മാനന്തവാടി: ജില്ലയിൽ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള സംഘം (കോമൺ റിവ്യൂ മിഷൻ) ജില്ലയിലെത്തി. അഡീഷണൽ കമ്മിഷണർ സുമിതാ ഘോഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തുന്നത്. ഞായറാഴ്ച സ്ഥലത്തെത്തിയ സംഘം 5 ദിവസം ജില്ലയിൽ ഉണ്ടാകും.
ഞായറാഴ്ച രാവിലെ ചുണ്ടേൽ മേപിൾ ആഷ് റിസോർട്ടിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും പ്രോഗ്രാം ഓഫീസർമാരുടെ അവലോകന യോഗം നടത്തി. ജില്ലയിലെ ആരോഗ്യ പ്രവർത്തനങ്ങൾ, ആരോഗ്യ മേഖലയിലെ നൂതന പരിപാടികൾ, ആയുഷ് പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് പഠിച്ച സംഘം ആദ്യദിവസം മുള്ളൻകൊല്ലി കുടുംബരോഗ്യ കേന്ദ്രം സന്ദർശിച്ചു.
ആശാ പ്രവർത്തകർ, ആർബിഎസ്കെ നഴ്സുമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ സംഘം ആശുപത്രിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിയുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
തിങ്കളാഴ്ച വരദൂർ സ്മാർട്ട് അംഗൻവാടി, പ്രദേശത്തെ ട്രൈബൽ കോളനി, എടവക കല്ലോടി ഹെൽത്ത് & വെൽനെസ്സ് സെന്റർ, വയനാട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ടീം പരിശോധന നടത്തി. മെഡിക്കൽ കോളേജിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ, ദേശീയ പരിപാടികൾ, മാതൃ ശിശു ആരോഗ്യ യൂണിറ്റ് തുടങ്ങിയവയിൽ പരിശോധന നടത്തിയ സംഘം ജീവനക്കാരുമായി സംവദിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വി ജിതേഷ്, ആരോഗ്യകേരളം സ്റ്റേറ്റ് എച്ച്.ആർ മാനേജർ കെ സുരേഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡിഎംഒമാർ, ആയുഷ് അധികൃതർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര സംഘത്തെ അനുഗമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആരോഗ്യകേന്ദ്രങ്ങളും ആരോഗ്യ അനുബന്ധ മേഖലകളും കേന്ദ്രസംഘം സന്ദർശിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.