മ്യാന്മറില്‍ തടവിലായിരുന്ന ഓസ്‌ട്രേലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന് മോചനം; 650 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം നാട്ടിലെത്തി

മ്യാന്മറില്‍ തടവിലായിരുന്ന ഓസ്‌ട്രേലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന് മോചനം; 650 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം നാട്ടിലെത്തി

പൊതുമാപ്പിലൂടെ മോചനം ലഭിച്ചത് 6000-ലധികം പേര്‍ക്ക്

നയ്പിഡോ: ഒന്നര വര്‍ഷത്തിലേറെയായി മ്യാന്മാറില്‍ തടവിലായിരുന്ന ഓസ്‌ട്രേലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ സീന്‍ ടര്‍ണല്‍ ഉള്‍പ്പെടെ ആറായിരത്തിലേറെ പേര്‍ക്ക് ജയിലില്‍നിന്നു മോചനം. ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുമാപ്പിന്റെ ഭാഗമായാണ് തടവുകാരെ മോചിപ്പിച്ചത്. വിട്ടയച്ചവരില്‍ മുന്‍ ബ്രിട്ടീഷ് സ്ഥാനപതി വിക്കി ബോമാന്‍, ജാപ്പനീസ് മാധ്യമ പ്രവര്‍ത്തകന്‍ ടോറു കുബോട്ട എന്നിവരും ഉള്‍പ്പെടുന്നുണ്ട്. മോചനം ലഭിച്ച 676 പേര്‍ വനിത തടവുകാരാണ്.

സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റ് പദവിയില്‍നിന്നു പുറത്താക്കപ്പെട്ട നേതാവ് ഓങ് സാന്‍ സൂചി അധികാരത്തിലിരുന്ന സമയത്ത് അവരുടെ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുകയായിരുന്നു ഓസ്‌ട്രേലിയക്കാരനായ സീന്‍ ടര്‍ണല്‍. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള മക്വെറി സര്‍വകലാശാലയിലെ സാമ്പത്തിക വിഭാഗം പ്രഫസറാണ് ടര്‍ണല്‍.

പട്ടാള അട്ടിമറിക്കു തൊട്ടുപിന്നാലെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സൈന്യം ഇദ്ദേഹത്തെ തടവിലാക്കിയത്. സെപ്റ്റംബറില്‍, അദ്ദേഹത്തെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന് ആരോപിച്ച് കോടതി മൂന്ന് വര്‍ഷം വീതം തടവിന് വിധിച്ചു. സീന്‍ ടര്‍ണലിന്റെ മോചനത്തിനായി ഓസ്‌ട്രേലിയ നിരന്തരം ശ്രമിച്ചുവരികയായിരുന്നു.

മ്യാന്മറില്‍ 650 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം സീന്‍ ടര്‍ണലിനെ വഹിച്ചുകൊണ്ടുള്ള വിമാനം ഇന്നലെ മെല്‍ബണില്‍ ഇറങ്ങി.

തന്റെ പ്രിയ ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് സീന്‍ ടര്‍ണലിന്റെ ഭാര്യ ഹാ വു പറഞ്ഞു. 22 മാസത്തിനു ശേഷമാണ് അദ്ദേഹം കുടുംബമായി ചേരുന്നത്. അദ്ദേഹത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച ഓസ്ട്രേലിയന്‍ സര്‍ക്കാരിനോടും നയതന്ത്രജ്ഞരോടും മറ്റെല്ലാവരോടും അവര്‍ നന്ദി അറിയിച്ചു.

'ഓസ്ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍, പ്രത്യേകിച്ച് വിദേശകാര്യ, വ്യാപാര വകുപ്പ് (ഡി.എഫ്.എ.ടി), വിദേശകാര്യ മന്ത്രി, യാംഗൂണിലെ എംബസി എന്നിവരുടെ നിരന്തരമായ പരിശ്രമങ്ങള്‍ക്കും പിന്തുണയ്ക്കും കുടുംബത്തിന്റെ പേരില്‍ പ്രത്യേകം നന്ദി പറയുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സീന്‍ ടര്‍ണല്‍ മാധ്യമങ്ങളോട് സംസാരിച്ചില്ല.

ഓസ്‌ട്രേലിയയിലെത്തിയ ശേഷം പ്രധാനമന്ത്രി ആന്റണി അല്‍ബാനീസി സീന്‍ ടര്‍ണലുമായി സംസാരിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അദ്ദേഹത്തിന്റെ വാദം കോടതിയില്‍ കേള്‍ക്കുന്നതിന് ഓസ്‌ട്രേലിയന്‍ എംബസിക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനെതിരെ ഓസ്‌ട്രേലിയയും നിരവധി മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു.

2002 മുതല്‍ 2006 വരെ മ്യാന്മറില്‍ യു.കെ അംബാസഡറായി സേവനമനുഷ്ഠിച്ചയാളാണ് വിക്കി ബോമാന്‍. കഴിഞ്ഞ ഓഗസ്റ്റിലാണ് കുടിയേറ്റ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ബോമാനെയും ഭര്‍ത്താവും പ്രമുഖ കലാകാരനുമായ ഹ്ടീന്‍ ലിന്നിനെയും ജയിലിലാക്കിയത്. ജാപ്പനീസ് മാധ്യമ പ്രവര്‍ത്തകന്‍ ടോറു കുബോട്ടയെ സര്‍ക്കാര്‍ വിരുദ്ധ റാലിയുടെ പേരില്‍ ജൂലൈയില്‍ കസ്റ്റഡിയിലെടുത്തതാണ്.

ഇമിഗ്രേഷന്‍ നിയമം ലംഘിച്ചതിനും രാജ്യദ്രോഹത്തിനും ഇലക്ട്രോണിക് ആശയവിനിമയവുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ക്കും 26 കാരനായ ടോറു കുബോട്ടയെ കഴിഞ്ഞ മാസം 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ചിത്രീകരിക്കുന്നതിനിടെ കുബോട്ടയെ അധികൃതര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.