ഇറാനിൽ അടിച്ചമർത്തൽ ശക്തം; കുർദിഷ് മേഖലകളിൽ സൈന്യം വിന്യസിച്ചു; ഹിജാബ് നീക്കിയ സിനിമാ താരങ്ങള്‍ ഉൾപ്പെടെ അറസ്റ്റിൽ

ഇറാനിൽ അടിച്ചമർത്തൽ ശക്തം; കുർദിഷ് മേഖലകളിൽ സൈന്യം വിന്യസിച്ചു; ഹിജാബ് നീക്കിയ സിനിമാ താരങ്ങള്‍ ഉൾപ്പെടെ അറസ്റ്റിൽ

ടെഹ്‌റാൻ: രാജ്യത്തെ കുർദിഷ് മേഖലകളിലെ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ സൈന്യത്തെ വിന്യസിച്ച് ഇറാൻ സർക്കാർ. കഴിഞ്ഞദിവസം പ്രതിഷേധ പ്രകടങ്ങളിൽ പങ്കെടുത്ത നാല് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇറാനിൽ 10 ദശലക്ഷം പേർ കുർദിഷ് വിഭാഗത്തിൽപെടുന്നവരാണ്.

കൂടാതെ പ്രക്ഷോഭങ്ങളെ പിന്തുണച്ച രണ്ട് പ്രമുഖ താരങ്ങളെ ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തു. പരസ്യമായി ശിരോവസ്ത്രം അഴിച്ചതിനാണ് നടിമാരായ ഹെൻഗാമെ ഗാസിയാനിയെയും കതയൗൻ റിയാഹിയെയും അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകൾ പരിശോധിച്ച് സമൻസ് അയച്ചതിന് ശേഷമാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് ഇറാൻ സർക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ ഐആർഎൻഎ റിപ്പോര്‍ട്ട് ചെയ്തു.

ചിലപ്പോൾ ഇത് തന്റെ അവസാന പോസ്റ്റായിരിക്കാം എന്ന് പറഞ്ഞു​കൊണ്ടാണ് ഗാസിയാനി ഹിജാബ് നീക്കം ചെയ്യുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കഴിഞ്ഞ ആഴ്ച ഒരു പോസ്റ്റിൽ ഇറാനിയൻ സർക്കാർ കുട്ടികളുടെ കൊലപാതകിയാണെന്നും 50 ലേറെ കുട്ടികളെ കൊന്നിട്ടുണ്ടെന്നും ആരോപിച്ചിരുന്നു.സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ഘാസിയാനി അടക്കം എട്ടുപേർക്ക് സമൻസ് അയച്ചിട്ടുണ്ടെന്ന് സർക്കാറിന്റെ ഓൺലൈൻ വെബ് സൈറ്റായ മിസാൻ വ്യക്തമാക്കിയിരുന്നു.


കതയൗൻ റിയാഹി, ഹെൻഗാമെ ഗാസിയാനി

സമാനമായ സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഒടുവിലാണ് റിയാഹിയെയും അറസ്റ്റ് ചെയ്തത്. സെപ്റ്റംബറിൽ റിയാഹി, ഹിജാബ് ധരിക്കാതെ ലണ്ടൻ ആസ്ഥാനമായുള്ള ഇറാൻ ഇന്റർനാഷണൽ ടിവിക്ക് അഭിമുഖം നൽകിയിരുന്നെന്നും അറസ്റ്റ് സംബന്ധിച്ച് ഇറാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഭിനയത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കും നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയയാളാണ് റിയാഹി.

സോഷ്യൽ മീഡിയയിലെ വീഡിയോകൾ സൂചിപ്പിക്കുന്നത് പ്രകാരം പടിഞ്ഞാറൻ നഗരമായ മഹബാദിൽ, വൻ ആയുധധാരികളായ സൈനികരെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങളുടെ ഒരു നിര തന്നെ വിന്യസിച്ചിട്ടുണ്ട്. സുന്നി ആധിപത്യമുള്ള കുർദിഷ് നഗരമായ മഹബാദിലെ പ്രതിഷേധം അടിച്ചമർത്താൻ എത്തിയ സൈനിക ഹെലികോപ്റ്ററുകൾ റവല്യൂഷണറി ഗാർഡിലെ അംഗങ്ങളെ വഹിച്ചിരുന്നതായി നോർവേ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന ഹെൻഗാവ് പറഞ്ഞു.

സംസ്ഥാന മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനയിൽ, പ്രദേശത്തെ "ഭീകര വിഘടനവാദ ഗ്രൂപ്പുകളെ" നേരിടാൻ വടക്കുപടിഞ്ഞാറൻ കുർദിഷ് മേഖലയിൽ തങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തുന്നതായി ഗാർഡുകൾ വിശദീകരിച്ചു. അതിനിടെ ഷിയാ ഭരിക്കുന്ന ഇറാനോട് ശക്തമായ വിയോജിപ്പുള്ള പ്രമുഖ സുന്നി പുരോഹിതൻ മൊലവി അബ്ദുൽഹമീദ്, മഹബാദിൽ ആളുകൾക്ക് നേരെ വെടിയുതിർക്കുന്നതിൽ നിന്ന് സുരക്ഷാ സേന പിന്മാറണമെന്ന് അഭ്യർത്ഥിച്ചു.

കുർദിഷ് മേഖലയിൽ നാല് പ്രതിഷേധക്കാരെങ്കിലും കൊല്ലപ്പെട്ടതായി ഹെൻഗാവ് പറഞ്ഞു. കുർദിഷ് നഗരമായ മരിവാനിൽ, സൈന്യം ആളുകൾക്ക് നേരെ വെടിയുതിർതായും മനുഷ്യാവകാശ സംഘടനയായ ഹെൻഗാവ് വ്യക്തമാക്കി. നിരവധി കുർദിഷ് നഗരങ്ങളിൽ "പ്രതിരോധം" തുടർന്നുവെന്നും ആക്ടിവിസ്റ്റുകളും ഹെൻഗാവും ട്വിറ്ററിൽ പറയുന്നു. കുർദിഷ് നഗരമായ ജവൻറൂദിൽ 16 വയസ്സുള്ള ഒരു വിദ്യാർത്ഥിയും ഒരു സ്കൂൾ അധ്യാപികയും കൊല്ലപ്പെട്ടതായി ആക്ടിവിസ്റ്റ് തസ്വീർ വ്യക്തമാക്കി. എന്നാൽ ഈ വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചതായാണ് ഇറാൻ സ്റ്റേറ്റ് മീഡിയയുടെ അറിയിപ്പ്. 1979 ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഭരണകൂടത്തിനെതിരെ ശക്തമായ വെല്ലുവിളിയാണ് ഇറാൻ ജനത ഉയർത്തുന്നത്. സമൂഹത്തിന്റെ എല്ലാ തലങ്ങളിൽ നിന്നുമുള്ള ഇറാനികൾ നടത്തിയ ജനകീയ കലാപമായി പ്രക്ഷോഭം മാറിയിരിക്കുകയാണ്.

ശനിയാഴ്ച വരെ പ്രായപൂർത്തിയാകാത്ത 58 പേർ ഉൾപ്പെടെ 410 പ്രതിഷേധക്കാർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി (HRANA) അറിയിച്ചു. സുരക്ഷാ സേനയിലെ 54 അംഗങ്ങളും കൊല്ലപ്പെട്ടു, 17,251 ലധികം പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ മരണസംഖ്യയുടെ കണക്ക് അധികൃതർ നൽകിയിട്ടില്ല.

22 കാരിയായ ഇറാനിയൻ കുർദിഷ് വനിത മഹ്‌സ അമിനി സെപ്റ്റംബറിൽ സദാചാര പോലീസിന്റെ കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്ന് രാജ്യവ്യാപക പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ മുൻകാല ആരോഗ്യപ്രശ്നങ്ങളാലാണ് അമിനിയുടെ മരണമെന്നായിരുന്നു ഭരണകൂടത്തിന്റെ വാദം. രണ്ട് മാസത്തിലേറെയായി നടക്കുന്ന പ്രക്ഷോഭങ്ങൾ രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

ശത്രുക്കളാണ് പ്രക്ഷോഭകാരികളെ പ്രോത്സാഹിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് ഇതുവരെ ആറ് പേരെയാണ് ഇറാന്‍ ഭരണകൂടം വധശിക്ഷക്ക് വിധിച്ചത്. കുറഞ്ഞത് 21 പേർക്കെതിരെ വധശിക്ഷയ്ക്ക് കാരണമായേക്കാവുന്ന കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടിട്ടുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു.

കൂട്ട അറസ്റ്റുകളിലും അടിച്ചമർത്തലുകളിലും കായികതാരങ്ങളും ചലച്ചിത്ര താരങ്ങളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ഇരകളായിട്ടുണ്ട്. പ്രക്ഷോഭത്തെ കുറിച്ചുള്ള ചോദ്യം ചെയ്യലിൽ, ഇറാനിലെ അറിയപ്പെടുന്ന ഫുട്ബോൾ ടീമുകളിലൊന്നായ പെർസെപോളിസ് എഫ്‌സിയിൽ നിന്നുള്ള യഹ്‌യ ഗോൾമോഹമ്മദിയുടെ പരിശീലകനും ഉൾപ്പെട്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സ്പെയിനിലെ ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ പോയതിന് ശേഷം ഇറാനിലേക്ക് മടങ്ങില്ലെന്ന് ഇറാൻ ബോക്സിംഗ് ഫെഡറേഷൻ തലവൻ ഹുസൈൻ സൂരി പറഞ്ഞു. മനുഷ്യരെ കൊന്നൊടുക്കുന്ന രാജ്യത്തെ സേവിക്കാൻ തനിക്ക് താല്‍പ്പര്യമില്ലെന്ന് അദ്ദേഹം പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വിശദീകരിക്കുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ, ഇറാന്ഒ ടീം അംഗങ്ങൾ രാജ്യത്തെ ജനങ്ങളുടെ ശബ്ദമാകാൻ ആഗ്രഹിക്കുന്നുവെന്ന് ദേശീയ ടീം ക്യാപ്റ്റൻ എഹ്‌സാൻ ഹജ്‌സഫിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.