കേരളത്തിലില്ല. ഇയാളൊരു സൈക്കോപാത്താണ്. ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നയാളാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ പത്തോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.