ന്യൂഡല്‍ഹി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സ്വര്‍ണക്കടത്ത് കേസില്‍ നിയമ പോരാട്ടത്തിനായി പിണറായി സര്‍ക്കാര്‍ ചിലവഴിക്കുന്നത് കോടികള്‍.
സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന് ഫീസായി നല്‍കുന്നത് 15.5 ലക്ഷം രൂപ. കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന് ഓരോ തവണ ഹാജരാകുമ്പോഴും നല്‍കുന്ന ഫീസാണിത്.
ദൈനംദിന ചിലവിനും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാതെ കോടികള്‍ വായ്പയെടുക്കുന്നതിനിടെയാണ് കോടതി വ്യവഹാരങ്ങള്‍ക്കായി സര്‍ക്കാര്‍ വലിയ തുക ധൂര്‍ത്തടിക്കുന്നത്. 1000 കോടി രൂപാ വീതം അടുത്തയിടെ രണ്ടു വട്ടം കടമെടുത്തതിനു പിന്നാലെ ഇക്കഴിഞ്ഞ ദിവസം 2000 കോടി കൂടി കടം വാങ്ങിയിരുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ പത്തിന് സുപ്രീം കോടതിയില്‍ ഹാജരായ കബില്‍ സിബലിന് 15.5 ലക്ഷം രൂപ കൈമാറാനുള്ള ഉത്തരവ് സംസ്ഥാന നിയമ സെക്രട്ടറി വി.ഹരി നായര്‍ പുറത്തിറക്കി. 1978 ലെ കെജിഎല്‍ഒ ചട്ടത്തിലെ 42 (1) വകുപ്പ് പ്രകാരമാണ് ഫീസ് നല്‍കാനുള്ള ഉത്തരവ് സംസ്ഥാന നിയമ സെക്രട്ടറി പുറത്തിറക്കിയത്.
ഈ തുക സിബലിന് കൈമാറാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇ.ഡിയുടെ ഹര്‍ജി സുപ്രീം കോടതി ഇനി പരിഗണിക്കുന്നത് നവംബര്‍ മൂന്നിനാണ്. അന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാക്കുന്നത് സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.