മൂന്ന് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പ എഴുതിത്തള്ളും, 10 ലക്ഷം തൊഴില്‍, 500 രൂപക്ക് എല്‍.പി.ജി; ഗുജറാത്തില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

 മൂന്ന് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പ എഴുതിത്തള്ളും, 10 ലക്ഷം തൊഴില്‍, 500 രൂപക്ക് എല്‍.പി.ജി; ഗുജറാത്തില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

അഹ്മദാബാദ്: ഗുജറാത്തില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. പത്ത് ലക്ഷം തൊഴില്‍ മുതല്‍ 500 രൂപക്ക് പാചകവാതകം വരെ നിരവധി വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ മുന്നോട്ടുവെക്കുന്നത്.

ശനിയാഴ്ച അഹ്മദാബാദില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് പുറത്തിറക്കിയ പത്രികയില്‍ പ്രതിമാസം 300 യൂനിറ്റ് സൗജന്യ വൈദ്യുതി, 3000 രൂപ തൊഴിലില്ലായ്മ വേതനം, മൂന്നു ലക്ഷം രൂപവരെ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, എല്‍.കെ.ജി മുതല്‍ ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയും മുന്നോട്ടു വെയ്ക്കുന്നു.

വിളകള്‍ക്ക് മിനിമം താങ്ങുവില നിശ്ചയിക്കാന്‍ പ്രത്യേക സമിതി രൂവത്കരിക്കുമെന്നും നൂറുകണക്കിന് ജനങ്ങളുടെ ആവശ്യം ചോദിച്ചറിഞ്ഞാണ് പത്രിക തയാറാക്കിയതെന്നും സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നിരീക്ഷകന്‍ കൂടിയായ ഗഹ്‌ലോട്ട് അഹ്മദാബാദില്‍ പറഞ്ഞു.

സര്‍ക്കാര്‍ ജോലിയില്‍ കരാര്‍ നിയമനവും പുറം കരാര്‍ നല്‍കലും അവസാനിപ്പിക്കും. ആരോഗ്യ മേഖലയില്‍ അനിയന്ത്രിത സ്വകാര്യവല്‍ക്കരണമെന്ന മനോഭാവത്തിന് കോണ്‍ഗ്രസ് തടയിടുമെന്നും അദ്ദേഹം വിശദീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരായിരുന്നവര്‍ക്ക് ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം നടപ്പാക്കുമെന്ന് പറഞ്ഞ അദ്ദേഹം രാഹുല്‍ ഗാന്ധി മുന്നോട്ടവെയ്ക്കുന്ന എട്ടു വാഗ്ദാനങ്ങളാണ് പ്രകടനപത്രികയുടെ കാതലെന്നും കൂട്ടിച്ചേര്‍ത്തു.

182 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ രണ്ടു ഘട്ടമായാണ് നടക്കുക. ഡിസംബര്‍ എട്ടിനാണ് വേട്ടെണ്ണല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.