മാനസിക സമ്മര്‍ദ്ദം 'ആശ'യുടെ ഗര്‍ഭം അലസി; പുതിയ കുഞ്ഞുങ്ങള്‍ക്കായി ഇനിയും കാത്തിരിക്കണം

മാനസിക സമ്മര്‍ദ്ദം 'ആശ'യുടെ ഗര്‍ഭം അലസി; പുതിയ കുഞ്ഞുങ്ങള്‍ക്കായി ഇനിയും കാത്തിരിക്കണം

ഭോപ്പാല്‍: നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളിലൊന്നായ ആശയുടെ ഗര്‍ഭം അലസിയതായി റിപ്പോര്‍ട്ട്. സെപ്റ്റംബറിലാണ് ആശ ഗര്‍ഭിണിയാണെന്ന വിവരം പുറത്തു വന്നത്. സെപ്റ്റബര്‍ അവസാനത്തോടെ ആശ പ്രസവിക്കേണ്ടതായിരുന്നു. എന്നാല്‍ നവംബര്‍ ആദ്യം വാരമായിട്ടും ഇതുവരെ ആശ പ്രസവിച്ചില്ല. തുടര്‍ന്നാണ് ഗര്‍ഭമലസിയതായി സ്ഥിരീകരിച്ചത്. മാനസിക സമ്മര്‍ദ്ദമാണ് കാരണമെന്നാണ് ഗചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് അറിയിച്ചത്.

ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പിടികൂടിയപ്പോള്‍ തന്നെ ആശ ഗര്‍ഭിണിയാണെന്ന വിവരമുണ്ടായിരുന്നു. കുനോയില്‍ പരിശോധന സംവിധാനമില്ലാത്തതിനാല്‍ എത്രമാസമായി എന്നതിനെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. ഗര്‍ഭിണിയായതിനാല്‍ നല്ല രീതിയിലുള്ള പരിചരണമാണ് അധികൃതര്‍ ആശക്ക് നല്‍കിയത്. ഏകദേശം 100 ദിവസമായി ആശ ഇവിടെ എത്തിയിട്ട്. 93 ദിവസമാണ് ചീറ്റകളുടെ ഗര്‍ഭകാലം.

ഇപ്പോള്‍ അവള്‍ പ്രസവിക്കുമെന്ന് പറയാനാകില്ല. ക്വാറന്റൈന്‍ കാലയളവില്‍ അവള്‍ പ്രസവിച്ചിരുന്നെങ്കില്‍ അവര്‍ ഇവിടെയെത്താന്‍ രണ്ട് മാസം കൂടിയെടുത്തേനെ. അങ്ങനെയെങ്കില്‍ കുട്ടികളും കൂടെ ഉണ്ടാകുമായിരുന്നുവെന്ന് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് ഡോ. ലോറി മാര്‍ക്കര്‍ പറഞ്ഞു. പിടികൂടുമ്പോള്‍ തന്നെ ആശയ്ക്ക് ഗര്‍ഭത്തിന്റെ ആദ്യസമയമായിരുന്നു. ആവാസവ്യവസ്ഥ മാറിയതിനാലുണ്ടായ മാനസിക സമ്മര്‍ദ്ദത്തില്‍ ഗര്‍ഭകാലത്തിന്റെ തുടക്ക ദിവസങ്ങളില്‍ തന്നെ ഗര്‍ഭമലസിയെന്നാണ് തങ്ങളുടെ നിഗമനമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 17നാണ് നമീബിയയില്‍ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. ഭോപ്പാലിലെ കുനോ വന്യജീവി സങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇവയെ തുറന്നു വിട്ടത്.

എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നുവിട്ടത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്റീന് ശേഷമാണ് ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് സൈ്വര്യ വിഹാരത്തിന് വിട്ടത്. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അഞ്ച് പെണ്‍ ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്.

രണ്ട് വയസ് മുതല്‍ ആറ് വയസ് വരെ പ്രായമുള്ള ചീറ്റകളാണ് ആഫ്രിക്കന്‍ പുല്‍മേടുകളെ വിട്ട് ഇന്ത്യയിലേക്ക് എത്തിയത്. ആണ്‍ ചീറ്റകളില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. ഒത്ജിവരോംഗോ റിസര്‍വില്‍ നിന്നാണ് ഇവരെ പിടിച്ചത്. ഒറ്റ പ്രസവത്തില്‍ ജനിക്കുന്ന ആണ്‍ ചീറ്റകള്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കും. അതാണ് സഹോദരങ്ങളെ ഒരുമിച്ച് അയക്കാന്‍ കാരണം.

മൂന്നാമത്തെ ആണ്‍ ചീറ്റ എരിണ്ടി റിസര്‍വില്‍ നിന്നാണ്. പ്രായം നാല് വയസ്. സംഘത്തിലെ ആദ്യ പെണ്‍ ചീറ്റയെ ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് തെക്ക് കിഴക്കന്‍ നമീബിയയില്‍ നിന്ന് രക്ഷിച്ചെടുത്തതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.