സിഡ്‌നി: ഓപ്റ്റസിനും മെഡിബാങ്കിനും പിന്നാലെ ഓസ്‌ട്രേലിയൻ പ്രതിരോധ വകുപ്പിന്റെ പ്രധാനപ്പെട്ട വെബ്‌സൈറ്റുകൾക്ക് നേരെയും സൈബർ ആക്രമണം. ഓസ്‌ട്രേലിയൻ സൈന്യം ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഫോഴ്സ്‌നെറ്റ് സൈബർ ആക്രമണത്തിൽ തകർന്നതിനെ തുടർന്ന് ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കാമെന്ന് ഭയപ്പെടുന്നതായി ഉന്നത പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
സുരക്ഷിതമായ ഓൺലൈൻ കമ്മ്യൂണിറ്റികളിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളെ ബന്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ഡിഫൻസ് ഇ-കമ്മ്യൂണിക്കേഷൻ ഉപകരണമാണ് ഫോഴ്സ്നെറ്റ്. കൂടാതെ ഓസ്‌ട്രേലിയൻ പ്രതിരോധ വകുപ്പിന്റെ സുരക്ഷിതമായ സോഷ്യൽ മീഡിയയും സ്റ്റാഫ് കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോം കൂടിയാണിത്.
എക്‌സ്‌റ്റേണൽ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി (ഐസിടി) ദാതാവ് നടത്തുന്ന ഫോഴ്‌സ്‌നെറ്റ് സേവനത്തെ ഹാക്കർമാർ ആക്രമിച്ചതായാണ് റിപ്പോർട്ട്. 40,000 റെക്കോർഡുകൾ വരെ ഫോഴ്‌സ്നെറ്റ് കൈവശം വച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി മാറ്റ് കിയോഗ് പറഞ്ഞു.
നിലവിലെ അല്ലെങ്കിൽ മുൻ ഉദ്യോഗസ്ഥരുടെ ഡാറ്റ ഹാക്ക് ചെയ്തതായി തോന്നുന്നില്ലെന്ന് കമ്പനി തുടക്കത്തിൽ പ്രതിരോധ വകുപ്പിനോട് വിശദീകരിച്ചിരുന്നു. എങ്കിലും ജനനത്തീയതി, ലിസ്റ്റിംഗ് തീയതി തുടങ്ങിയ ചില സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടിരിക്കാമെന്ന് വകുപ്പ് വിശ്വസിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2018-ൽ ഫോഴ്‌സ്നെറ്റ് അക്കൗണ്ട് ഉണ്ടായിരുന്നവരുടെ ഡാറ്റകളാണ് മോഷ്ടിക്കപ്പെട്ടത് എന്നാണ് കരുതുന്നത്.
വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രതിരോധ സെക്രട്ടറിയും പ്രതിരോധ മേധാവിയും എല്ലാ ജീവനക്കാർക്കും അയച്ച സന്ദേശത്തിൽ പറഞ്ഞു. കൂടാതെ ഫോഴ്‌സ്നെറ്റ് ഹാക്ക് ചെയ്തത് പ്രതിരോധ വകുപ്പിന്റെ ഐടി സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണമല്ലെന്നും സന്ദേശത്തിൽ ഉറപ്പിച്ചു പറഞ്ഞു.
റാന്‍സംവെയര്‍ ആക്രമണത്തിന്റെ വ്യാപ്തി നിർണ്ണയിക്കാൻ ദാതാവുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. നിലവിലുള്ളതും മുൻ ഓസ്‌ട്രേലിയൻ പബ്ലിക് സർവീസ് (എപിഎസ് ) സ്റ്റാഫുകളുടെയും എഡിഎഫ് ഉദ്യോഗസ്ഥരുടെയും ഡാറ്റയെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ടെലികമ്യൂണിക്കേഷൻ കമ്പനികൾ മുതൽ ആരോഗ്യ ഇൻഷുറർമാർ വരെയുള്ളവർക്കെതിരെ കഴിഞ്ഞ ആഴ്ചകളിൽ സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. മെഡിബാങ്കിന് നേരെയുള്ള സൈബർ ആക്രമണത്തിൽ കുറഞ്ഞത് 4 ദശലക്ഷം ഉപഭോക്താക്കളുടെ ഡാറ്റയിലേക്ക് ആക്‌സസ് ഉണ്ടെന്ന് അധികൃതർ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചിരുന്നു. ഹാക്കര്‍മാര്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും അല്ലെങ്കില്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ മാസം ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ ടെലികോം ഭീമനായ ഓപ്റ്റസിന് നേരെയുള്ള സൈബർ ആക്രമണത്തിന് പിന്നാലെയാണ് ഈ ആക്രമണവും നടന്നത്. ഒപ്റ്റസിനു നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ഏകദേശം 10 ദശലക്ഷത്തോളം നിലവിലുള്ള ഉപയോക്താക്കളുടെയും മുന്‍ ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിരുന്നു.
ഓസ്ട്രേലിയയിലെ 26 ദശലക്ഷത്തിലധികം ജനസംഖ്യയുടെ മൂന്നിലൊന്ന് പേരുടെയും സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടത് ജനങ്ങള്‍ക്കും സര്‍ക്കാരിനും കനത്ത പ്രഹരമായി മാറി. ഇതേതുടര്‍ന്ന് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് ഡ്രെഫസ് സ്വകാര്യതാ നിയമത്തില്‍ ഭേദഗതികള്‍ അവതരിപ്പിച്ചിരുന്നു.
സ്വകാര്യതാ നിയമത്തിന്റെ ഗുരുതരമായ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ 2.2 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറില്‍ നിന്ന് 50 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറായി വര്‍ധിപ്പിക്കാനാണ് നീക്കം. സര്‍ക്കാരുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും മറ്റ് ഓര്‍ഗനൈസേഷനുകള്‍ക്കും ഓസ്ട്രേലിയക്കാരുടെ സ്വകാര്യ ഡാറ്റ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. അടുത്ത കാലത്ത് നടന്ന സൈബര്‍ ആക്രമണങ്ങള്‍ ഓസ്ട്രേലിയക്കാര്‍ക്ക് സാമ്പത്തികവും വൈകാരികവുമായ ദോഷം വരുത്താന്‍ സാധ്യതയുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നും മാര്‍ക്ക് ഡ്രെഫസ് കൂട്ടിച്ചേര്‍ത്തു.
എന്താണ് റാന്‍സംവെയര്‍?
കടത്തികൊണ്ടുപോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്നതിനാണ് റാന്‍സം (Ransom) എന്നുപറയുക. ഇതിന്റെ ഡിജിറ്റല്‍ പതിപ്പാണ് റാന്‍സംവെയര്‍ (Ransomware). ഉപയോക്താവിന്റെ ഫയലുകള്‍ ആ കമ്പ്യൂട്ടറിൽ തന്നെ എന്‍ക്രിപ്റ്റ് ചെയ്തിടും. ഡേറ്റ അവിടെത്തന്നെയുണ്ടാക്കും എന്നാൽ ഉപയോഗിക്കാൻ കഴിയില്ല. ഡീക്രിപ്ഷന്‍ നടത്തിയാലെ ഈ ഡേറ്റ പഴയപടിയാകൂ. അതിനാവശ്യമായ പാസ്‌വേഡ് നൽകി ആ കമ്പ്യൂട്ടർ, സെർവർ അല്ലെങ്കിൽ മൊബൈലിനെ പഴയ രീതിയിൽ ആക്കിമാറ്റാന്‍ ഹാക്കർ പണം ആവശ്യപ്പെടും. പണം നൽകിയാൽ ഡാറ്റ തിരികെയെടുക്കാം അല്ലെങ്കിൽ അത് ഹാക്കറുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കപ്പെടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.