ജയലളിതയുടെ മരണത്തില്‍ ദുരൂഹത: ഹൃദയ ശസ്ത്രക്രിയ നടത്തിയില്ല; ശശികലയ്‌ക്കെതിരെ അന്വേഷണം അവശ്യപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന്‍

 ജയലളിതയുടെ മരണത്തില്‍ ദുരൂഹത: ഹൃദയ ശസ്ത്രക്രിയ നടത്തിയില്ല; ശശികലയ്‌ക്കെതിരെ അന്വേഷണം അവശ്യപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന്‍

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍. ശശികല അടക്കമുള്ളവര്‍ക്ക് എതിരെ അന്വേഷണം വേണമെന്ന് കമ്മീഷന്‍ തമിഴ്നാട് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടര്‍മാര്‍ ആന്‍ജിയോപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും നടത്തിയില്ല. മരണ വിവരം പൊതുസമൂഹത്തെ അറിയിച്ചത് ഒരു ദിവസം വൈകിയാണെന്നും തമിഴ്നാട് നിയമസഭ മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ശശികല, ജയലളിതയുടെ ഡോക്ടര്‍ കെ.എസ് ശിവകുമാര്‍, മുന്‍ ആരോഗ്യമന്ത്രി സി. വിജയ ഭാസ്‌കര്‍, മുന്‍ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് വീഴ്ചയുണ്ടായതായും അന്വേഷണം നടത്തണമെന്നും അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ചു വര്‍ഷത്തെ അന്വേഷണത്തിന് ഒടുവില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് കമ്മീഷന്‍ 1,108 പേജുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കൈമാറിയത്. ഈ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വെയ്ക്കുകയായിരുന്നു.

ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ വലിയ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി ചൂണ്ടിക്കാട്ടുന്നു. ജയലളിതയുടെ ആരോഗ്യനിലയെപ്പറ്റി ചികിത്സാ സംഘം വ്യാജ പ്രസ്താവനകളിറക്കി. ജയലളിതയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ശരിയായ ചികിത്സ ലഭിച്ചിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ, അന്നത്തെ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വമാണ് അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചത്.

2016 സെപ്റ്റംഹര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ 2016 ഡിസംബര്‍ അഞ്ചിന് മരണം സ്ഥിരീകരിച്ചത് വരെയുള്ള കാര്യങ്ങളാണ് കമ്മീഷന്‍ അന്വേഷിച്ചത്. മുന്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വമടക്കം 159 സാക്ഷികളെ കമ്മീഷന്‍ നേരില്‍ കണ്ട് മൊഴിയെടുത്തിരുന്നു. 2017 ല്‍ രൂപീകരിച്ച കമ്മീഷന്റെ കാലാവധി 14 തവണ നീട്ടി നല്‍കുകയും ചെയ്തിരുന്നു.

അതേസമയം ജയലളിതയ്ക്ക് ചികിത്സ നല്‍കിയതില്‍ വീഴചയില്ലെന്നായിരുന്നു എയിംസിലെ വിദഗ്ധ സംഘം നല്‍കിയ റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.