കുഫോസ് വിസിയെ പുറത്താക്കി: നിയമനത്തില്‍ യുജിസി ചട്ടം പാലിച്ചില്ലെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ വാദം പരിഗണിച്ചില്ല

കുഫോസ് വിസിയെ പുറത്താക്കി: നിയമനത്തില്‍ യുജിസി ചട്ടം പാലിച്ചില്ലെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ വാദം പരിഗണിച്ചില്ല

കൊച്ചി: കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന സര്‍കവലാശാല (കുഫോസ്) വിസി ഡോ. കെ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി.

വിസിയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന ഹര്‍ജി ശരി വച്ചാണ് ഹൈക്കോടതി വിധി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. യുജിസി ചട്ടങ്ങള്‍ പാലിച്ച് പുതിയ വിസിയെ നിയമിക്കാനും വിധിയില്‍ നിര്‍ദേശമുണ്ട്.

കെ. റിജി ജോണിന് മതിയായ യോഗ്യതയില്ലെന്ന് ആരോപിച്ച് വിസി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.കെ വിജയനാണ് ഹൈക്കോടതിയെ സമീപിച്ചത്. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. എന്നാല്‍ റിജി ജോണിന് ഇതില്ല എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

റിജി ജോണിനെ കുഫോസ് വിസിയായി നിര്‍ദ്ദേശിച്ച സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് യോഗ്യതയില്ലാത്തവരുണ്ടെന്നും ഒരു പാനലിന് പകരം ഒറ്റപ്പേര് മാത്രം നിര്‍ദ്ദേശിച്ചത് ചട്ടവിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ കുഫോസ് വിസി നിയമനത്തിന് യുജിസി മാനദണ്ഡം ബാധകമല്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. തമിഴ്‌നാട്ടിലെ ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് കുഫോസിലേക്ക് ഡീന്‍ ആയി എത്തിയ വ്യക്തിയാണ് റിജി ജോണ്‍.

പിഎച്ച്ഡി കാലയളവായ മൂന്നു വര്‍ഷം പ്രവൃത്തി പരിചയത്തിലുള്‍പ്പെടുത്തിയാണ് അദ്ദേഹം അപേക്ഷ നല്‍കിയത്. വിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് റിജി ജോണ്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.