ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രി ചാൾസ് മൂന്നാമൻ രാജാവിന് രാജികത്ത് കൈമാറി; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിഷി സുനകിന് ഒപ്പമെന്ന് ലിസ് ട്രസ്

ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രി ചാൾസ് മൂന്നാമൻ രാജാവിന് രാജികത്ത്  കൈമാറി; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിഷി സുനകിന് ഒപ്പമെന്ന് ലിസ് ട്രസ്

ലണ്ടൻ: മാർഗരറ്റ് താച്ചർ, തെരേസ ​മേയ് എന്നിവരുടെ പിൻമുറക്കാരിയായി ബ്രിട്ടന്റെ പ്രധാനമന്ത്രിയായ ലിസ് ട്രസ് ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമൻ രാജാവിന് ഔദ്യോഗികമായി രാജികത്ത് കൈമാറി. റഷ്യൻ അധിനിവേശത്തിൽ യുക്രെയ്‌നൊപ്പം പോരാടുമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിഷി സുനകിന് ഒപ്പം നിൽക്കുമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ലിസ് ട്രസ് സൂചിപ്പിച്ചു.

പ്രാദേശിക സമയം 10.15ന് ഡൗണിങ് സ്ട്രീറ്റിലെ വസതിക്കു മുന്നിലാണ് ലിസ് ട്രസ് വിടവാങ്ങൽ പ്രസംഗം നടത്തിയത്. താൻ ബ്രിട്ടന്റെ ഏറ്റവും കുറവ് കാലയളവിൽ ഭരിക്കേണ്ടി വന്ന പ്രധാനമന്ത്രിയാണെന്നും രാജ്യം ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ലിസ് ട്രസ് പറഞ്ഞു. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പരിശ്രമിക്കുക എന്നത് എല്ലാവരുടേയും ഉത്തരവാദിത്വമാണ്.

താൻ അതിന് നടത്തിയ പരിശ്രമത്തിന് വേണ്ട പിന്തുണ ലഭിക്കാത്തതിൽ പക്ഷെ നിരാശയില്ല. ദേശീയ നികുതി വർദ്ധനയെ കുറയ്‌ക്കാൻ വലിയ ശ്രമമാണ് നടത്തിയത്. സാധാരണക്കാരായ കച്ചവടക്കാരേയും ഉദ്യോഗസ്ഥരേയും ബാധിക്കുന്ന നികുതി ഘടന വെട്ടിക്കുറയ്‌ക്കാനായി. തനിക്ക് പിന്നാലെ എത്തുന്ന റിഷി സുനകിന് ഭരണം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നതിൽ ഏറെ പ്രതീക്ഷയുണ്ട്.

എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും ലിസ് ട്രസ് പറഞ്ഞു. അന്താരാഷ്‌ട്ര തലത്തിൽ ബ്രിട്ടൻ നിലവിലെ ഭരണസംവിധാനത്തിൽ ഉറച്ചുനിൽക്കുമെന്ന് പറഞ്ഞ ലിസ് ട്രസ് യൂറോപ്യൻ യൂണിയനിലേയ്‌ക്ക് തിരികെ പോകുമെന്ന ഒരു സൂചനയും നൽകിയില്ല. അതേ സമയം യുക്രെയ്‌ന്റെ രക്ഷയ്‌ക്കായി പരിശ്രമിക്കുമെന്നും അവർ ആവർത്തിച്ചു.

യൂറോപ്യൻ യൂണിയനൊപ്പം നിന്ന് യുക്രെയ്‌നിന് വേണ്ടി റഷ്യയ്‌ക്കെതിരെ പോരാടുമെന്ന് ലിസ് ട്രസ് പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. അവസാന ക്യാബിനറ്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് പദവികൾ കൈമാറിയ ശേഷമാണ് പ്രധാനമന്ത്രി ഓഫീസിന് മുന്നിൽ വിടവാങ്ങൽ പ്രസംഗം നടത്തിയത്. 44 ദിവസം മാത്രം പ്രധാനമന്ത്രി കസേരയിൽ ഇരുന്ന ശേഷമാണ് പാർട്ടിക്കുള്ളിലെ നീരസം പ്രകടമായതോടെ ലിസ് ട്രസ് സ്വയം രാജിവെച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.