ലണ്ടൻ: വലിയ വാഗ്ദാനങ്ങളുമായി അധികാരത്തിലേറി നാൽപ്പത്തിഞ്ചാം നാൾ രാജിവച്ചു പടിയിറങ്ങിയ ലിസ് ട്രസിന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള തിരക്കിട്ട ചർച്ചകൾ കൺസർവേറ്റീവ് പാർട്ടിയിൽ ആരംഭിച്ചു. പ്രചാരണ വേദികളിൽ ലിസ് ട്രസ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ അപ്രായോഗികമായിരുന്നെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായി. ട്രസ്സിന്റെ നയങ്ങളെ എതിർക്കുകയും പ്രയോഗികമല്ലെന്നു ചൂണ്ടിക്കാട്ടുകയും ചെയ്ത എതിർ സ്ഥാനാർഥിയും ഇന്ത്യൻ വംശജനുമായ റിഷി സുനക് ആയിരുന്നു ശരിയെന്ന് പാർട്ടിയിൽ കൂടുതൽ പേർക്കുകൂടി വിശ്വസിച്ചു തുടങ്ങിയിട്ടുണ്ട്. ആ തിരിച്ചറിവ്ബ്രിട്ടനിൽ ലിസ് ട്രസിന്റെ പിൻഗാമിയെ കണ്ടെത്തുന്ന ചർച്ചകളിൽ സുനകിന്റെ സാധ്യത വർധിപ്പിക്കും.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ ഭാഗമായ ഡിബേറ്റുകളിൽ റിഷി സുനക് ഉയർത്തിയ നയമാണ് പ്രായോഗികം എന്ന് എല്ലാവരും പറയുന്നതിലേക്ക് ഇപ്പോൾ കാര്യങ്ങൾ എത്തി. പണപ്പെരുപ്പ നാളുകളിൽ നികുതിയിളവുകൾ നൽകുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് അന്ന് സുനക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വോട്ടർമാരെ ആകർഷിക്കാൻ പ്രായോഗികത നോക്കാതെ നൽകിയ വാഗ്ദാനങ്ങൾ ഒക്കെ മണ്ടത്തരങ്ങൾ ആയിരുന്നു എന്നാണ് ലിസ് ട്രസിന് ഏറ്റ തിരിച്ചടിയിൽ നിന്ന് മനസ്സിലാകുന്നത്.
മുൻ ധനമന്ത്രി ക്വാസി ക്വാർട്ടെംഗിനെ വാഷിങ്ടൺ സന്ദർശനം പാതിവഴിയെ നിർത്തി തിരക്കിട്ട് ലണ്ടനിലേക്ക് വിളിച്ചുവരുത്തി ഏതാനം സമയത്തിനുള്ളിൽ ക്വാർട്ടെംഗ് രാജി വച്ചു. ലിസ് ട്രസ്സിന്റെ അധികാരം നിലനിർത്താൻ ക്വാസിയെ ബലിയാടാക്കുകയായിരുന്നു എന്നാണ് അപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ.
അമ്പത് വർഷക്കാലത്തിലെ ഏറ്റവും വലിയ നികുതി ഇളവുകൾ അടങ്ങിയ മിനി ബജറ്റ് പ്രഖ്യാപനത്തോടെയായിരുന്നു ബ്രിട്ടനിൽ എല്ലാം താളം തെറ്റാൻ തുടങ്ങിയത്. ഉയർന്ന വരുമാനക്കാർക്കുള്ള വരുമാന നികുതിയിലെ 45 ശതമാനം സ്ലാബ് പിൻവലിച്ചത് ഭരണകക്ഷിയിൽ നിന്നു പോലും കടുത്ത എതിർപ്പ് ക്ഷണിച്ചു വരുത്തി. ധനികരെ സഹായിക്കുവാനായി പൊതു ഖജനാവിന് നഷ്ടം വരുത്തി വയ്ക്കുന്നു എന്നതായിരുന്നു ആരോപണം. സാമ്പത്തിക രംഗം ആകെ തകർന്നതോടെ പിടിച്ചു നിൽക്കാൻ പറ്റുന്ന വാദഗതികൾ ലിസ് ട്രസിനും നഷ്ടപ്പെട്ടു.
മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി എത്തിയപ്പോൾ ലിസ് ട്രസിന് പ്രഖ്യാപിച്ച പല പദ്ധതികളിൽ നിന്നും പിന്മാറേണ്ടി വന്നു. എന്നിട്ടും എതിരാളികളുടെ രോഷം അടങ്ങിയില്ലെന്നു കണ്ടപ്പോഴായിരുന്നു ക്വാസി ക്വാർട്ടെംഗിനെ തെറിപ്പിച്ചത്. സത്യത്തിൽ, 45 ശതമാനത്തിന്റെ സ്ലാബ് എടുത്തു കളയുന്നതിനോട് ക്വാസി ക്വാർട്ടെംഗ് എതിരായിരുന്നു എന്നാണ് പിന്നീട് പുറത്തു വരുന്ന വാർത്ത. ലിസ് ട്രസിന്റെ നിർബന്ധം ഒന്നുകൊണ്ടു മാത്രം അത് മിനി ബജറ്റിൽ ഉൾക്കൊള്ളിക്കുകയായിരുന്നു.
ലിസ് ട്രസിന്റെ വീണ്ടു വിചാരമില്ലാത്ത നയങ്ങൾ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ തകർക്കുകയും ജനജീവിതം കൂടുതൽ ദുഷ്‌കരമാക്കുകയും ചെയ്തതോടെ പുതിയൊരു നേതാവിനെ ഇനി കണ്ടെത്തണം. സ്വാഭാവിക പിൻഗാമിയായി ഋഷി സുനാക് ഉയർന്നു വന്നേക്കും എന്നാണ് കരുതുന്നത്. പ്രതിരോധ മന്ത്രി ബെൻ വാലസിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പിൻഗാമിയെ നിശ്ചയിക്കുമെന്നാണ് രാജി പ്രഖ്യാപന വേളയിൽ ട്രസ് പറഞ്ഞത്. അടുത്ത വെള്ളിയാഴ്ചയോടെ പുതിയ നേതാവിനെ കണ്ടെത്താൻ കഴിയുമെന്നാണ് കൺസർവേറ്റീവ് എംപിമാരുടെ ചെയർമാൻ സർ ഗ്രഹാം ബ്രാഡി പറഞ്ഞു. എന്നാൽ അടിയന്തര പൊതുതിരഞ്ഞെടുപ്പ് വേണമെന്നാണ് ലേബർ പാർട്ടിയുടെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.