കൊച്ചി: സ്വകാര്യ ആവശ്യങ്ങള്‍ക്കായി അന്വേഷണ റിപ്പോര്‍ട്ടുകളോ അന്വേഷണ വിവരങ്ങളോ വിവരാവകാശ നിയമ പ്രകാരം കൈമാറാന്‍ സിബിഐക്ക് ബാധ്യത ഇല്ലെന്ന് ഹൈക്കോടതി. സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് റിട്ട. ഓഫീസറായ എസ്. രാജീവ് കുമാറിന്റെ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് തള്ളിയത്. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷ സിബിഐ നിരസിച്ചതിനെതിരെയാണ് രാജീവ് കുമാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
2012ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനിടെ രാജീവ് കുമാര്‍ ഒരു കേസില്‍ പ്രതിയായിരുന്നു. ബാഗേജുകള്‍ ശരിയായി പരിശോധിക്കാതെ സാമ്പത്തിക താല്‍പര്യത്തില്‍ വിട്ടു നല്‍കി എന്നായിരുന്നു കേസ്. ഇതിനെത്തുടര്‍ന്ന് വിരമിച്ചിട്ടും രാജീവ് കുമാറിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കിട്ടിയില്ല. ഇത് സംബന്ധിച്ച് സിബിഐ കേസ് അന്വേഷിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പ്രധാനപ്പെട്ട തെളിവായതിനാല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് രാജീവ് കുമാര്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയെങ്കിലും സിബിഐ നിരസിച്ചു. ഹൈക്കോടതി സിംഗിള്‍ബെഞ്ചും ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് രാജീവ് കുമാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
സി.ബി.ഐ, എന്‍.ഐ.എ, ദേശീയ ഇന്റലിജന്‍സ് ഗ്രിഡ് തുടങ്ങിയ സുരക്ഷാ ഏജന്‍സികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും പൊതുതാല്‍പര്യമില്ലാത്ത വ്യക്തിഗത വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നുമാണ് നിയമത്തില്‍ പറയുന്നതെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. ഇത് അംഗീകരിച്ചാണ് രാജീവ് കുമാറിന്റെ ഹര്‍ജി കോടതി തള്ളിയത്. സിംഗിള്‍ബെഞ്ച് ഉത്തരവില്‍ തെറ്റോ നിയമപരമായ അപാകതയോ ഇല്ലെന്ന് വ്യക്തമാക്കിയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.