കൊച്ചി: മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്ന സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള നടപടികള്‍ എക്സൈസ് വകുപ്പ് കര്‍ശനമാക്കുന്നു. നേരത്തേ നിയമമുണ്ടെങ്കിലും എക്സൈസ് വകുപ്പ് ഇത് പ്രയോഗിച്ചിരുന്നില്ല. പൊലീസാണ് ഈ നിയമം കൂടുതലായി ഉപയോഗിച്ചിരുന്നത്.
മയക്കുമരുന്ന്, ലഹരിവസ്തുക്കള്‍ എന്നിവയുടെ അനധികൃത കടത്തല്‍ തടയല്‍ (പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) നിയമപ്രകാരമാണ് നടപടി കര്‍ശനമാക്കുന്നത്. ഈ നിയമപ്രകാരം നിശ്ചിത അളവില്‍ കൂടുതല്‍ മയക്കുമരുന്ന് കൈവശംവെച്ചതിന് രണ്ടു കേസുകളിലെങ്കിലും പ്രതിയായവരെ രണ്ടുവര്‍ഷം വരെ വിചാരണ കൂടാതെ തടവിലാക്കാം.
കുറ്റകൃത്യം ബോധ്യപ്പെടുകയും തൊണ്ടി വസ്തുക്കള്‍ പിടിച്ചെടുക്കുകയും പ്രാഥമികാന്വേഷണത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് മനസിലാകുകയും ചെയ്താല്‍ അറസ്റ്റു ചെയ്യപ്പെട്ട പ്രതിയാണെങ്കില്‍ പോലും അവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ വ്യവസ്ഥയുണ്ട്. മയക്കു മരുന്ന് കൈവശംവെച്ച് സമൂഹത്തിന് ഹാനികരമായ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യതയുള്ളവരെയാണ് ഈ വിഭാഗത്തില്‍ പെടുത്തുക.
കേസെടുത്ത് തൊണ്ടി പിടിച്ചെടുത്ത് 45 ദിവസത്തിനകം കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ അപേക്ഷ നല്‍കണം. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിക്കുക. അന്തിമ തീരുമാനം ഹൈക്കോടതി ഉപദേശക സമിതിയുടേതാണ്.
ഉത്തരവ് നടപ്പാക്കുന്നതിങ്ങനെ:
*ഉത്തരവ് പുറപ്പെടുവിച്ച് 10 ദിവസത്തിനകം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം
*ഉത്തരവ് സംബന്ധിച്ച രേഖകള്‍ അഞ്ച് ദിവസത്തിനും 15 ദിവസത്തിനും ഇടയില്‍ തടവുകാരന് നല്‍കണം.
*തടവ് ആരംഭിച്ച് അഞ്ചാഴ്ചയ്ക്കകം ഉപദേശക സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ഉപദേശക സമിതി 11 ആഴ്ചയ്ക്കകം അന്തിമ തീരുമാനമെടുക്കും.
*ഉപദേശക സമിതി സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ തടവുകാരനെ ഉടന്‍ വിട്ടയയ്ക്കും.
*കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ഉത്തരവ് എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാം. എന്നാല്‍ ഇതേ വ്യക്തിയെ മറ്റൊരു ഉത്തരവില്‍ തടങ്കലില്‍ വെക്കുന്നതിന് തടസമില്ല.
*ജാമ്യത്തിന് വ്യവസ്ഥയില്ല. നിശ്ചിത സമയത്തേയ്ക്ക് ഉപാധികളോടെ താത്കാലികമായി വിട്ടയയ്ക്കാം. തിരികെ ഹാജരായില്ലെങ്കില്‍ രണ്ടു വര്‍ഷം വരെ തടവു ശിക്ഷയും പിഴയും ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.