പ്രിയ വര്‍ഗീസിന്റെ നിയമന വിവാദം: ഹൈക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല

പ്രിയ വര്‍ഗീസിന്റെ നിയമന വിവാദം: ഹൈക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല

കണ്ണൂര്‍: പ്രിയ വര്‍ഗീസിന്റെ നിയമന ശുപാര്‍ശ റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല. വിധി നടപ്പാക്കുന്നതില്‍ കണ്ണൂര്‍ സര്‍വകലാശല നിയമോപദേശം തേടി. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു ചേര്‍ക്കും.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ നിയമനത്തിന് പ്രിയ വര്‍ഗീസ് അയോഗ്യയെന്ന ഹൈക്കോടതി ഉത്തരവ് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. നിയമന നടപടികള്‍ക്കായുള്ള സ്‌ക്രീനിങ്, സെലക്ഷന്‍ കമ്മിറ്റികള്‍ക്കെതിരായ കോടതിയുടെ രൂക്ഷ വിമര്‍ശനവുമാണ് സര്‍വകലാശാലയെ പ്രതിരോധത്തിലാക്കിയത്. വിധിയിലെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച ആദ്യം സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു ചേര്‍ക്കും. വിഷയത്തില്‍ വൈസ് ചാന്‍സിലര്‍ സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.

വിധിക്കെതിരായ അപ്പീല്‍ നീക്കം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഏതെങ്കിലും ഉദ്യോഗാര്‍ഥിക്കായി സര്‍വകലാശാല അപ്പീല്‍ നല്‍കുന്നത് നിലനില്‍ക്കില്ല. എന്നാല്‍ പ്രിയ വര്‍ഗീസ് അപ്പീല്‍ നല്‍കുന്നുണ്ടെങ്കില്‍ നല്‍കട്ടെയെന്നാണ് സര്‍വകലാശാല നിലപാട്. പ്രിയ വര്‍ഗീസ് ഇടക്കാല സ്റ്റേ നേടിയാല്‍ തുടര്‍ നീക്കങ്ങള്‍ക്കായി കൂടുതല്‍ സമയം ലഭിക്കും. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കാനുള്ള കോടതി നിര്‍ദ്ദേശ പ്രകാരം രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയക്കാണ് ഒന്നാം റാങ്കിന് അര്‍ഹത.

പ്രിയ വര്‍ഗീസിനെ ഒഴിവാക്കിയുള്ള പുതിയ പട്ടിക തയ്യാറാക്കുന്ന നടപടിയിലേക്ക് കടക്കുകയാണ് സര്‍വകലാശാലയ്ക്ക് മുന്നിലുള്ള പോംവഴി. വിഷയത്തില്‍ സര്‍വകലാശാലാ നിലപാട് വിശദീകരിക്കാന്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഇന്ന് മാധ്യമങ്ങളെ കാണും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.