മെല്‍ബണ്‍: ഫൈനലില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് ട്വന്റി 20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. മെല്‍ബണിലെ കലാശപ്പോരില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലീഷ് പട മറികടന്നു.
ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി 20 ലോകകപ്പ് കിരീടമാണിത്. ഇതോടെ രണ്ടു തവണ കിരീടം നേടിയ വെസ്റ്റിന്‍ഡീസിന്റെ നേട്ടത്തിനൊപ്പമെത്താനും ഇംഗ്ലണ്ടിനായി. 2019 ഏകദിന ലോകകപ്പിനു പിന്നാലെ ടി 20 കിരീടവും ഇംഗ്ലണ്ടിന് സ്വന്തം.
49 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 52 റണ്‍സോടെ പുറത്താകാതെ നിന്ന ബെന്‍ സ്‌റ്റോക്ക്‌സിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് തുണയായത്. ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ (26), ഹാരി ബ്രൂക്ക്‌സ് (20) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
ഇംഗ്ലണ്ടിനെ ആദ്യ ഓവറില്‍ തന്നെ ഞെട്ടിച്ചാണ് പാകിസ്താന്‍ തുടങ്ങിയത്. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ അലക്‌സ് ഹെയ്ല്‍സ് ക്ലിന്‍ ബോള്‍ഡാകുമ്പോള്‍ സ്‌കോര്‍ബോര്‍ഡ് ചലിച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് നാലാം ഓവറില്‍ ഫിലിപ്പ് സാള്‍ട്ടിനെയും (10) നഷ്ടമായി. ആറാം ഓവറില്‍ ബട്ട്‌ലര്‍ കൂടി നഷ്ടമായതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. 17 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 26 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.
പിന്നീട് നാലാം വിക്കറ്റില്‍ ഒന്നിച്ച സ്‌റ്റോക്ക്‌സ്, ഹാരി ബ്രൂക്ക്‌സ് സഖ്യം ഇംഗ്ലീഷ് ഇന്നിങ്‌സ് ട്രാക്കിലാക്കി. 23 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ബ്രൂക്ക്‌സ് മടങ്ങിയതിനു പിന്നാലെ മോയിന്‍ അലിയെ കൂട്ടുപിടിച്ച് സ്‌റ്റോക്ക്‌സ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മോയിന്‍ 13 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത് പുറത്തായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ പാക് സ്‌കോര്‍ 137ല്‍ ഒതുങ്ങി. നാല് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ തിളങ്ങിയത്. ആദില്‍ റഷീദും ക്രിസ് ജോര്‍ദനും രണ്ടു വിക്കറ്റ് വീഴ്ത്തി.
മത്സരത്തിനിടെ മുഖ്യ ബൗളര്‍ ഷഹീന്‍ അഫ്രീദിക്ക് പരിക്കേറ്റത് പാകിസ്താന് തിരിച്ചടിയായി. രണ്ട് ഓവറും ഒരു പന്തും മാത്രമാണ് താരത്തിന് എറിയാനായത്. ഇതോടെ പാക് ബൗളിങ്ങിന്റെ മൂര്‍ച്ച കുറയുകയും ചെയ്തു. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.