സംസ്ഥാനത്ത് വീണ്ടും കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ടൂറിസ്റ്റ് ബസിടിച്ച് അപകടം; വിദേശത്തുനിന്ന് മടങ്ങി വരികെയായിരുന്ന യുവതി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ടൂറിസ്റ്റ് ബസിടിച്ച് അപകടം; വിദേശത്തുനിന്ന് മടങ്ങി വരികെയായിരുന്ന യുവതി മരിച്ചു

അങ്കമാലി: ഒൻപതു പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അപകടത്തിനു പിന്നാലെ
കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ടൂറിസ്റ്റ് ബസിടിച്ച് യാത്രക്കാരി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി സലീന (38) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 5.45ഓടെയായിരുന്നു അപകടം.

അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലാണ് അപകടമുണ്ടായത്. കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ലോ ഫ്ലോർ ബസ്സിന്റെ പിന്നിലെ സീറ്റിലാണ് സലീന ഇരുന്നിരുന്നത്.

സൗദിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ സലീന വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ചിനു പുലർച്ചെയാണ് വടക്കഞ്ചേരിക്ക് സമീപം സ്‌കൂള്‍ കുട്ടികളുമായി വിനോദയാത്രയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ ഇടിച്ചുമറിഞ്ഞ് വിദ്യാര്‍ഥികൾ അടക്കം ഒന്‍പതുപേര്‍ മരിച്ച സംഭവം ഉണ്ടായത്. അമിത വേഗത ആയിരുന്നു മരണ കാരണമെന്ന് ശാസ്ത്രീയ പരിശോധനയിൽ ബോധ്യപ്പെട്ടിരുന്നു.

ഇതേതുടർന്നു സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസ്സുകളിൽ വ്യാപക പരിശോധന നടത്തുകയും നിയമലംഘനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സിക്ക് പിന്നിൽ ഇടിച്ചു അപകടം ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.