ന്യൂഡല്‍ഹി: രാജ്യത്ത് അപ്രതീക്ഷിതമായി കൊണ്ടുവന്ന 2016 ലെ നോട്ട് നിരോധനം സംബന്ധിച്ച് ആറ് വര്‍ഷത്തിന് ശേഷം പരിശോധനയ്ക്ക് ഒരുങ്ങി സുപ്രീം കോടതി. സര്‍ക്കാര്‍ എടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ പരിശോധിക്കുന്നതില്‍ ജുഡീഷ്യറിക്കുള്ള ലക്ഷമണരേഖയെക്കുറിച്ച് അറിയാമെങ്കിലും നോട്ട് നിരോധനത്തെ ഒരു അക്കാദമിക് വിഷയം മാത്രമായി കണ്ടു തള്ളാനാവില്ലെന്ന് ജസ്റ്റിസ് എന്‍.എ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു.
ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഒരു പ്രശ്നം ഉയര്‍ന്നുവരുമ്പോള്‍ അതില്‍ വ്യക്തത വരുത്തേണ്ട കടമ തങ്ങള്‍ക്കുണ്ടെന്ന് പരാമര്‍ശം നടത്തിയ ബഞ്ച് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയക്കാനും നിര്‍ദേശിച്ചു. റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗത്തിന്റെ രേഖകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ അടക്കം വിശദമായി സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഹര്‍ജികള്‍ അടുത്തമാസം ഒന്‍പതിന് വീണ്ടും പരിഗണിക്കും.
2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തിയിരുന്നു. നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു 58 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു ഹരജികളില്‍ ആരോപിക്കുന്നു.
എന്നാല്‍ ഏറെക്കാലം ഈ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണന കാത്ത് കിടന്നു. 2016 ഡിസംബറിലാണ് ആദ്യമായി ഈ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് മുന്‍പിലെത്തിയത്. എന്നാല്‍ ബെഞ്ചില്‍ ഉള്‍പ്പെട്ട ജഡ്ജിമാര്‍ വിരമിച്ചതിന് പിന്നാലെ ഈ ഹര്‍ജികള്‍ വീണ്ടും പെരുവഴിയിലായി.
ഒടുവില്‍ മുന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ രണ്ട് മാസം മുന്‍പ് രൂപീകരിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് ഈ ഹര്‍ജികള്‍ എത്തുകയായിരുന്നു. നോട്ട് നിരോധനം കൂടാതെ മുന്നോക്ക വിഭാഗത്തിന് വരുമാന അടിസ്ഥാനത്തില്‍ സംവരണം നല്‍കാമോ എന്ന വിഷയവും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയവും ബെഞ്ച് പരിഗണിക്കും.
കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരമാണ് വിഷയം ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഉന്നയിച്ചത്. നോട്ട് നിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ കൃത്യമായ ചട്ടവും നിയമനിര്‍മ്മാണവും വേണമെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. 1978-ല്‍ നോട്ട് നിരോധനം നടപ്പാക്കിയത് ഈ രീതിയിലായിരുന്നുവെന്നും ചിദംബരം പറഞ്ഞു.
ഇത്തരം അക്കാദമിക് വിഷയങ്ങളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിലയേറിയ സമയം പാഴാക്കരുതെന്ന് ചിദംബരത്തിന്റെ വാദത്തെ എതിര്‍ത്ത് കൊണ്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഈ ഘട്ടത്തിലാണ് ഭരണഘടാ ബെഞ്ച് മുന്‍പാകെ ഒരു വിഷയം ഉന്നയിക്കപ്പെടുമ്പോള്‍ അതിലൊരു മറുപടി നല്‍കാന്‍ ബാധ്യതയുണ്ടെന്ന് മുതിര്‍ന്ന ജസ്റ്റിസ് എസ്.എ. നസീര്‍ മറുപടി നല്‍കി. തുടര്‍ന്നാണ് റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ ബെഞ്ച് നിര്‍ദേശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.