ഗുജറാത്തില്‍ ഭരണവിരുദ്ധ വികാരം ശക്തം: ബിജെപിയുടെ പ്രതീക്ഷയത്രയും മോഡിയിലും ഷായിലും; കരുതലോടെ കോണ്‍ഗ്രസും എഎപിയും

ഗുജറാത്തില്‍ ഭരണവിരുദ്ധ വികാരം ശക്തം: ബിജെപിയുടെ പ്രതീക്ഷയത്രയും മോഡിയിലും ഷായിലും; കരുതലോടെ കോണ്‍ഗ്രസും എഎപിയും

അഹമ്മദാബാദ്: ഇന്ത്യയിലെ രണ്ട് പ്രമുഖ രാഷ്ട്രീയ ചാണക്യന്‍മാരുടെ സ്വന്തം തട്ടകത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഗുജറാത്ത് വീണ്ടും ദേശീയ ശ്രദ്ധയിലേക്ക്. ഭരണ കക്ഷിയായ ബിജെപിയുടെ അവസാന വാക്കായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പ്രസ്റ്റീജ് ഇലക്ഷനാണ് ഗുജറാത്തിലേത്.

വിജയം എന്നൊന്നല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ പോലും ഇരു നേതാക്കള്‍ക്കുമാകില്ല. അതിനാല്‍ തന്നെ കൃത്യമായ മുന്നൊരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പു തന്നെ ആരംഭിച്ചിരുന്നു. ഇത് മുന്‍കൂട്ടി കണ്ട മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ നേരത്തേ ആരംഭിച്ചു. പഞ്ചാബിന് പിന്നാലെ ഗുജറാത്ത് എന്ന ലക്ഷ്യവുമായി എഎപിയും രംഗത്തുണ്ട്.

2001 മുതല്‍ 2014 വരെ മൂന്നു വട്ടം ഗുജറാത്ത് മുഖ്യമന്ത്രി പദമലങ്കരിച്ച നരേന്ദ്ര മോഡി തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും ബിജെപിയുടെ മുഖ്യ പ്രചാരകന്‍. സംസ്ഥാനത്തിനായി നിരവധി വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് മോഡി ഗുജറാത്തില്‍ ഇതിനോടകം പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പക്ഷേ, നിനച്ചിരിക്കാതെ വന്ന മോര്‍ബി തൂക്കുപാലം ദുരന്തവും അതുമായി ബന്ധപ്പെട്ട അഴിമതിക്കഥകളും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് തെട്ടു മുമ്പ് ബിജെപി പതിവായി നടത്തി വരുന്ന വികസന പദ്ധതികളുടെ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും മുറ പോലെ നടക്കുന്നുണ്ടെങ്കിലും ശക്തമായ ഭരണ വിരുദ്ധ വികാരമാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രതീക്ഷയും ഇതിലാണ്. അതിനാല്‍ തന്നെ ഇത്തവണ തിരഞ്ഞെടുപ്പ് തന്ത്രമൊന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

പതിവ് കോലാഹലങ്ങള്‍ വിട്ട് നിശബ്ദ പ്രചാരണമാണ് മുഖ്യ ആയുധം. രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന ബിജെപി ഭരണത്തിലെ പരാജയങ്ങള്‍ അക്കമിട്ട് നിരത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങുകയാണ്. ഇത് ബിജെപി ക്യാമ്പുകളില്‍ ചെറുതല്ലാത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കിട്ടുന്ന സ്‌പെയ്‌സില്‍ ഇടിച്ചു കയറാന്‍ എഎപിയും കിണഞ്ഞു ശ്രമിക്കുന്നുണ്ട്.

1998 മുതല്‍ 24 വര്‍ഷം തുടര്‍ച്ചായി ഭരിക്കുന്ന ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും മറ്റ് അടിസ്ഥാന പ്രശ്നങ്ങളും നീണ്ട കാലത്തെ ബിജെപി ഭരണത്തില്‍ പരിഹാരമായിട്ടില്ലെന്ന തോന്നല്‍ ജനങ്ങള്‍ക്കുമുണ്ട്.

ബിജെപി എന്നും ഹൈലൈറ്റ് ചെയ്യുന്ന ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ പ്രധാന ആകര്‍ഷണം മികച്ച റോഡുകള്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷമായി റോഡുകളുടെ സ്ഥിതി അതീവ ദയനീയമാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിനോ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളോ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്.

ഗുജറാത്ത് മോഡല്‍ കൊട്ടിഘോഷിക്കുമ്പോഴും ഉള്‍ഗ്രാമങ്ങള്‍ക്ക് വികസനമെന്നത് വെറും മരീചികയാണെന്ന ആരോപണവും ശക്തമാണ്. വിദൂര ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങള്‍ തീരെ കുറവാണ്. മതിയായ പ്രാഥമികാരോഗ്യ കേന്ദങ്ങളും ഡോക്ടര്‍മാരും പല സ്ഥലങ്ങളിലും ഇല്ല.

മഴക്കെടുതിയില്‍ വിളകള്‍ നശിച്ചതിനെ തുടര്‍ന്ന് നഷ്ട പരിഹാരം ലഭിക്കാത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാരിന് എതിരെ കര്‍ഷക സംഘടനകള്‍ സമരത്തിലാണ്. ഗ്രാമങ്ങളില്‍ കര്‍ഷക സമരങ്ങള്‍ക്ക് വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി വലിയ തോതില്‍ ഭൂമി പിടിച്ചെടുക്കുന്നത് കര്‍ഷകരുടെയും ഭൂവുടമകളുടെയും രോഷത്തിന് കാരണമായിട്ടുണ്ട്.

ബിജെപി നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധി സംസ്ഥാനത്തെ കനത്ത വൈദ്യുതി നിരക്കാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി നിരക്കുള്ള സംസ്ഥാനമാണ് മോഡിയുടെയും അമിത് ഷായുടെയും സ്വന്തം ഗുജറാത്ത്. യൂണിറ്റിന് 7.50 രൂപ. അതുകൊണ്ടു തന്നെയാണ് മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന കോണ്‍ഗ്രിന്റെയും എഎപിയുടെയും വാഗ്ദാനങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നത്.

കൂടാതെ യുവജനങ്ങളും സര്‍ക്കാരിനെതിരാണ്. തുടര്‍ച്ചയായുണ്ടാകുന്ന പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയും റിക്രൂട്ട്മെന്റുകള്‍ നീട്ടി വയ്ക്കുന്നതും യുവാക്കള്‍ക്കിടിയല്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലിക്കായുള്ള അനന്തമായ കാത്തിരിപ്പിന് എതിരെ യുവാക്കള്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ഇതിനെല്ലാം പുറമേയാണ് മോര്‍ബി തൂക്കുപാലം ദുരന്തം. കുട്ടികളും സ്ത്രീകളുമടക്കം 135 പേരുടെ ജീവനെടുത്ത തൂക്കുപാലം ദുരന്തത്തിന് കാരണം ഭരണകൂടവും സമ്പന്നരായ ബിസിനസുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്ന ആരോപണവുമായി കോണ്‍ഗ്രസും എഎപിയും രംഗം കൊഴുപ്പിക്കുന്നുണ്ട്.

ഇത്തരത്തില്‍ ഭരണ വിരുദ്ധ വികാരങ്ങള്‍ ഏറെയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഗോദയില്‍ എങ്ങനെ കരുക്കള്‍ നീക്കണമെന്ന് നരേന്ദ്ര മോഡിയെയും അമിത് ഷായെയും ആരും പ്രത്യേകം പഠിപ്പിക്കേണ്ടതില്ല. അതില്‍ തന്നെയാണ് സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷയത്രയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.