വിരാട് കോലിയുടെ ഹോട്ടൽ മുറിയിൽ കയറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ അതൃപ്തിയുമായി ഐസിസി

വിരാട് കോലിയുടെ ഹോട്ടൽ മുറിയിൽ കയറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ അതൃപ്തിയുമായി ഐസിസി

ദുബായ്: ഓസ്‌ട്രേലിയയിലെ പെർത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഹോട്ടൽ മുറിയിൽ ആരാധകൻ കയറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). സംഭവത്തിന് ഉത്തരവാദികളായ ജോലിക്കാരെ പുറത്താക്കിയതായി ഹോട്ടൽ ക്രൗണിന്റെ മാനേജ്‍മെന്റ് അറിയിച്ചു.

വിരാട് കോലിയുടെ സ്വകാര്യത ലംഘിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിൽ ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭരണ സമിതി അവിശ്വസനീയമാംവിധം നിരാശരാണെന്ന് ഐസിസി വക്താവ് പറഞ്ഞു. പെർത്തിലെ ക്രൗൺ ഹോട്ടലിലെ മുറിയിൽ ഇന്ത്യൻ ടീം അംഗം നേരിട്ട സ്വകാര്യതയിലേക്കുള്ള കടുത്ത കടന്നുകയറ്റത്തിൽ ഐസിസി നിരാശരാണ്. സംഭവം ഇനി ഒരിക്കൽപോലും ആവർത്തിക്കപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകും.

എല്ലാ ക്രിക്കറ്റ് ടീം അംഗങ്ങളുടെ സ്വകാര്യത എപ്പോഴും പൂർണ്ണമായി മാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ അവർക്ക് താമസമൊരുക്കുന്ന ഹോട്ടലുകളുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും തുടർന്നും പ്രവർത്തിക്കുമെന്നും ഐസിസി വക്താവ് വിശദീകരിച്ചു.

ഐസിസിയുമായോ ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായോ ഇന്ത്യൻ ടീം വിഷയത്തെ കുറിച്ച് പരാതി നൽകിയിട്ടില്ല. എന്നാൽ ഹോട്ടൽ അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് സംഭവത്തിന് ഉത്തരവാദികളായ ജോലിക്കാരെ പുറത്താക്കിയിരുന്നു.

അതിഥിയോട് നിരുപാധികമായി ക്ഷമ ചോദിക്കുന്നുവെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി തുടരുമെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ തുടരുമെന്നും ക്രൗൺ ഹോട്ടലിന്റെ മാനേജ്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ ക്രൗൺ ഉടനടി നടപടികൾ സ്വീകരിച്ചു. ഉൾപ്പെട്ട വ്യക്തികളെ ക്രൗൺ ജോലിയിൽ നിന്ന് നീക്കം ചെയ്തതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കൂടാതെ ആരാധകൻ പകർത്തിയ യഥാർത്ഥ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് വേഗത്തിൽ നീക്കം ചെയ്യുകയും ചെയ്തു. വിഷയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനോടും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോടും ക്ഷമാപണം അറിയിക്കുന്നു. അന്വേഷണം പുരോഗമിക്കുമ്പോൾ പൂർണ്ണമായും സഹകരിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 2022 ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിലെ ഗ്രൂപ്പ് 2 മത്സരത്തിനായി ഞായറാഴ്ച പെർത്തിൽ എത്തിയ കോലിയുടെ ഹോട്ടൽമുറിയിൽ ആരാധകൻ അതിക്രമിച്ച് കടന്ന് വീഡിയോ പകർത്തി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.