പ്രിയ വര്‍ഗീസ് കേസിലെ കോടതി വിധി: സഖാക്കള്‍ക്കായുള്ള തൊഴിലുറപ്പ് പദ്ധതിക്കെതിരായ വിധിയെന്ന് സുധാകരന്‍; നിയമനം കിട്ടിയവര്‍ രാജിവച്ച് പോകാനുള്ള മാന്യത കാട്ടണമെന്ന് സതീശന്‍

പ്രിയ വര്‍ഗീസ് കേസിലെ കോടതി വിധി: സഖാക്കള്‍ക്കായുള്ള തൊഴിലുറപ്പ് പദ്ധതിക്കെതിരായ വിധിയെന്ന് സുധാകരന്‍; നിയമനം കിട്ടിയവര്‍ രാജിവച്ച് പോകാനുള്ള മാന്യത കാട്ടണമെന്ന് സതീശന്‍

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസ് അയോഗ്യയാണെന്ന ഹൈക്കോടതി വിധി സഖാക്കള്‍ക്കായുള്ള തൊഴിലുറപ്പ് പദ്ധതിക്കെതിരായ വിധിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സര്‍വകലാശാല നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് നടത്തിയ സിപിഎം അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കും കൈകടത്തലുകള്‍ക്കും കിട്ടിയ കനത്ത പ്രഹരമാണ് വിധിയെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗവര്‍ണര്‍ പ്രിയയുടെ നിയമന നടപടികള്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് അതിനെ എതിര്‍ക്കുകയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ചെയ്തത്. ഓര്‍ഡിന്‍സിലൂടെയും ബില്ലിലൂടെയും വൈസ് ചാന്‍സലര്‍ പദവി ഗവര്‍ണറില്‍ നിന്ന് നീക്കം ചെയ്യാനുള്ള കുത്സിത നീക്കം എല്‍ഡിഎഫും സിപിഎമ്മും നടത്തുന്നത് ഇത്തരം പിന്‍വാതില്‍ നിയമനത്തിലൂടെ സഖാക്കളുടെ ബന്ധുമിത്രാദികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് വേണ്ടിയാണെന്നും സുധാകരന്‍ ആരോപിച്ചു.

സര്‍വകലാശാലകള്‍ക്ക് പുറമെ മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സി.പി.എം പാര്‍ട്ടി ഓഫീസിലെ പട്ടിക അനുസരിച്ചാണ് നിയമനം നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കാള്‍ ഇടതു സര്‍ക്കാരിന് താല്‍പ്പര്യം സഖാക്കളുടെ കുടുംബസുരക്ഷയാണ്. യുവാക്കളെ വഞ്ചിക്കുകയും അവരുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുകയും ചെയ്ത ഭരണം കേരളം കണ്ടിട്ടില്ല.

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ തകര്‍ത്തത് ഇടതു ഭരണമാണ്. അധ്യാപന രംഗത്ത് കഴിവും പ്രാപ്തിയുമുള്ളവരെ പടിക്ക് പുറത്ത് നിര്‍ത്തി അടിസ്ഥാന യോഗ്യത പോലുമില്ലാത്ത സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും വഴിവിട്ട നിയമനം നല്‍കുകയാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്വജനപക്ഷപാതത്തിന് കൂട്ടുനിന്ന കണ്ണൂര്‍ വിസിയെ പുറത്താക്കി വിജിലന്‍സ് കേസെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

പിന്‍വാതിലിലൂടെ നിയമനം ലഭിച്ചവരൊക്കെ വിധിയുടെ പശ്ചാത്തലത്തില്‍ രാജിവച്ച് പോകാനുള്ള മാന്യത കാട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി സര്‍വകലാശാലകളില്‍ അധ്യാപക നിയമനങ്ങള്‍ റിസര്‍വ് ചെയ്തിരിക്കുകയാണ്. പരിചയസമ്പന്നരായ ഉദ്യോഗാര്‍ഥികള്‍ക്കു പോലും സര്‍വകലാശാലകളില്‍ നിയമനം ലഭിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്ത്. സ്വന്തക്കാരെ മുഴുവന്‍ ഇങ്ങനെ തിരുകിക്കയറ്റാന്‍ നാണമില്ലേയെന്നും സതീശന്‍ ചോദിച്ചു.

കേരളത്തിലെ ചെറുപ്പക്കാരുടെ പ്രതീക്ഷ മുഴുവന്‍ നഷ്ടമായിരിക്കുകയാണ്. ചെറുപ്പക്കാരെ ഇതുപോലെ വഞ്ചിച്ച സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് നിയമനങ്ങളൊക്കെ നടക്കുന്നതെന്നും സതീശന്‍ ആഞ്ഞടിച്ചു.

അതേസമയം, വിധി സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന കുറ്റപ്പെടുത്തലുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രംഗത്തെത്തി. അധ്യാപനപരിചയക്കാലം എത്തരത്തിലാണ് നിര്‍ണയിക്കേണ്ടതെന്നും അധ്യാപികമാരുടെ മറ്റേണിറ്റി ലീവുള്‍പ്പെടെയുളള വിഷയങ്ങള്‍ ഈ വിധിയോടെ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കുമെന്നും ജയരാജന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.