ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്റെ മികച്ച ഉദാഹരണമായി ഓര്‍മ്മിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
പഹല്‍ഗാമില്‍ നിരപരാധികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം ഭീരുത്വവും തികച്ചും മനുഷ്യത്വരഹിതവുമായിരുന്നു. രാഷ്ട്രത്തെ സംരക്ഷിക്കുന്നതില്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ നമ്മുടെ സായുധ സേന തയ്യാറാണെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചു. ഭീകരതയ്ക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തിലെ മികച്ച ഉദാഹരണമായി ചരിത്രത്തില്‍ ഇത് ഇടം നേടും.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഒറ്റക്കെട്ടായി പ്രതികരിച്ചു. ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് ഏറ്റവും അനുയോജ്യമായ മറുപടി അതായിരുന്നു. ഇന്ത്യ ആദ്യം ആക്രമിക്കുകയില്ല, എന്നാല്‍ നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കായി തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന ഇന്ത്യയുടെ നിലപാട് ലോകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.
സ്വാതന്ത്ര്യലബ്ദിയുടെ സമയത്ത് ഇന്ത്യ കൊടും ദാരിദ്ര്യത്തിലായിരുന്നു. എന്നാല്‍ അതിനുശേഷമുള്ള 78 വര്‍ഷത്തിനിടയില്‍, എല്ലാ മേഖലകളിലും നമ്മള്‍ അസാധാരണമായ പുരോഗതി കൈവരിച്ചു. ഇന്ത്യ ഒരു സ്വാശ്രയ രാഷ്ട്രമായി മാറാനുള്ള പാതയിലാണ്. ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, രാജ്യവിഭജനം വരുത്തിവെച്ച വേദന ഒരിക്കലും മറക്കരുത്. വിഭജനം കാരണം ഭയാനകമായ അക്രമങ്ങള്‍ അരങ്ങേറി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. ചരിത്രത്തിലെ തെറ്റുകള്‍ക്ക് ഇരയായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.