പരസ്യ വരുമാനം കുറയുന്നു; ട്വിറ്റര്‍ പാപ്പരാകുമെന്ന മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്

പരസ്യ വരുമാനം കുറയുന്നു; ട്വിറ്റര്‍ പാപ്പരാകുമെന്ന മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്

വാഷിംഗ്ടൺ: ട്വിറ്റർ പാപ്പരത്വത്തിലേക്കു നീങ്ങുമെന്ന് മുന്നറിയിപ്പു നൽകി പുതിയ മേധാവി ഇലോൺ മസ്ക്. ഭാവി നേതാക്കൾ എന്ന് കരുതിയിരുന്ന മുതിർന്ന ഉദ്യോഗസ്ഥർ അപ്രതീക്ഷിതമായി രാജിവച്ചതാണ് പ്രതിസന്ധിക്ക് രൂക്ഷമാക്കിയതെന്നും അദ്ദേഹം അറിയിച്ചു. 44 ബില്യൻ ഡോളറിന് മസ്ക് ട്വിറ്റർ വാങ്ങി ആഴ്ചകൾ പിന്നിടുമ്പോഴാണ് അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സ്ഥാപനം കൂപ്പുകുത്തുന്നത്.

സബ്സ്ക്രിപ്ഷൻ വഴി കൂടുതൽ പണം എത്തിയില്ലെങ്കിൽ പ്രശ്നം വർധിക്കുമെന്ന് ഇലോൺ മസ്ക് മുന്നറിയിപ്പ് നൽകി. പാപ്പർസ്യൂട്ട് ഫയൽ ചെയ്യേണ്ട സാഹചര്യമെന്നും മസ്ക് അറിയിച്ചു. ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലായത് ട്വിറ്ററിന്‍റെ പരസ്യ വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ട്വിറ്ററിലെ മുഴുവൻ ജീവനക്കാരുമായും മസ്ക് ആദ്യമായി നടത്തിയ കൂടിക്കാഴ്ചയിൽ കമ്പനി വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടുത്ത വർഷത്തേക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും അറിയിച്ചതായാണ് റിപ്പോർട്ട്. താൻ സ്ഥാപനം ഏറ്റെടുത്തതോടെ പരസ്യദാതാക്കൾ പിൻവാങ്ങിയെന്നും ഒരു ദിവസം നാല് മില്യൺ ഡോളറിലധികം നഷ്ടമുണ്ടാകുന്നുണ്ടെന്നുമാണ് വിശദീകരണം.

മസ്ക് ഏറ്റെടുത്തതിനു പിന്നാലെ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അതിനു പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥരും രാജിവച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മുതിർന്ന ഉദ്യോഗസ്ഥരായ യോയെൽ റോത്ത്, റോബിൻ വീലർ എന്നിവർ രാജിവച്ചിരുന്നു. മസ്‌ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിന്റെ പരസ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തത് വീലറായിരുന്നു.

തുടർന്ന് വ്യാഴാഴ്ച ട്വിറ്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായ ലിയ കിസ്നറും രാജിവച്ചു. ചീഫ് പ്രൈവസി ഓഫിസർ ഡാമിയൻ കിയേരൻ ചീഫ് കംപ്ലയൻസ് ഓഫിസർ മരിയാനെ ഫൊഗാർട്ടി എന്നിവരും രാജിവച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രൈവസി, കംപ്ലയൻസ് ഓഫിസർമാർ രാജിവച്ചത് വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷൻ അറിയിച്ചു.

മസ്‌ക് ഏറ്റെടുക്കുന്നതിന് മുമ്പുള്ളതിനേക്കാൾ സെർച്ച് ഫലങ്ങളിലെ 95% ഹാനികരമായ ഉള്ളടക്കം കുറച്ചതായി ട്വിറ്ററിന്റെ സുരക്ഷാ തലവനായ റോത്ത് പറഞ്ഞു. കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ ബ്ലൂ ടിക്ക് ലഭിക്കാൻ ഉപയോക്താക്കൾ മാസം എട്ടു ഡോളർ നൽകണമെന്നും മസ്ക് അറിയിച്ചിരുന്നു. ഇന്ത്യയിലും പെയ്ഡ് വേരിഫിക്കേഷൻ അവതരിപ്പിച്ചു. മറ്റ് രാജ്യങ്ങളിൽ എട്ട് ഡോളർ അഥവാ 645.68 രൂപയ്ക്ക് വേരിഫിക്കേഷൻ ലഭ്യമാക്കുമ്പോൾ ഇന്ത്യയിൽ തുക അൽപം കൂടും. ഇന്ത്യയിൽ 719 രൂപയാണ് നീല ശരി ചിഹ്നത്തിനായി നൽകേണ്ടത്.

ഇതിനു പിന്നാലെ വർക് ഫ്രം ഹോമും മസ്ക് അവസാനിപ്പിച്ചു. ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു എന്നാണ് മസ്ക് വ്യക്തമാക്കിയത്. പ്രയാസകരമായ സമയം വരികയാണെന്നു വ്യക്തമാക്കികൊണ്ട് മസ്ക് ജീവനക്കാർക്ക് അയച്ച മെയിലിലാണ് ഇക്കാര്യം അറിയിച്ചത്. പരസ്യ വരുമാനത്തിലെ കുറവ് ട്വിറ്ററിനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയെന്നും മസ്ക് അറിയിച്ചിട്ടുണ്ട്. ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നാണ് പുതിയ നിബന്ധന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.