കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന പരാതി സംബന്ധിച്ച വിചാരണ നടപടികൾ ഇന്ന് പുനഃരാരംഭികും. കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കാനും എട്ടാം പ്രതിയായ ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ അനുബന്ധ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ആദ്യ ഘട്ടത്തിൽ 36 സാക്ഷികളെയാണ് വിസ്തരിക്കുക.
തെളിവ് നശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കൽ തുടങ്ങിയ അധിക കുറ്റങ്ങൾ ദിലീപിനെതിരെ ചുമത്തിയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. മാത്രമല്ല ദിലീപിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ ശരതിനെ 15ാം പ്രതിയാക്കുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ കൈകളിൽ എത്തിയിട്ടുണ്ടെന്നും ശരത് ആണ് ഈ ദൃശ്യങ്ങൾ ദിലീപിനടുത്ത് എത്തിച്ചതുമെന്നാണ് കുറ്റപത്രത്തിൽ ഉള്ളത്.
അതേസമയം തങ്ങൾക്കെതിരായ കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ദിലീപ് നേരത്തേ വിചാരണ കോടതിയെ സമീപിച്ചിരുന്നു. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല, തങ്ങൾക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്.
എന്നാൽ ദിലീപിന്റെ ഹർജി വിചാരണ കോടതി തള്ളി. തുടർന്ന് പ്രതികൾ കോടതിയിൽ ഹാജരായി കുറ്റപത്രം വായിച്ച് കേൾക്കുകയും വിചാരണ 10 ന് ആരംഭിക്കുമെന്ന് കോടതി അറിയിക്കുകയുമായിരുന്നു.
സവിധായകൻ ബാലചന്ദ്രകുമാർ, ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ, കാവ്യയുടെ വസ്ത്രസ്ഥാപനമായ ലക്ഷ്യയിലെ മുൻ ജീവനക്കാരനായ സാഗർ വിൻസെന്റ്, പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിംസൺ എന്നിവർ ഉൾപ്പെടെയുള്ള 39 പേരുടെ പട്ടികയായിരുന്നു സാക്ഷി വിസ്താരത്തിനായി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്.
എന്നാൽ മഞ്ജു, ജിംസൺ, സാഗർ വിൻസെൻറ് എന്നിവരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ പ്രതിഭാഗം എതിർപ്പുയർത്തിയിരുന്നു.
പൾസർ സുനിയുടെ സഹതടവുകാരനായ സജിത്തിനെയാണ് ആദ്യം വിസ്തരിക്കുക. സംവിധായകൻ ബാലചന്ദ്രകുമാറിനെയാകും കേസിൽ കൂടുതൽ വിസ്തരിക്കുക. സംവിധായകന്റെ വെളിപ്പെടുത്തലുകളാണ് കേസിൽ നിർണായക കണ്ടെത്തലുകൾക്ക് അന്വേഷണ സംഘത്തിന് സഹായകമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.