സുഡാൻ കുരുതിക്കളമാകുന്നു ; മൂന്ന് ദിവസത്തിനിടെ അൽ ഫാഷിർ നഗരത്തിൽ മാത്രം കൊല്ലപ്പെട്ടത് 1500 പേർ

സുഡാൻ കുരുതിക്കളമാകുന്നു ; മൂന്ന് ദിവസത്തിനിടെ അൽ ഫാഷിർ നഗരത്തിൽ മാത്രം കൊല്ലപ്പെട്ടത് 1500 പേർ

ഖാർത്തൂം: ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സുഡാനിൽ നടക്കുന്നത് കൂട്ടക്കൊല. അൽ ഫാഷിർ നഗരത്തിൽ മാത്രം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 1500 ൽ കൂടുതൽ ആളുകളാണ്. സുഡാൻ ആംഡ് ഫോഴ്‌സിൽ നിന്ന് വിഘടിച്ച വിഭാ​ഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) അൽ ഫാഷിർ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെയാണ് നഗരം കുരുതിക്കളമായത്. 33,000 ആളുകളാണ് ഇവിടെ നിന്ന് മരുഭൂമിയിലേക്ക് പലായനം ചെയ്തത്.

മരുഭൂമിയിലൂടെ കിലോമീറ്ററുകളോളം നടന്നാണ് കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ അൽപ്പമെങ്കിലും താമസ യോഗ്യമായ സ്ഥലത്തെത്തുന്നത്. ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ വംശഹത്യയാണ് ഇപ്പോൾ സുഡാനിൽ നടന്നുകൊണ്ടിരിക്കുന്നത്. അൽ ഫാഷിറിൽ ആയിരക്കണക്കിന് ആളുകളെ വരിനിർത്തി വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.

രണ്ട് വർഷത്തോളം നീണ്ട ഉപരോധത്തിന് ശേഷം ഒക്ടോബർ 26നാണ് അൽ ഫാഷർ നഗരത്തിന്റെ നിയന്ത്രണം ആർഎസ്എഫ് പിടിച്ചെടുത്തത്. സഹായമെത്തുന്ന എല്ലാ വഴികളും അടച്ചാണ് ഇവിടെ കൂട്ടക്കൊല നടക്കുന്നത്. 2023 ൽ തുടങ്ങിയ ആഭ്യന്തര യുദ്ധത്തിൽ 40,000 ആളുകൾ കൊല്ലപ്പെടുകയും 1.2 കോടി ആളുകൾ പലായനം ചെയ്യുകയും ചെയ്തുവെന്നാണ് യുഎൻ കണക്ക്.

സുഡാനിലെ കൂട്ടക്കൊലയിൽ അന്താരാഷ്ട്ര സമൂഹം ഇപ്പോഴും ക്രൂരമായ മൗനം തുടരുകയാണ്. ഡർഫൻ, സമീപ പ്രദേശമായ കോർദോഫാൻ എന്നീ പ്രദേശങ്ങൾ ആർഎസ്എഫ് ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. തലസ്ഥാനമായ ഖാർത്തൂം, മധ്യ- കിഴക്കൻ പ്രദേശങ്ങൾ എന്നിവ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.