കേപ്പ് കനവറൽ: ചൊവ്വ ഗ്രഹത്തിൽ ഉൽക്കാപതനത്തെ തുടർന്ന് വൻ ഗർത്തമുണ്ടായതായി നാസയുടെ ബഹികാശ പേടകങ്ങൾ കണ്ടെത്തി. ഗർത്തത്തിന് 150 മീറ്റർ വലിപ്പവും 21 മീറ്റർവരെ ആഴവുമുണ്ട്. മാത്രമല്ല ഉൽക്കാപതനത്തിന്റെ ആഘാതത്തിൽ ആ പ്രദേശത്തെ മണ്ണും ഐസുമെല്ലാം 40 കിലോമീറ്റർ വരെ (ഏകദേശം 25 മൈൽ) അകലേക്ക് തെറിച്ചുപോവുകയും ചെയ്തുവെന്നും മാലിൻ സ്‌പേസ് സയൻസ് സിസ്റ്റംസിലെ മുതിർന്ന ശാസ്ത്രജ്ഞയായ ലിലിയ പോസിയോലോവ പറഞ്ഞു.
ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തിൽ ചൊവ്വയിലുണ്ടായ ഗർത്തത്തെ അളന്നാണ് ഉൽക്കയുടെ വലിപ്പം നിശ്ചയിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഏകദേശം 5 മുതൽ 12വരെ മീറ്റർ (16 അടി മുതൽ 40 അടി വരെ) വലിപ്പം ഉൽക്കയ്ക്ക് ഉണ്ടായിരുന്നിരിക്കാമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ഗർത്തമുണ്ടാക്കിയ ആഘാതങ്ങൾ ചൊവ്വയുടെ ഉപരിതലത്തിലും ഭ്രമണപഥത്തിലുമായി ചലിക്കുന്ന നാസയുടെ രണ്ട് ബഹിരാകാശ പേടകങ്ങളായ ഓർബിറ്ററും ലാൻഡറും ആണ് രേഖപ്പെടുത്തിയത്. 2021 ഡിസംബർ 24 ന് ഉണ്ടായ ഉൽക്കാപതനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ എടുത്തത് ചൊവ്വയുടെ ചുറ്റും കറങ്ങുന്ന മാർസ് റക്കനൈസൻസ് ഓർബിറ്റർ ആണ്.
ഉൽക്കാപതനത്തെ തുടർന്ന് നാസയുടെ ഇൻസൈറ്റ് ലാൻഡറിൽ 4 വരെ തീവ്രത (മാഗ്നിറ്റ്യൂഡ്ഡ്) രേഖപ്പെടുത്തിയ ചലനവും ഗ്രഹത്തിന് ഉണ്ടായതായും സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളിൽ വ്യക്തമാക്കുന്നു.
ചൊവ്വയിൽ മനുഷ്യർ പേടകങ്ങൾ അയച്ച് പര്യവേക്ഷണം തുടങ്ങിയതിന് ശേഷം ഇത്രയും വ്യക്തമായൊരു ഉൽക്കാപതനം ദൃശ്യമായിട്ടില്ലെന്നാണ് നാസ വ്യക്തമാക്കുന്നത്. മാർസ് റക്കനൈസൻസ് ഓർബിറ്റർ എടുത്ത ഉൽക്കാപതനത്തിനു മുൻപും ശേഷവുമുള്ള രണ്ടു ചിത്രങ്ങൾ പരിശോധിച്ചാണ് സയന്റിസ്റ്റുകൾ ഈ നിഗമനത്തിലേക്ക് എത്തിച്ചേർന്നത്.
സൗരയൂഥം മുഴുവൻ പരിശോധിച്ചാലും അടുത്ത കാലത്തതായി ഇത്രയും വലിയൊരു ഗർത്തം ഉണ്ടായതായി കാണാൻ കഴിയില്ലെന്നാണ് ചിത്രങ്ങളുടെയും ഇൻസൈറ്റ് പേടകത്തിൽ നിന്നു ലഭിച്ച ഡാറ്റയുടെയും അടിസ്ഥാനത്തിൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പേപ്പറുകളിലൊന്നിന്റെ പ്രധാന രചയിതാവായ ഫിലിപ്പ് ലോഗ്നോനെ പറഞ്ഞു.
ചൊവ്വയിലുണ്ടായ ഗർത്തം (അനിമേഷൻ)
ഉൽക്കയുടെ ഉത്ഭവം അജ്ഞാതമാണെങ്കിലും അവ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിൽ നിന്നാകാം എത്തിയിരിക്കുകയെന്നും ലോഗ്നോനെ വ്യക്തമാക്കി. അതേസമയം ഭൂമിയായിരുന്നു ഉൽക്കയുടെ ലക്ഷ്യമെങ്കിൽ അത് ഭൂനിരപ്പിൽ എത്തുന്നതിന് മുമ്പേ കത്തി തീർന്നിരിക്കും. എന്നാൽ ചൊവ്വയ്ക്ക് കരുത്തുറ്റ അന്തരീക്ഷം ഇല്ലാതിരുന്നതിനാലാണ് ഉൽക്ക ഗ്രഹത്തിൽ പതിച്ചതെന്നും അതിന്റെ തീവ്രത ഇത്രയും വർദ്ധിച്ചതെന്നും ഗവേഷകർ വിശദീകരിച്ചു.
ഉൽക്ക വന്ന് ചൊവ്വയിൽ ഇടിച്ചിറങ്ങിയതിനോടൊപ്പം പ്രധാനപ്പെട്ട മറ്റൊരു കണ്ടെത്തലും നാസയുടെ മാർസ് റക്കനൈസൻസ് ഓർബിറ്റർ ചിത്രീകരിക്കുകയുണ്ടായി. ഇടിയുടെ ആഘാതത്തിൽ വലിയൊരളവിൽ ചൊവ്വയുടെ ഉപരിതലത്തിലേക്ക് വാട്ടർ ഐസ് ചിതറി തെറിച്ചു കിടക്കുന്നതാണ് സുപ്രധാന കണ്ടെത്തൽ.
ചൊവ്വയുടെ ഉപരിതലത്തിനടിയിൽ ഐസ് ഉണ്ടെന്ന കാര്യം മുമ്പേ കണ്ടുപിടിക്കപ്പെട്ടതാണ്. എന്നാൽ മധ്യരേഖയോടു ചേർന്ന ഭാഗത്ത് ഇത്രയുമധികം ഐസ് കാണപ്പെടുന്നതാണ് കൂടുതൽ ആവേശം പകരുന്നത്. വരുംകാല ദൗത്യങ്ങൾക്ക് ഈ കണ്ടെത്തൽ വലിയ സഹായമാകും.
ജലം ഐസായി കിടപ്പുണ്ട് എന്നത് ചൊവ്വയിലിറങ്ങാൻ പോകുന്ന ഗവേഷകർക്ക് വലിയ ആശ്വസമായിരിക്കും. ജലം എന്നാൽ ഗ്രഹാന്തരദൗത്യങ്ങളിൽ വെറും കുടിവെള്ളം മാത്രമല്ല. ഹൈഡ്രജനും ഓക്സിജനുമായി വേർതിരിച്ച് ഗവേഷകർക്ക് ഇന്ധനമുണ്ടാക്കാൻ കൂടിയുള്ള സാധ്യത കൂടിയാണ് കണ്ടെത്തൽ.
ഉൽക്ക പതനം ഡിസംബർ മാസത്തിൽ സംഭവിച്ചതാണെങ്കിലും അത് കണ്ടെത്തിയത് ഫെബ്രുവരി 11-നാണ്. പിന്നീട് നിരവധി കണക്കുകൂട്ടലുകൾക്കു ശേഷമാണ് പതനം നടന്നത് ഡിസംബർ 24നാണ് എന്ന് ഉറപ്പിച്ചത്. ഇൻസൈറ്റ് ലാൻഡറിൽനിന്നുള്ള ഡാറ്റ ഇതിനെ സഹായിക്കുകയും ചെയ്തുവെന്നും ശാസ്ത്രജ്ഞയായ ലിലിയ പോസിയോലോവ പറഞ്ഞു.
ഇൻസൈറ്റ് മാർസ് ലാൻഡർ റെക്കോർഡ് ചെയ്‌ത സിഗ്നലുകളുടെ സീസ്‌മോഗ്രാമും സോണിഫിക്കേഷനും ഉപയോഗിച്ച് ഉണ്ടാക്കിയ ശബ്ദരേഖ
ലാൻഡറിൽനിന്നും ഏകദേശം 2,200 മൈൽ (3,500 കിലോമീറ്റർ) അകലെയാണ് ഉൽക്കാപതനം ഉണ്ടായത്. ഭൂകമ്പ നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് നാലുവർഷമായി ചൊവ്വയുടെ ഉപരിതലത്തിൽ ഉള്ള നാസയുടെ ഇൻസൈറ്റ് ലാൻഡറിന് കുറച്ചു മാസങ്ങളായി പ്രവർത്തിക്കാൻ അവശ്യമായ ഊർജ്ജം നൽകാൻ സോളാർപാനലുകൾക്കു കഴിയുന്നില്ല എന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ട് തന്നെ ഇൻസൈറ്റ് ദൗത്യം ഏതാണ്ട് അവസാനിപ്പിച്ചതായിത്തന്നെ പറയാം.
ചൊവ്വയിലെ പൊടിയും പൊടിക്കാറ്റും അത്രയുമധികം ഇൻസൈറ്റിനെ ബാധിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെയായി ഇൻസൈറ്റ് നൽകിയ ഡാറ്റ ചെറുതൊന്നുമല്ല. 2018 ൽ ഗ്രഹത്തിൽ ഇറങ്ങിയതിന് ശേഷം ഇതുവരെ 1,300 അധികം മാർസ്ക്വേക്കുകൾ അല്ലെങ്കിൽ ചൊവ്വാകുലുക്കങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ പലതും ഇനി പഠനവിധേയമാക്കാൻ കിടക്കുന്നേയുള്ളൂ.
ഇൻസൈറ്റ് പ്രവർത്തനം നിർത്തിയാലും അതുവരെ ലഭ്യമാകുന്ന ചിത്രങ്ങളുടെയും മാറ്റ് രേഖകളുടെയും അടിസ്ഥാനത്തിൽ കണ്ടെത്തലുകൾ തുടർന്നുകൊണ്ടേയിരിക്കും എന്നു ചുരുക്കം. ഇനി ഇൻസൈറ്റുമായുള്ള ആശയവിനിമയം നഷ്ടപ്പെടുമ്പോൾ അത് വളരെയധികം വേദന നൽകുമെന്നും നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ബ്രൂസ് ബാനെർഡ്റ്റ് പറഞ്ഞു. ലാൻഡറിലെ വൈദ്യുതി തീരുന്നതിന് നാല് മുതൽ എട്ട് ആഴ്ച വരെ സമയമുണ്ടെന്നാണ് ബാനർഡ്റ്റിന്റെ കണക്കുകൂട്ടൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.