2022 മുതല്‍ സിഖ് വിഭാഗത്തിനെതിരെ ഉണ്ടായത് 301 അക്രമങ്ങള്‍
ലണ്ടന്‍: യു.കെയില്‍ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബ്രിട്ടിഷ് പൗരന്‍ അറസ്റ്റില്‍. പൊലീസ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ബ്രിട്ടന്റെ വടക്കന്‍ മേഖലയിലെ വെസ്റ്റ് മിഡ്സ്ലാന്‍ഡ്സിലെ വാള്‍സോളിലാണ് പഞ്ചാബില്‍ നിന്നുള്ള 20 വയസുകാരി പീഡനത്തിനിരയായത്. 25 ന് വൈകുന്നേരമാണ് സംഭവം. യു.കെയില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ അക്രമി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷിതത്വത്തിന് വേണ്ടി യു.കെ സിഖ് ഫെഡറേഷന്‍ ഇടപെട്ട് പെണ്‍കുട്ടിയെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്.
ബ്രിട്ടനിലെ വെസ്റ്റ്മിഡ്ലാന്‍ഡിലെ ഓള്‍ഡ്ബറിയില്‍ കഴിഞ്ഞ മാസം ഒന്‍പതിന് ഒരു സിഖ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു. നിങ്ങളുടെ നാട്ടിലേക്ക് തിരിച്ചുപോകൂ എന്ന് ആക്രോശിച്ചുകൊണ്ട് രണ്ട് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭത്തില്‍ അറസ്റ്റിലായ രണ്ട് പേരെ പൊലീസ് വിട്ടയച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അതേസമയം വംശീയ അക്രമങ്ങളെ പൊലീസ് രഹസ്യമാക്കാന്‍ ശ്രമിക്കുന്നതായി സിഖ് ഫെഡറേഷന്‍ ആരോപിച്ചു. 2022 മുതല്‍ 301 അക്രമങ്ങള്‍ സിഖ് വിഭാഗത്തിനെതിരെ ഉണ്ടായതായും ഫെഡറേഷന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.