കൊച്ചി: എറണാകുളത്ത് കോണ്‍ഗ്രസിലെ കെ.ജി രാധാകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായേക്കും. പാമ്പാക്കുട ഡിവിഷനില്‍ നിന്ന് ജനവിധി തേടിയ രാധാകൃഷ്ണന്‍ സിപിഐയിലെ സി.ടി ശശിയെ ആണ് തോല്‍പിച്ചത്. ഇക്കുറി എസ്സി, എസ്ടി ജനറല്‍ വിഭാഗത്തിനാണ് പ്രസിഡന്റ് സ്ഥാനത്തിന് അര്‍ഹത. ഈ വിഭാഗത്തില്‍ കോണ്‍ഗ്രസിന്റെ ഏക പ്രതിനിധി കെ.ജി രാധാകൃഷ്ണനാണ്.
നിലവില്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് അദേഹം. അതേസമയം ആര് വൈസ് പ്രസിഡന്റ് ആകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. വൈസ് പ്രസിഡന്റ് സ്ഥാനം ഇക്കുറി വനിതകള്‍ക്കാണ്. നിലവിലെ വൈസ് പ്രസിഡന്റായ എല്‍സി ജോര്‍ജിന്റെ പത്രിക തള്ളിയിരുന്നു. മാത്രമല്ല സീനിയര്‍ വനിതാ നേതാക്കള്‍ കോണ്‍ഗ്രസ് വിജയികളുടെ നിരയില്‍ ഇല്ലതാനും. ആകെയുള്ള 28 ല്‍ 25 ഡിവിഷനുകളും പിടിച്ചെടുത്താണ് യുഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത്.
അതേസമയം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി കോര്‍പറേഷന്‍ ഭരണം തിരിച്ചുപിടിച്ച യുഡിഎഫ് ആരെ മേയറാക്കും എന്ന കാര്യത്തിലും വ്യക്തയില്ല. നിലവില്‍ കൗണ്‍സിലര്‍മാരായ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി.കെ മിനിമോള്‍, ഫോര്‍ട്ട്‌കൊച്ചി ഡിവിഷനില്‍ നിന്ന് വിജയിച്ച ഷൈനി മാത്യു എന്നീ പേരുകളാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍ ഉള്ളത്.
2015-20 കാലയളവില്‍ കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു ഷൈനി. അക്കാലത്ത് മേയര്‍ സ്ഥാനത്തേക്ക് ഷൈനി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും 5 വര്‍ഷവും സൗമിനി ജെയിന്‍ തന്നെ മേയര്‍ സ്ഥാനത്ത് തുടരുകയാണ് ചെയ്തത്. ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവായ പിന്തുണയുള്ള മിനിമോള്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പരിചയ സമ്പന്നരായ നേതാക്കളില്‍ ഒരാളാണ്. പാര്‍ട്ടിയിലെ പ്രമുഖ വനിതാ മുഖമായ ദീപ്തി ഇത് രണ്ടാം വട്ടമാണ് കൗണ്‍സിലറാകുന്നത്.
അതേസമയം എം.ജി അരിസ്റ്റോട്ടില്‍, ആന്റണി പൈനുതറ, ഹെന്റി ഓസ്റ്റിന്‍, പി.ഡി മാര്‍ട്ടിന്‍, കെ.വി.പി കൃഷ്ണകുമാര്‍ തുടങ്ങി വിവിധ പേരുകള്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.