മ്യൂസിയത്തില്‍ യുവതിയെ ആക്രമിച്ചതും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ തന്നെ; പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു

മ്യൂസിയത്തില്‍ യുവതിയെ ആക്രമിച്ചതും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ തന്നെ; പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു

തിരുവനന്തപുരം: മ്യൂസിയത്തില്‍ യുവതിയെ ആക്രമിച്ചതും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സന്തോഷ് തന്നെയെന്ന് വ്യക്തമായി.  പരാതിക്കാരി  പ്രതിയെ തിരിച്ചറിഞ്ഞു. സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനത്തിലെത്തിയാണ് ഇയാള്‍ അതിക്രമം കാണിച്ചത്. ഇന്നോവ കാറിന്റെ ബോര്‍ഡ് മറച്ചിരുന്നു.

നേരത്തെ കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മ്യൂസിയത്തില്‍ ലൈംഗികാതിക്രമം നടത്തിയതും സന്തോഷാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പരാതിക്കാരിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സന്തോഷിനെ കണ്ട പരാതിക്കാരി, ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്തില്‍ വെച്ച് വനിതാ ഡോക്ടര്‍ക്കെതിരേ അതിക്രമം ഉണ്ടാകുന്നത്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ഇന്നോവ വാഹനം കവടിയാര്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം കുറവന്‍കോണത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. അതിനുശേഷം പുലര്‍ച്ചെ മ്യൂസിയത്തെത്തി യുവതിയ്ക്കെതിരെ അതിക്രമം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞ ദിവസം രാത്രി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പോലീസ് ചോദിച്ചപ്പോള്‍ ഇയാള്‍ ആദ്യം കുറ്റം നിഷേധിച്ചു. പിന്നീട് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച രേഖകളും ഇയാള്‍ ഉപയോഗിച്ചിരുന്ന ഇന്നോവ വാഹനം തുടങ്ങി ശാസ്ത്രീയ തെളിവുകളെല്ലാം പൊലീസ് നിരത്തിയതോടെ സന്തോഷ് കുറ്റം സമ്മതിക്കുകയായിരുന്നു.

ജലവിഭവ വകുപ്പ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ താത്കാലിക ജോലിക്കാരനാണ് സന്തോഷ്. ഇയാളെ ജോലിയില്‍ നിന്ന് ഉടന്‍ പിരിച്ചു വിടാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.