കൊല്‍ക്കത്ത: മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കെ എഡു ബേഡിയ നേടിയ ഗോളില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് എഫ്.സി ഗോവ വിജയം കണ്ടു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം.
മത്സരത്തിന്റെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ പാടുപെട്ട ഈസ്റ്റ് ബംഗാളിനെതിരേ ഗോവ ഏഴാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. അല്‍വാരെ വാസ്‌ക്വസ് ബോക്സിലേക്ക് നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഈസ്റ്റ് ബംഗാള്‍ താരം വരുത്തിയ പിഴവാണ് ഗോളിന് വഴിവെച്ചത്. പന്ത് റാഞ്ചിയ ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ് ഗോള്‍കീപ്പര്‍ കമല്‍ജിത് സിങ്ങിനെയും മറികടന്നാണ് പന്ത് വലയിലെത്തിച്ചത്. തുടര്‍ന്ന് 20-ാം മിനിറ്റിലും 39-ാം ലഭിച്ച മികച്ച അവസരങ്ങള്‍ ഗോവന്‍ താരങ്ങള്‍ക്ക് ഗോളാക്കാന്‍ സാധിച്ചില്ല.
രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ ഈസ്റ്റ് ബംഗാള്‍ ഉണര്‍ന്നു കളിച്ചു. തുടക്കത്തില്‍ തന്നെ ഏതാനും അവസരങ്ങള്‍ സൃഷ്ടിച്ച അവര്‍ 64-ാം മിനിറ്റില്‍ ഒപ്പമെത്തുകയും ചെയ്തു. ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ സൃഷ്ടിച്ച സമ്മര്‍ദത്തിനിടെ ബോക്സില്‍ മലയാളി താരം വി.പി സുഹൈറിനെ ഗോവ ഗോള്‍കീപ്പര്‍ ധീരജ് സിങ് ബോക്സില്‍ വീഴ്ത്തുകയായിരുന്നു. പിന്നാലെ റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത ക്ലെയ്റ്റണ്‍ സില്‍വയ്ക്ക് പിഴച്ചില്ല. ഈസ്റ്റ് ബംഗാള്‍ ഒപ്പത്തിനൊപ്പം.
പിന്നാലെ നിശ്ചിതസമയത്തിന് റഫറി അനുവദിച്ച നാലുമിനിറ്റ് അധിക സമയം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു എഡു ബേഡിയ ഗോവയുടെ വിജയ ഗോള്‍ നേടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.