ആശ്രിത നിയമനം: ദത്തെടുത്ത മക്കള്‍ക്കും അവകാശം; വിവേചനം പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ആശ്രിത നിയമനം: ദത്തെടുത്ത മക്കള്‍ക്കും അവകാശം; വിവേചനം പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്നുള്ള ആശ്രിത നിയമനത്തിന് ദത്തെടുത്ത മക്കള്‍ക്കും അവകാശമുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. ഇക്കാര്യത്തില്‍ ഒരു വിവേചനവും പാടില്ലെന്നും ജസ്റ്റിസുമാരായ സുരാജ് ഗോവിന്ദരാജ്, ജി ബസവരാജ എന്നിവര്‍ ഉത്തരവിട്ടു.

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസില്‍ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ ആയിരുന്നയാളുടെ ദത്തുപുത്രന് ആശ്രിത നിയമന പ്രകാരം ജോലി നിഷേധിച്ച കേസിലാണ് ഹൈക്കോടതി നടപടി.

സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് മകന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ആശ്രിത നിയമനത്തില്‍ വിവേചനം കാണിക്കുന്ന സര്‍ക്കാര്‍ നടപടി നിലവിലെ ചട്ടത്തിന്റെ പേരിലായാലും നിയമോപദേശത്തിന്റെ പേരിലായാലും നിലനില്‍ക്കുന്നതല്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇത്തരത്തില്‍ വിവേചനം കാണിച്ചാല്‍ ദത്ത് എന്ന പ്രക്രിയയുടെ ലക്ഷ്യത്തെ തന്നെയാണ് അത് ചോദ്യം ചെയ്യുന്നത്. ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്നും ഹൈക്കോടതി വിലയിരുത്തി.

ദത്തു പുത്രന് നിയമനം നല്‍കാന്‍ ചട്ടത്തില്‍ വ്യവസ്ഥയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപേക്ഷ തള്ളിയത്. പിന്നീട് 2021 ല്‍ സര്‍ക്കാര്‍ ഈ ചട്ടം തിരുത്തി. എന്നാല്‍ 2018 ല്‍ അപേക്ഷ നല്‍കിയ കേസില്‍ ഇതു ബാധകമല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ഇതു കോടതി തള്ളുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.