അടിയന്തരഘട്ടങ്ങളില്‍ പ്രഥമശുശ്രൂഷ നല്‍കാന്‍ സുരക്ഷാ ജീവനക്കാരെ പ്രാപ്തരാക്കുന്ന പദ്ധതിയ്ക്ക് റാസല്‍ഖൈമയില്‍ തുടക്കം

അടിയന്തരഘട്ടങ്ങളില്‍ പ്രഥമശുശ്രൂഷ നല്‍കാന്‍ സുരക്ഷാ ജീവനക്കാരെ പ്രാപ്തരാക്കുന്ന പദ്ധതിയ്ക്ക് റാസല്‍ഖൈമയില്‍ തുടക്കം

റാസല്‍ ഖൈമ: ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിയ രോഗിക്ക് സുരക്ഷാ ജീവനക്കാരിയുടെ സമയോചിതമായ ഇടപെടല്‍ തുണയായി. റാസല്‍ഖൈമയില്‍ സുരക്ഷാ ജീവനക്കാരിയായ ഡെബോറ ഒയെവോളാണ് ഗുരുതരാവസ്ഥയിലെത്തിയ രോഗിക്ക് കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ (സിപിആർ) നല്‍കി ജീവിതത്തിലേക്ക് തിരിച്ചെത്തിത്. റാക് ആശുപത്രി നല്‍കിയ ലൈഫ് സപ്പോർട്ട് സർട്ടിഫൈഡ് പ്രോഗ്രാമില്‍ പരിശീലനം പൂർത്തിയാക്കിയ 100 സുരക്ഷാ ജീവനക്കാരില്‍ ഒരാളാണ് ഒയെവോള. 

ആരുടെയെങ്കിലും ജീവന്‍ രക്ഷിക്കുകയെന്നുളളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്,സിപിആർ എങ്ങനെ ചെയ്യണമെന്നത് മാത്രമല്ല, അടിയന്തര ഘട്ടങ്ങളില്‍ വേഗത്തില്‍ പ്രവർത്തിക്കാന്‍ ധൈര്യവും ആത്മവിശ്വാസവും നല്‍കാന്‍ ഈ പരിശീലനം സഹായിച്ചുവെന്നും നൈജീരിയക്കാരിയായ ഒയെവോള പറയുന്നു.
ആരോഗ്യ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രഥമശുശ്രൂഷ നൽകുന്നതിനും സുരക്ഷാ ഗാർഡുകളെ സജ്ജമാക്കുകയെന്നുളളതായിരുന്നു റാക് ആശുപത്രിയുടെ പദ്ധതി. 

ഹൃദയസ്തംഭനം സംഭവിച്ച ഒരു വ്യക്തിയെ രക്ഷിക്കാൻ കഴിയുന്ന ഒരു അടിയന്തിര ജീവൻരക്ഷാ പ്രക്രിയയാണ് സിപിആർ. ആശുപത്രിക്ക് പുറത്ത് ഹൃദയസ്തംഭനം സംഭവിക്കുന്ന 10 പേരിൽ 9 പേരും മരിക്കുന്നു, എന്നാൽ ഉടനടിയുള്ള സിപിആർ അവരുടെ അതിജീവന സാധ്യത ഇരട്ടിയാക്കുകയോ മൂന്നിരട്ടിയാക്കുകയോ ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.പ്രാഥമിക ശുശ്രൂഷ നൽകുന്നതിലൂടെ പരിക്കുകൾ മൂലമുള്ള 80% മരണങ്ങളും തടയാൻ കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.

റാക് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ പരിശീലനം നേടിയ സുരക്ഷാജീവനക്കാർ സിപിആർ ചെയ്യുന്നതെങ്ങനെയെന്ന് ഡെമോയിലൂടെ വ്യക്തമാക്കി. ഇതൊരു മികച്ച പദ്ധതിയാണ്, എല്ലാ സുരക്ഷാ ഗാർഡുകളെയും പരിശീലിപ്പിക്കാനും സാക്ഷ്യപ്പെടുത്താനും ശ്രമം തുടരുമെന്ന് പരിപാടിയില്‍ പങ്കെടുത്ത യുഎഇ ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ പ്രാക്ടീസ് ആൻഡ് ലൈസൻസ് വിഭാഗത്തിന്‍റെ അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി ഡോ അമിൻ ഹുസൈൻ അൽ അമീരി പറഞ്ഞു.

റാസല്‍ ഖൈമയില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ യജ്ഞം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ജോലിസ്ഥലങ്ങൾ, റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്‍റുകള്‍, വില്ലകൾ, സ്‌കൂളുകൾ, ഷോപ്പിംഗ് മാളുകൾ, വ്യവസായങ്ങൾ, മറ്റ് ബിസിനസ്സുകൾ എന്നിവയിലുടനീളം സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നല്‍കുന്നതിനായി വിപുലമായ പദ്ധതിയൊരുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ ആദ്യം പ്രതികരിക്കുന്നവരായി പ്രവർത്തിക്കാൻ സുരക്ഷാ ജീവനക്കാരെ സജ്ജമാക്കുകയെന്നുളളതാണ് ലക്ഷ്യമെന്ന് റാക് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ റാസ സിദ്ദീഖി പറഞ്ഞു. ശരിയായ പ്രഥമശുശ്രൂഷ നൽകിയില്ലെങ്കിൽ, ഒരു നിസ്സാര പരിക്ക് മാരകമായേക്കാം. ഇത് ഒഴിവാക്കുകയെന്നുളളതാണ് ഇത്തരത്തിലുളള പരിശീലന പദ്ധതികളുടെ പ്രധാന ലക്ഷ്യമെന്ന് റാക് ആശുപത്രി സിഇഒ ഡോ ജീന്‍ എം ഗൗവർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.