'നബിവിരുദ്ധ പരാമര്‍ശം നടത്തി'; ലോ കോളജ് വിദ്യാര്‍ഥിക്ക് ഹോസ്റ്റലില്‍ ക്രൂര മര്‍ദ്ദനം

'നബിവിരുദ്ധ പരാമര്‍ശം നടത്തി'; ലോ കോളജ് വിദ്യാര്‍ഥിക്ക് ഹോസ്റ്റലില്‍ ക്രൂര മര്‍ദ്ദനം

ഹൈദരാബാദ്: നബിവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ലോ കോളജ് വിദ്യാര്‍ത്ഥിക്ക് നേരെ ഹോസ്റ്റലില്‍ സംഘം ചേര്‍ന്ന് ക്രൂരമര്‍ദ്ദനം. ഹൈദരാബാദ് ഐഎഫ്എച്ച്ഇ കോളജിലാണ് സംഭവം. ബിരുദ വിദ്യാര്‍ത്ഥിയായ ഹിമാങ്ക് ബന്‍സാല്‍ ആണ് ആക്രമിക്കപ്പെട്ടത്.

നവംബര്‍ 11നാണ് ഹിമാങ്ക് ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. നവംബര്‍ ഒന്നിനാണ് സംഭവം നടന്നത്. തന്റെ ഹോസ്റ്റല്‍ മുറിയിലെത്തി ഇരുപത് പേരോളം അടങ്ങുന്ന സംഘം ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചെന്നാണ് ഹിമാങ്ക് പരാതിയില്‍ പറയുന്നത്.

മര്‍ദ്ദനത്തിനിരയാക്കിയതിന് പുറമേ ചില രാസപദാര്‍ത്ഥങ്ങള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചു. ജനനേന്ദ്രിയത്തിനടക്കം മാരകമായി മുറിവേല്‍പ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി എന്നും പരാതിയില്‍ പറയുന്നു. അവരെന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി. നഗ്‌നനാക്കി നിര്‍ത്തി. ഓരോരുത്തരായി ക്രൂരമായി മര്‍ദ്ദിച്ചു. മരിക്കുന്നതുവരെ അടിക്കും എന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനമെന്ന് ഹിമാങ്ക് പറയുന്നു.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും വീഡിയോകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. കോളജ് അധികൃതര്‍ക്കും ഹിമാങ്ക് പരാതി നല്‍കിയിട്ടുണ്ട്. സുഹൃത്തുമായുള്ള സ്വകാര്യ സംഭാഷണത്തിനിടെ താന്‍ മുഹമ്മദ് നബിയെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു എന്ന് ഹിമാങ്ക് പറയുന്നു. ഈ വിവരം മറ്റ് വിദ്യാര്‍ത്ഥികള്‍ അറിഞ്ഞതോടെയാണ് ആക്രമണമുണ്ടായത്. റാഗിങ് വിരുദ്ധ നിയമ പ്രകാരമടക്കം കേസെടുത്ത് പൊലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.