അമേരിക്കയിൽ ഇന്ന് ഇടക്കാല തിരഞ്ഞെടുപ്പ്: ദശലക്ഷക്കണക്കിന് പൗരന്മാർ പോളിംഗ് ബൂത്തിലേക്ക്; പല സംസ്ഥാനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം

അമേരിക്കയിൽ ഇന്ന് ഇടക്കാല തിരഞ്ഞെടുപ്പ്: ദശലക്ഷക്കണക്കിന് പൗരന്മാർ പോളിംഗ് ബൂത്തിലേക്ക്; പല സംസ്ഥാനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം

വാഷിംഗ്ടൺ: അമേരിക്കയില്‍ ആഴ്ചകളായി നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് വാദ പ്രതിവാദങ്ങളും പ്രചരണങ്ങളും പരിസമാപ്തിയിലേക്ക്. ഇന്നത്തെ നിർണ്ണായക ഇടക്കാല തിരഞ്ഞെടുപ്പിൽ ദശലക്ഷക്കണക്കിന് പൗരന്മാർ വോട്ടുചെയ്യും. രാജ്യത്തെ 50 ൽ 35 സംസ്ഥാനങ്ങളിലെ ഗവർണർമാരെ ഇന്നു തിരഞ്ഞെടുക്കും. അമേരിക്കൻ സെനറ്റിലെ 35 സീറ്റുകളിലും ജനപ്രതിനിധി സഭയിലെ എല്ലാ സീറ്റുകളിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. ജനപ്രതിനിധി സഭയിൽ 25 സീറ്റുകളിലെങ്കിലും വിജയിക്കാനാകുമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതീക്ഷ. അത് കോണ്‍ഗ്രസിലെ ഭൂരിപക്ഷ നിലയെ പുനര്‍നിര്‍വചിച്ചേക്കും.

ഇടക്കാല തിരഞ്ഞെടുപ്പോടെ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ഭൂരിപക്ഷം നഷ്ടമാവും എന്നാണ് സർവേ ഫലങ്ങൾ. ഇതോടൊപ്പം​ സെനറ്റിലും പോരാട്ടം കനക്കും. സെനറ്റിൽ ഇരുപക്ഷത്തിനും 50 സീറ്റുകൾ വീതം തുല്യമായതിനാൽ ഒരെണ്ണമെങ്കിലും പിടിച്ചെടുക്കാനായാൽ റിപ്പബ്ലിക്കൻ പക്ഷത്തിനു ഭൂരിപക്ഷമാകും. ഇത് ബൈഡന്റെ നിയമനിർമാണങ്ങൾക്കു കടുത്ത തിരിച്ചടിയാവും. കൂടാതെ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചാൽ അടുത്ത രണ്ട് വർഷത്തേക്ക് ജഡ്ജിമാരെയോ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളെയോ നിയമിക്കാനുള്ള ബൈഡന്റെ അധികാരം ഗുരുതരമായി വെട്ടിക്കുറയ്ക്കും.

ട്രാൻസ്ജെൻഡർ അവകാശങ്ങൾ, ഗർഭഛിദ്രം, തോക്ക് നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനങ്ങളാണു തീരുമാനമെടുക്കുന്നത് എന്നതിനാലാണു ഇത്തവണ തിര‍ഞ്ഞെടുപ്പ് വാശിയേറിയതാകുന്നത്. ഏറെ നിര്‍ണായക തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ബൈഡൻ, മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ , ഡൊണാൾഡ് ട്രംപ് തുടങ്ങിയ പ്രധാന നേതാക്കൾ പ്രചാരണത്തിനിറങ്ങിയിരുന്നു.

പെൻസിൽവാനിയ, ജോർജിയ, നെവാഡ, അരിസോണ എന്നിവിടങ്ങളിൽ ചൂടേറിയ പോരാട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിൽ തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ കറുത്തവർഗക്കാരനായ ഗവർണറായി ചരിത്രം കുറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഡെമോക്രാറ്റുകളുടെ വെസ് മൂറിന് വേണ്ടി പ്രചാരണത്തിനായി മേരിലാൻഡിൽ സമാപന റാലിയിൽ പ്രസിഡന്റ് ജോ ബൈഡനും ഒഹായോയിലെ റിപ്പബ്ലിക്കൻ പാർട്ടി റാലിയിൽ ഡോണൾഡ് ട്രംപും അണികളെ ആവേശംകൊള്ളിച്ച് പ്രസംഗിച്ചു.

നവംബര്‍ 15 ന് താന്‍ ഒരു വലിയ പ്രഖ്യാപനം നടത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍മാര്‍ വിജയിക്കുന്നത് രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ മലിനമാക്കുമെന്ന് ട്രംപിന്റെ പ്രസ്താവനയ്ക്ക് പ്രതികരണമായി ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം സാമ്പത്തിക പ്രതിസന്ധി, ഗർഭഛിദ്ര നിരോധനം തുടങ്ങിയവ മുഖ്യ ചർച്ചാവിഷയമായ പ്രചാരണം രണ്ടാം വരവിന് ഒരുങ്ങുന്ന ട്രംപിന്റെ പടയൊരുക്കത്തിന്റെ വേദി കൂടിയായി. ട്രംപിന്റെ അനുയായികൾ അമേരിക്കൻ പാർലമെന്റിലേക്ക് ഇരച്ചുകയറിയ ജനുവരി 6നു ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്.

കുതിച്ചുയരുന്ന വിലയിലും കുറ്റകൃത്യങ്ങളിലും കുടിയേറ്റ പ്രശ്നങ്ങളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ബൈഡന്‍ ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുമ്പോഴാണ് രാജ്യം തിരഞ്ഞെടുപ്പിലേക്ക് കൂടി കടന്നിരിക്കുന്നത്. ഈ മാസം 80 വയസ്സ് തികയുന്ന ബൈഡൻ 2024 ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്ന പാർട്ടിക്കുള്ളിലെ ചർച്ചകൾക്ക് തീരുമാനമെടുക്കാൻ തിരഞ്ഞെടുപ്പ് ഫലം കാരണമാകും. ബൈഡന്റെ അവശേഷിക്കുന്ന രണ്ടു വർഷത്തെ നയരൂപീകരണത്തെയും ഫലം നിർണായകമായി സ്വാധീനിക്കും.

435 സീറ്റുകളുള്ള അമേരിക്കൻ ജനപ്രതിനിധി സഭയിലും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കും വിജയി ആധിപത്യം സ്ഥാപിക്കുമെന്നതിനാല്‍ ഇടക്കാല തിരഞ്ഞെടുപ്പിന് കാര്യമായ പ്രാധാന്യമുണ്ട്. ജനപ്രതിനിധി സഭയില്‍ അംഗങ്ങള്‍ക്ക് രണ്ട് വര്‍ഷമാണ് കാലാവധി. സെനറ്റ് അംഗങ്ങളുടെ കാലാവധി ആറ് വര്‍ഷമാണ്. ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ക്കൊപ്പം സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്കുമാണ് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നത്.

ജനപ്രതിനിധിസഭയില്‍ നേരിയ ഭൂരിപക്ഷമാണ് ബൈഡന്റെ ഡെമോക്രാറ്റിക്‌ പാർട്ടിക്ക് ഉള്ളത്. 435 അംഗ സഭയില്‍ 222 ആണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അംഗബലം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 213 സീറ്റുകളുമുണ്ട്. അമേരിക്കൻ ഇലക്ഷന്‍ പ്രോജക്ട് അനുസരിച്ച് ഏകദേശം 43 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ നേരിട്ടോ തപാല്‍ വഴിയോ വോട്ട് രേഖപ്പെടുത്തും. എല്ലാ സീറ്റുകളുടെയും ഫലം പൂര്‍ണമായും പുറത്ത് വരാന്‍ ഒരാഴ്ചയോളം എടുത്തേക്കുമെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ധർ പറയുന്നത്.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ട് വർഷത്തിന് ശേഷമാണ് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുക. അതിനാൽ ഇടക്കാലതെരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണത്തോടുള്ള പ്രതിഫലനമായി മാറുന്ന പ്രവണതയാണ് കണ്ടുവരാറുള്ളത്.

ഇത്തവണ കോണ്‍ഗ്രസിന്റെയും വൈറ്റ് ഹൗസിന്റെയും സമ്പൂര്‍ണ നിയന്ത്രണം ആസ്വദിച്ചിരുന്ന ഡെമോക്രാറ്റുകള്‍ക്ക് ഇടക്കാല തിരഞ്ഞെടുപ്പു വലിയ വെല്ലുവിളിയാണ്. ഡൊണാള്‍ഡ് ട്രംപ്, ബരാക് ഒബാമ, ജോര്‍ജ്ജ് ഡബ്ല്യു ബുഷ് എന്നീ മൂന്ന് മുന്‍ പ്രസിഡന്റുമാരുടെ കാലത്തും ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം വൈറ്റ് ഹൗസ് നിയന്ത്രിക്കാനാകാതെ സഭ മറിഞ്ഞു എന്നതാണ് വസ്തു.

തിരഞ്ഞെടുപ്പിൽ അഞ്ച് ഇന്ത്യൻ വംശജരും മത്സരിക്കുന്നുണ്ട്. നിലവിൽ അമേരിക്കൻ കോൺഗ്രസ് അംഗങ്ങളായ അമിത് ബെറ, രാജ കൃഷ്ണമൂർത്തി, റോ ഖന്ന , പ്രമീള ജയപാൽ എന്നിവരാണ് മത്സരിക്കുന്ന ഇന്ത്യൻ വംശജർ. സർവേ പ്രകാരം ഡെമോക്രാറ്റിക്‌ പാർട്ടി അംഗങ്ങളായ എല്ലാവർക്കും വിജയസാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.