സിംല: ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് തുടങ്ങി. വൈകുന്നേരം 5.30 വരെയാണ് പോളിങ്. 68 മണ്ഡലങ്ങളിലായി 7881 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമായതിനാല്‍ പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍.
ഭരണത്തുടര്‍ച്ച ബി.ജെ.പി ലക്ഷ്യമിടുമ്പോള്‍ ഭരണവിരുദ്ധവികാരം, ബിജെപിയിലെ വിമതനീക്കം എന്നിവ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
മുഖ്യമന്ത്രി ജയ്‌റാം ഠാകൂറിന്റെ മണ്ഡലമായ സെറാജ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി സ്ഥാനാര്‍ഥിയായ ഹരോളി, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ മണ്ഡലമായ ഹാമിര്‍പൂര്‍, ജെ.പി. നഡ്ഡയുടെ തട്ടകമായ ബിലാസ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
തുടര്‍ഭരണം പ്രതീക്ഷിക്കുന്ന ബിജെപിയും ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ശക്തമായ സാന്നിധ്യം അറയിച്ച് ആം ആദ്മി പാര്‍ട്ടിയുമുണ്ട്.
കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികള്‍ക്ക് വിമതശല്യവും കൂടുതലാണ്. 68 അംഗ നിയമസഭയില്‍, നിലവില്‍ ബിജെപിക്ക് 45 സീറ്റുണ്ട്, കോണ്‍ഗ്രസിന് 22 സീറ്റും സിപിഎമ്മിന് ഒരു സീറ്റുമാണുള്ളത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ സംസ്ഥാനമായ ഹിമാചലില്‍, ഭരണത്തുടര്‍ച്ച നേടി ചരിത്രം തിരുത്തി കുറിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. പക്ഷേ, പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും വിമതശല്യവും ശക്തമാണ്.
വീര്‍ഭദ്ര സിങ്ങിന്റെ മരണത്തെത്തുടര്‍ന്ന് നേതൃപരമായ പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസ്, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രചാരണം നയിച്ചത്. ഭരണവിരുദ്ധവികാരവും ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും കോണ്‍ഗ്രസിന് കരുത്താണ്. വിമതശല്യവും നേതാക്കള്‍ക്കിടയിലെ കിടമത്സരവും കോണ്‍ഗ്രസിലും ശക്തമാണ്.
അഗ്‌നിപഥ്, വിലക്കയറ്റം, തൊഴിലില്ലായ്മ, ആപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി തുടങ്ങി ഹിമാചല്‍ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെല്ലാം ഇരു പാര്‍ട്ടികളും ഏറ്റെടുത്തിട്ടുണ്ട്. പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്ന കോണ്‍ഗ്രസ് പ്രധാന വാഗ്ദാനം. സ്ത്രീകള്‍ക്കായി വന്‍ സൗജന്യങ്ങള്‍ പ്രഖ്യാപിച്ച ബിജെപിയുടെ പ്രകടന പത്രിക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.