ആലപ്പുഴയില്‍ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് ക്രൂര മര്‍ദനം

ആലപ്പുഴയില്‍ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് ക്രൂര മര്‍ദനം

മുതുകുളം: ആലപ്പുഴയില്‍ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ക്രൂര മര്‍ദനം. മുതുകുളം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നിന്ന് മത്സരിച്ച് ജയിച്ച ജി.എസ്. ബൈജുവിനെയാണ് ബൈക്കിലെത്തിയ ആറംഗ സംഘം ആക്രമിച്ചു. ബിജെപി അംഗമായിരുന്ന ബൈജു പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചാണ് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. വലതുകാലിന്റെ എല്ലു പൊട്ടിയതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇടതുകയ്യിലും സാരമായ പരുക്കുണ്ട്. 

ഇന്നലെ രാത്രി എട്ടോടെ കല്ലുംമൂട് ജംഗ്ഷനു സമീപത്തായിരുന്നു സംഭവം. തിരഞ്ഞെടുപ്പു വിജയത്തില്‍ നന്ദിയറിയിക്കാന്‍ വീടുകള്‍ കയറിയിറങ്ങുകയായിരുന്നു ബൈജു. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ബൈജുവിനെ ഇരുമ്പുപൈപ്പും വലിയ ചുറ്റികയും കൊണ്ട് ആക്രമിക്കുകയായിരുന്നു. 

നിലത്തു വീണ ബൈജുവിനെ സമീപവാസികള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും അവിടെനിന്നു ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. അക്രമിസംഘത്തിലെ ഒരാളെ മുന്‍പരിചയമുണ്ടെന്നു ബൈജു പറഞ്ഞതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ശസ്ത്രക്രിയ നടക്കുന്നതിനാല്‍ ബൈജുവിന്റെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതികളെ പിടികൂടാന്‍ ശ്രമം തുടങ്ങിയെന്നും കനകക്കുന്ന് പോലീസ് പറഞ്ഞു. 

മുതുകുളം നാലാം വാര്‍ഡിലെ ബിജെപി അംഗമായിരുന്ന ജി.എസ്. ബൈജു അംഗത്വം രാജിവച്ച് യുഡിഎഫ് പിന്തുണയോടെ വീണ്ടും മത്സരിക്കുകയായിരുന്നു. ഇന്നലെ ഫലം വന്നപ്പോള്‍ 103 വോട്ടിന് ബൈജു വിജയിക്കുകയും സിറ്റിംഗ് സീറ്റില്‍ ബിജെപി മൂന്നാം സ്ഥാനത്താകുകയും ചെയ്തു. യുഡിഎഫ് വിജയത്തില്‍ വിറളിപിടിച്ചവരാണ് അക്രമത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് മുതുകുളം സൗത്ത് മണ്ഡലം പ്രസിഡന്റ് ചിറ്റക്കാട്ട് രവീന്ദ്രന്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.