അമേരിക്കയിലെ വാള്‍മാര്‍ട്ടില്‍ മാനേജര്‍ നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ വാള്‍മാര്‍ട്ടില്‍ മാനേജര്‍ നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: അമേരിക്കയിലെ വെര്‍ജീനിയയിലുളള വാള്‍മാര്‍ട്ടിലുണ്ടായ വെടിവയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചെസാപീക്ക് എന്ന സ്ഥലത്താണ് സംഭവം.

വാള്‍മാര്‍ട്ട് സ്റ്റോര്‍ മാനേജരാണ് വെടിയുതിര്‍ത്തത്. ഇയാളെ സ്റ്റോറിനുളളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി കണ്ടെത്തി. സ്റ്റോര്‍ മാനേജര്‍ സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്ന് വെര്‍ജീനിയന്‍ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരും ഉപഭോക്താക്കളും ഉള്‍പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ നിരവധിപ്പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്ന് ചെസാപീക്ക് പൊലീസ് ഓഫിസര്‍ ലിയോ കോസിന്‍സ്‌കി മാധ്യമങ്ങളോടു പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി പത്തേകാലോടെയാണ് വെടിവയ്പ്പുണ്ടായത്. സംഭവം ഞെട്ടലുണ്ടാക്കിയെന്ന് വാള്‍മാര്‍ട്ട് കമ്പനി പ്രതികരിച്ചു. വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അന്വേഷണത്തില്‍ പൊലീസുമായി സഹകരിക്കും എന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ ഏറ്റവും വലിയ റീട്ടെയില്‍ കമ്പനിയാണ് വാള്‍മാര്‍ട്ട്.

അമേരിക്കയില്‍ മൂന്ന് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ഞായറാഴ്ച കൊളറാഡോയിലെ നൈറ്റ് ക്ലബിലുണ്ടായ വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും, 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.