വത്തിക്കാന്‍ സിറ്റി: കുട്ടികള്‍ക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങളുടെ വ്യാപ്തി ലോകം തിരിച്ചറിയേണ്ടതുണ്ടെന്നും അതിജീവിച്ചവരെ ശ്രവിക്കുന്നതിലൂടെ എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് നേതാക്കള്‍ തിരിച്ചറിയണമെന്നും ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിന്റെ പ്രഥമവനിത ഫാത്തിമ മാദാ ബയോ. അതിക്രമങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ തയ്യാറാകുന്നവരെ അംഗീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍, ചൂഷണം, ദുരുപയോഗം എന്നിവയ്‌ക്കെതിരെയുള്ള ലോക ദിനാചരണവുമായി ബന്ധപ്പെട്ട് റോമില്‍ നടത്തിയ ദ്വിദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫാത്തിമ മാദാ ബയോ.
ലൈംഗിക ദുരുപയോഗവും ചൂഷണവും അവസാനിപ്പിക്കുന്നതിന് ഒരു വലിയ മാറ്റം ആവശ്യമാണെന്നും ഇവിടെ വിശ്വാസാധിഷ്ഠിത സമൂഹങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും യൂണിസെഫിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഡയറക്ടര്‍ കൊര്‍ണേലിയസ് വില്യംസ് പറഞ്ഞു.
എല്ലാ വര്‍ഷവും നവംബര്‍ 18, കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര ബോധവത്കരണദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനമെടുത്തിരുന്നു. അതിക്രമങ്ങള്‍ തടയേണ്ടതിന്റെയും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതിന്റെയും അതിജീവിതര്‍ക്ക് പിന്തുണനല്‍കേണ്ടതിന്റെയും ആവശ്യകത സമൂഹത്തില്‍ ചര്‍ച്ചയാക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
110 രാജ്യങ്ങളുടെ പിന്തുണയോടെ സിയെറ ലിയോണ്‍, നൈജീരിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് പ്രമേയം കൊണ്ടുവന്നത്. ഫാത്തിമ മാദാ ബയോ പ്രമേയം അവതരിപ്പിച്ചു. യുഎന്നിലെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ച് ബിഷപ്പ് ഗബ്രിയേല്‍ ഗിയോര്‍ഡാനോ കാസിയ അസംബ്ലിയെ അഭിസംബോധന ചെയ്തു. തീരുമാനത്തിന് വത്തിക്കാന്റെ അഭിനന്ദനവും പൂര്‍ണ്ണ പിന്തുണയും അറിയിച്ചിരുന്നു.
ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനുവേണ്ടി റോമില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ സമ്മേളനം നടത്തിയത്. കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയ്‌ക്കൊപ്പം കുട്ടികള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ വിവിധ നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പാനല്‍ ചര്‍ച്ചയും നടന്നു. സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാവുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശകലനങ്ങളായിരുന്നു ചര്‍ച്ചയുടെ കാതല്‍.
റിപ്പബ്ലിക് ഓഫ് സിയെറ ലിയോണിന്റെ പ്രഥമ വനിതയും അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ ഫാത്തിമ മാദാ ബയോ പാനലില്‍ മുഖ്യ പ്രഭാഷണം നടത്തി. ബലാത്സംഗം ആഫ്രിക്കയിലെ ഒരു പ്രധാന പ്രശ്‌നമാണ്, അതേസമയം ഒരു ആഗോള പ്രശ്‌നമാണ്. നാം എവിടെയാണോ ഉള്ളത് അവിടെനിന്ന് ബലാത്സംഗത്തിനെതിരേയുള്ള നടപടികള്‍ ആരംഭിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിജീവിച്ച ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ദിവസമാണിത്. ഇത് ആഘോഷിക്കപ്പെടേണ്ട ദിവസമല്ല. മുറിവുണക്കാനുള്ള അവസരമാണിത്. ഒരു ഇരയില്‍ നിന്ന് അതിജീവിതയിലേക്കും അതിനപ്പുറത്തേക്കും വളരാന്‍ കഴിയണം.
റോമിലെ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടന്ന മെഴുകുതിരി ശുശ്രൂഷയോടും ജാഗരണത്തോടും കൂടിയാണ് ദ്വിരാഷ്ട്ര പരിപാടികള്‍ സമാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.