ഡിംപിളിനായി രണ്ട് അഭിഭാഷകര്‍, കോടതിയില്‍ തര്‍ക്കം; ഇത് ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ്: പ്രതികള്‍ 26 വരെ കസ്റ്റഡിയില്‍

ഡിംപിളിനായി രണ്ട് അഭിഭാഷകര്‍, കോടതിയില്‍ തര്‍ക്കം; ഇത് ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ്: പ്രതികള്‍ 26 വരെ കസ്റ്റഡിയില്‍

കൊച്ചി: മോഡലായ യുവതിയെ ഒാടുന്ന വാഹനത്തില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളെയും നവംബര്‍ 26 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍, നിധിന്‍ മേഘനാഥന്‍, സുദീപ്, രാജസ്ഥാന്‍ സ്വദേശി ഡിംപിള്‍ ലാമ്പ എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്.

പ്രതികളുടേത് ആസൂത്രിതവും മൃഗീയവുമായ പ്രവൃത്തിയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പരാതിക്കാരിക്ക് മദ്യം വാങ്ങി നല്‍കി അബോധാവസ്ഥയിലാക്കിയാണ് പീഡിപ്പിച്ചത്. ഹോട്ടലിന് പുറത്ത് പാര്‍ക്കിങ് ഏരിയയില്‍ വെച്ചും വാഹനത്തില്‍ വെച്ചും ക്രൂരമായ കൂട്ടബലാത്സംഗം നടന്നു. കേസില്‍ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

എന്നാല്‍ പാസ് വേര്‍ഡ് ലോക്കുള്ളതിനാല്‍ ഇത് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. നാലാം പ്രതി ഡിംപിളിന്റെ ഫോണും കണ്ടെടുക്കാനുണ്ട്. മറ്റൊരു സംസ്ഥാനത്തു നിന്നെത്തി ഇവിടെ ഒറ്റയ്ക്ക് താമസിച്ചു വരുന്ന ഡിംപിളിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് 26-ാം തിയതി വരെ നാലു പ്രതികളെയും കസ്റ്റഡിയില്‍ വിട്ടത്.

പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ നാടകീയ രംഗങ്ങളും അരങ്ങേറി. ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായതാണ് കോടതി മുറിയിലെ തര്‍ക്കത്തിന് കാരണമായത്. അഡ്വ. അഫ്സലും അഡ്വ. ബി.എ. ആളൂരും ഡിംപിളിന് വേണ്ടി കോടതിയില്‍ എത്തിയിരുന്നു. അഡ്വ. അഫ്സലിനെയാണ് ഡിംപിള്‍ വക്കാലത്ത് ഏല്‍പ്പിച്ചിരുന്നത്.

എന്നാല്‍ വക്കാലത്ത് ഇല്ലാതെ അഡ്വ. ആളൂരും കോടതിയില്‍ ഹാജരാവുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ തര്‍ക്കിക്കാന്‍ ഇത് ചന്തയല്ലെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. താന്‍ വക്കാലത്ത് ഏല്‍പ്പിച്ചത് അഫ്സലിനാണെന്ന് ഡിംപിളും വ്യക്തമാക്കി. ഇതോടെ ആളൂരിന് പിന്മാറേണ്ടി വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.