കൊച്ചി: രാജി വെക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത സര്‍വകലാശാല വിസിമാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ചാന്‍സിലര്‍ അടക്കമുള്ള എതിര്‍ കക്ഷികളോട് വിശദീകരണം തേടി. ഹര്‍ജികള്‍ നാളെ വീണ്ടും പരിഗണിക്കും. ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ട വിസിമാരില്‍ ഏഴ് പേരാണ് കാരണം കാണിക്കല്‍ നോട്ടീസിനെതിരെ കോടതിയെ സമീപിച്ചത്.
കേരളാ സാങ്കേതിക സര്‍വകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ കേരളത്തിലെ മറ്റ് വിസിമാര്‍ക്കെതിരെയും നടപടി തുടങ്ങിയത്. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വിസി നിയമനങ്ങളില്‍ യുജിസി ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നും സ്വജനപക്ഷപാതവും അഴിമതിയുമുണ്ടെന്നുമാണ് ഗവര്‍ണറുടെ ആരോപണം.
ഗവര്‍ണര്‍ വിസിമാരോട് രാജി ആവശ്യപ്പെട്ടതിന് പിന്നാലെ വിസിമാര്‍ കോടതിയെ സമീപിച്ചു. ഹര്‍ജികള്‍ പരിഗണിച്ച കോടതി വിസിമാരോട് തല്‍ക്കാലം തുടരാന്‍ നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍, രാജിവെക്കാത്തതിലെ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് വിസിമാര്‍ക്ക് നോട്ടീസയച്ചത്. ഇതിന് സ്റ്റേ ആവശ്യപ്പെട്ടാണ് ഏഴ് വിസിമാര്‍ വീണ്ടും കോടതിയിലെത്തിയത്.
നടപടിക്രമങ്ങള്‍ കോടതിയില്‍ നടക്കുമ്പോഴും വിസിമാര്‍ക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുകയാണ്. നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം വിസിമാരില്‍ നിന്നും തിരിച്ചു പിടിക്കാനാണ് പുതിയ തീരുമാനം.
ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ ഉത്തരവിറക്കും. നിയമനം യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചായതിനാല്‍ ശമ്പളം കൈപ്പറ്റിയതും അനര്‍ഹമായാണെന്ന് വിലയിരുത്തിയാണ് നടപടി.
അതിനിടെ ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാലാ സെനറ്റ് പ്രമേയം പാസാക്കിയതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. സെനറ്റിന് ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ ആകില്ലെന്ന് നിരീക്ഷിച്ച കോടതി ചാന്‍സലര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതില്‍ എതിര്‍പ്പുണ്ടെങ്കില്‍ പ്രമേയം പാസാക്കുകയാണോ വേണ്ടതെന്നും ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.