സൗത്ത് ആഫ്രിക്കയെ അട്ടിമറിച്ച് നെതര്‍ലാന്റ്; നേട്ടമായത് ഇന്ത്യക്ക്; സെമിയില്‍ എതിരാളി ഇംഗ്ലണ്ട്

സൗത്ത് ആഫ്രിക്കയെ അട്ടിമറിച്ച് നെതര്‍ലാന്റ്; നേട്ടമായത് ഇന്ത്യക്ക്; സെമിയില്‍ എതിരാളി ഇംഗ്ലണ്ട്

മെല്‍ബണ്‍: ലോകകപ്പിലെ ശനിദശയില്‍ നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ഇനിയും മോചനം ഉണ്ടായിട്ടില്ലെന്നതിന്റെ ദുരന്ത കഥയ്ക്കാണ് ഞായറാഴ്ച്ച മെല്‍ബണ്‍ സാക്ഷ്യം വഹിച്ചത്. കുരത്തുറ്റ ദക്ഷിണാഫ്രിക്കയെ താരതമ്യേന ദുര്‍ബല ടീമായ നെതര്‍ലാന്‍ഡ് അട്ടിമറിച്ചതോടെ സൗത്താഫ്രിക്കയുടെ സെമി മോഹങ്ങള്‍ പൊലിഞ്ഞു. അട്ടിമറി തോല്‍വിയോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സൗത്ത് ആഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യയും രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാനും സെമിയിലെത്തി. 

സെമിയിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ജയം മാത്രം മതിയായിരുന്നു. നെതര്‍ലാന്റുമായുള്ള മത്സരത്തിന് മുന്‍പേ ആ ജയം ദക്ഷിണാഫ്രിക്ക ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തി 158 എന്ന ഭേദപ്പെട്ട സ്‌കോറിനെ മറികടക്കാനുള്ള സൗത്താഫ്രിക്കന്‍ താരങ്ങളുടെ ശ്രമം നെതര്‍ലാന്‍ഡിന്റെ ബൗളേഴ്‌സ് വരിഞ്ഞ് മുറുക്കി നിഷ്ഭ്രമമാക്കി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ബാറ്റ് ചെയ്ത ആര്‍ക്കും നൂറിന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഫലം 20 ഓവറില്‍ 145 ന് ദക്ഷിണാഫ്രിക്ക തോല്‍വി വഴങ്ങി. 

ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടതോടെ മത്സരം നടക്കുന്നതിനിടെ തന്നെ ഇന്ത്യ സെമിയില്‍ യോഗ്യത നേടി. അത് ആധികാരികമാക്കുകയെന്ന ചടങ്ങ് മാത്രമേ പിന്നെ ഇന്ത്യയ്ക്കുണ്ടായിരുന്നുള്ളു. സിംബാവയെ 71 റണ്‍സിന് പരാജയപ്പെടുത്തിയതോടെ ആധികാരികമായി തന്നെ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് അടിച്ചുകൂട്ടി. കെ.എല്‍. രാഹുലിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധസെഞ്ചുറിയാണ് മെച്ചപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. 35 പന്തില്‍ നിന്ന് രാഹുല്‍ 52 റണ്‍സ് നേടിയപ്പോള്‍25 പന്തില്‍ നിന്ന് സൂര്യകുമാര്‍ 61 റണ്‍സ് നേടി.

ഇന്നിങ്സ് തുടക്കത്തിലെ നായകന്‍ രോഹിത് ശര്‍മ്മയെ (13 പന്തില്‍ 15)ഇന്ത്യക്ക് നഷ്ടമായെങ്കിലും കോഹ്ലിയും (25 പന്തില്‍ നിന്ന് 26) രാഹുലും ചേര്‍ന്ന് സ്‌കോര്‍ 87 ല്‍ എത്തിച്ചു. പിന്നീട് രാഹുല്‍ 13 മത്തെ ഓവറില്‍ മടങ്ങി. പിന്നീടെത്തിയ പന്തിന് ശോഭിക്കാനായില്ല. അവസാന ഓവറുകളില്‍ സൂര്യകുമാറിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ നല്‍കിയത്. 18 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ ഹാര്‍ദീക് പാണ്ഡ്യ മികച്ച പിന്തുണ നല്‍കി. 

സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും ന്യൂസിലാന്റ് പാക്കിസ്ഥാനെയും നേരിടും. ബുധനാഴ്ച്ചയാണ് ന്യൂസിലാന്റ് പാക്കിസ്ഥാന്‍ മത്സരം. വ്യാഴാഴ്ച്ച ഇന്ത്യ ഇംഗ്ലണ്ട് മത്സരവും നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.