ഡാലസ് ആശുപത്രിയിലെ വെടിവെയ്പ്പിൽ നഴ്‌സ് ഉൾപ്പെടെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു: പ്രതി കവർച്ചാകേസിൽ പരോളിൽ കഴിയുന്ന ആൾ; ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഡാലസ് ആശുപത്രിയിലെ വെടിവെയ്പ്പിൽ നഴ്‌സ് ഉൾപ്പെടെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു: പ്രതി കവർച്ചാകേസിൽ പരോളിൽ കഴിയുന്ന ആൾ; ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഡാലസ്: ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ വെടിവെയ്പ്പിലെ പ്രതി നെസ്റ്റർ ഹെർണാണ്ടസിനെതിരെ കൊലക്കുറ്റം ചുമത്തി. ഒരു നഴ്‌സ് ഉൾപ്പെടെ രണ്ട് ജീവനക്കാർ വെടിയേറ്റ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.

ആക്രമണത്തിന് പിന്നാലെ പ്രതിയുമായി മെത്തഡിസ്റ്റ് ഹെൽത്ത് സിസ്റ്റം പൊലീസ് ഏറ്റുമുട്ടിയിരുന്നു. ഒടുവിൽ വെടിവെച്ചാണ് പോലീസ് 30 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതെന്നും ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

വെടിയേറ്റു പരുക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കവർച്ചാ കേസുമായി ബന്ധപ്പെട്ട് ജയിലിൽ ആയിരുന്ന നെസ്റ്റർ അടുത്തിടെയാണ് പരോളിൽ ഇറങ്ങിയത്. ആക്ടീവ് ആങ്കിൾ മോണിറ്റർ ഉൾപ്പെടെയായിരുന്നു ഇയാൾ പുറത്തിറങ്ങിയത്.

എന്താണ് അക്രമത്തിനു പിന്നിലുള്ള കാരണമെന്നു വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട രണ്ടു പേരും പ്രസവ വാർഡിലുള്ളവർ ആയിരുന്നുവെന്നാണ് സൂചന. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം പ്രാദേശിക സമയം ഏകദേശം 11:15 നാണ് ദാരുണ സംഭവം. നോർത്ത് ബെക്ക്ലി അവന്യുവിലെ 1400 ബ്ലോക്കിലാണ് വെടിവയ്പ്പ് നടന്നത്. ഉടൻ സ്ഥലത്ത് എത്തിയ മെത്തഡിസ്റ്റ് ഹെൽത്ത് സിസ്റ്റം പോലീസ് ഉദ്യോഗസ്ഥൻ ഇവിടെ സംശയാസ്പദമായി കണ്ട പ്രതിയെ നേരിടുകയും ഒടുവിൽ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഞങ്ങളുടെ പ്രിയപ്പെട്ട രണ്ട് കുടുംബാംഗങ്ങളുടെ നഷ്ടത്തിൽ മെത്തഡിസ്റ്റ് ഹെൽത്ത് സിസ്റ്റത്തിന്റെ ഹൃദയം തകർന്നിരിക്കുന്നുവെന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. സങ്കൽപ്പിക്കാനാവാത്ത ഈ ദുരന്തത്തിൽ ഞങ്ങളുടെ മുഴുവൻ സ്ഥാപനവും ദുഃഖിക്കുകയാണ്.

ഞങ്ങളുടെനിലവിൽ ആശുപത്രിയിൽ കഴിയുന്ന രോഗികളും ജീവനക്കാരും മെത്തഡിസ്റ്റ് ഡാളസ് മെഡിക്കൽ സെന്ററിൽ സുരക്ഷിതമാണ്. മറ്റ് ഭീഷണികളൊന്നും നിലനിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നഷ്ടപ്പെട്ട സഹപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പരാജയമാണിതെന്ന് ഡാലസ് പൊലീസ് ചീഫ് എഡ്ഡി ഗ്രാഷ്യ പ്രതികരിച്ചു. അന്വേഷണത്തിൽ സഹായിക്കാൻ ഡാലസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ഹോമിസൈഡ് യൂണിറ്റും പ്രത്യേക അന്വേഷണ വിഭാഗവും രംഗത്തുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.