ബീജിങ്: മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്തേക്കു കൊണ്ടുപോയി. വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യത്തിലാണ് രണ്ടു സുരക്ഷാ ഭടന്മാര്‍ ഹുവിനെ വേദിക്കു പുറത്തേക്കു കൊണ്ടു പോയത്. ഹുവിനെ കോണ്‍ഗ്രസ് വേദിയില്‍ നിന്നു പുറത്താക്കിയതാണെന്നാണ് സൂചന. എന്നാല്‍ ഇതില്‍ ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.
പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ തൊട്ടടുത്ത് ഇരിക്കുകയായിരുന്ന ഹു ജിന്റാവോയെ രണ്ടു സുരക്ഷാ ഭടന്മാര്‍ എത്തി പുറത്തേക്കു കൊണ്ടുപോവുന്ന വിഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. എഴുപത്തിയൊന്‍പതുകാരനായ ഹു ആദ്യ ദിനം മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.
പുറത്തേക്കു പോവാന്‍ അദ്ദേഹം വിസമ്മതിക്കുന്നതും പിന്നെ നിര്‍ബന്ധത്തിനു വഴങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പുറത്തേക്കു പോവുമ്പോള്‍ ഹു തൊട്ടടുത്തിരുന്ന ഷിയോട് എന്തോ പറയുന്നതും പ്രസിഡന്റ് തല കുലുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെയും 2,296 പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നാടകീയ സംഭവം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിനമാണ് ഇന്ന്.
അതിനിടെ പ്രധാനമന്ത്രി ലീ കെക്വിയാങ് ഉള്‍പ്പെടെ നാലു പ്രമുഖരെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. കേന്ദ്ര കമ്മിറ്റിയില്‍ നിന്നും അതുവഴി പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്നും പുറത്താവുന്നതോടെ രാജ്യത്തെ രണ്ടാമത്തെ ശക്തനായ നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമായതായതാണ് കണക്കാക്കപ്പെടുന്നത്.
അറുപത്തിയേഴുകാരനായ ലീ ഒരു ഘട്ടത്തില്‍ ചൈനീസ് പ്രസിഡന്റ് ആവുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന നേതാവാണ്. ഷി ജിന്‍ പിങ് മൂന്നാം തവണയും നേതൃത്വത്തിലേക്കെത്തുമ്പോള്‍ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വക്താവായ ലീ പൂര്‍ണമായും പുറത്താക്കപ്പെട്ടു. 205 അംഗ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ലീ ഉള്‍പ്പെടെ നാലു പ്രമുഖ നേതാക്കളാണ് പുറത്തായത്.
പുനസംഘടനയില്‍ ഏഴു പേരാണ് കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവായത്. ഷീ ജിന്‍ പിങിന് സ്ഥാനത്തു തുടരാന്‍ അനുവദിക്കുന്ന വിധത്തില്‍ പാര്‍ട്ടി ഭരണഘടനയില്‍ വരുത്തിയ മാറ്റം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ദേശീയ അജന്‍ഡ്ക്കും കോണ്‍ഗ്രസ് രൂപം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.