ദിമിത്രി പെട്രാറ്റോസിന് ഹാട്രിക്ക്; ബഗാന് മുന്നിൽ കാലിടറി ബ്ലാസ്‌റ്റേഴ്‌സ്

ദിമിത്രി പെട്രാറ്റോസിന് ഹാട്രിക്ക്; ബഗാന് മുന്നിൽ കാലിടറി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: രണ്ടാം ജയം ലക്ഷ്യമിട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ എടികെ മോഹന്‍ ബഗാന് മുന്നില്‍ കാലിടറി. ദിമിത്രി പെട്രാറ്റോസ് നിറഞ്ഞാടിയ മത്സരത്തില്‍ 5-2 നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ എടികെ മോഹന്‍ ബഗാന്‍ പരാജയപ്പെടുത്തിയത്. 

ആദ്യം ലീഡ് നേടിയശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തകര്‍ച്ച. ബ്ലാസ്‌റ്റേഴ്‌സിനായി ഇവാന്‍ കലിയൂഷ്‌നിയും കെ.പി. രാഹുലും ലക്ഷ്യം കണ്ടപ്പോള്‍ എടികെ മോഹന്‍ബഗാന് വേണ്ടി ദിമിത്രി പെട്രറ്റോസ് ഹാട്രിക്ക് നേടി. കൗകോയും ലെനി റോഡ്രിഗസും ഓരോ ഗോളും സ്വന്തമാക്കി. 

കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി മിന്നും പ്രകടനം കാഴ്ച വച്ച ഇവാന്‍ കലിയൂഷ്‌നി ഉള്‍പ്പെടുത്തിയാണ് കോച്ച് ഇവാന്‍ വുകുമനോവിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഇലവനെ അവതരിപ്പിച്ചത്. ദിമിത്രിയോസിനെ ഏക സ്‌ട്രൈക്കറായി നിര്‍ത്തി. മത്സരത്തിന്റെ ആദ്യമിനിറ്റുകളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വന്‍ മുന്നേറ്റം തന്നെ ഗ്രൗണ്ടില്‍ കാണാമായിരുന്നു. രണ്ടു തവണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ ശ്രമങ്ങളെ എടികെ തടുത്തത്. ആക്രമണം തുടര്‍ന്ന ബ്ലാസ്‌റ്റേഴ്‌സ് ആറാം മിനിറ്റില്‍ ലീഡ് നേടി. ബോക്‌സിന്റെ വലതുവശത്തു നിന്നും സഹല്‍ പാസ് ചെയ്ത പന്ത് കേലിയൂഷ്‌നി ലക്ഷ്യത്തിലേക്ക് ഷോട്ട് ചെയ്യുകയായിരുന്നു. 

എട്ടാം മിനിറ്റില്‍ ബ്രണ്ടന്‍ ഹാമിലിനെ ഫൗള്‍ ചെയ്തതിന് എടികെയ്ക്ക് ഫ്രീ കിക്ക് ലഭിച്ചു. ഒമ്പതാം മിനിറ്റില്‍ എടികെയെ ആഹ്ലാദത്തിലാക്കി ഗോള്‍ മടക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് അസാധുവായി. 26-ാം മിനിറ്റില്‍ ഗാലറിയെ നിശബ്ദമാക്കി എടികെയുടെ മറുപടി ഗോള്‍. മുന്നേറ്റതാരം ദിമിത്രി പെട്രാറ്റോസാണ് എടികെയ്ക്ക് വേണ്ടി വല കുലുക്കിയത്. പിന്നീടും ഇരുടീമുകളും ആക്രമണം തുടര്‍ന്നു. 38-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് എടികെയുടെ രണ്ടാം ഗോള്‍ പിറന്നു. തുടര്‍ന്നും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഫലം കാണാതെ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ ആരംഭിത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും എടികെയുടെ പ്രതിരോധത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. 62-ാം മിനിറ്റില്‍ എടികെയുടെ മൂന്നാം ഗോള്‍ പിറന്നു. ദിമിത്രി പെ്ട്രറ്റോസിന്റെ ഗോളാണ് എടികെക്ക് ലീഡ് ഉയര്‍ത്തിയത്. 81-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോള്‍ സ്വന്തമാക്കി. പകരക്കാരനായി എത്തിയ രാഹുലാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി രണ്ടാം ഗോള്‍ നേടിയത്.

88-ാം മിനിറ്റില്‍ ആരാധകരെ തീര്‍ത്തും നിരാശരാക്കി എടികെ നാലാം ഗോള്‍ നേടി. പ്രതിരോധം മറന്ന് കളിച്ചതിന്റെ പ്രതിഫലനമായിരുന്നു ഈ ഗോള്‍. ദിമിത്രിയുടെ പാസില്‍ നിന്ന് ലെനി റോഡ്രിഗസാണ് ലക്ഷ്യം കണ്ടത്. അധികം താമസിയാതെ തന്നെ 90 മിനിറ്റില്‍ അഞ്ചാം ഗോളും നേടി എടികെയുടെ ദിമിത്രി ഹാട്രിക് തികച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.