ന്യൂഡല്‍ഹി: വിവാഹ മോചിതരായാലും കുട്ടികളുടെ സംരക്ഷണത്തില്‍ അച്ഛനും അമ്മയ്ക്കും തുല്യ അവകാശം നല്‍കുന്ന വിവാഹ മോചന നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സമഗ്ര പരിഷ്‌കരത്തിനാണ് ഒരുങ്ങുന്നത്. ഇതിനായി നിയമകമ്മിഷന്‍ നല്‍കിയ ശുപാര്‍ശകളില്‍ മിക്കതും ഉള്‍പ്പെടുത്തിയുള്ള ബില്‍ പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനങ്ങളിലൊന്നില്‍ അവതരിപ്പിച്ചേക്കും.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണത്തില്‍ രക്ഷാകര്‍ത്തൃത്വത്തിലും സംരക്ഷണത്തിലും അച്ഛനും അമ്മയ്ക്കും തുല്യ അവകാശം നല്‍കുക, കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് അച്ഛന്റെയും അമ്മയുടെയും സാന്നിധ്യം ഒരുപോലെ ഉറപ്പാക്കുക, മുത്തച്ഛനും മുത്തശ്ശിക്കും കുട്ടിയെ പരിചരിക്കാന്‍ അവസരമൊരുക്കുക തുടങ്ങിയവാണ് കമ്മിഷന്‍ ശുപാര്‍ശകള്‍.
നിയമകമ്മിഷന്റെ 257-ാം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1890 ലെ ഗാര്‍ഡിയന്‍സ് ആന്‍ഡ് വാര്‍ഡ് നിയമവും 1956 ലെ ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് നിയമവും ഭേദഗതി ചെയ്യാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കംകുറിച്ചു. ഈ ഭേദഗതി 1869 ലെ ഇന്ത്യന്‍ വിവാഹമോചന നിയമം, 1936 ലെ പാഴ്സി വിവാഹ, വിവാഹ മോചന നിയമം, 1955 ലെ ഹിന്ദു വിവാഹനിയമം എന്നിവയിലും ബാധകമാക്കും.
പുതിയ ഭേദഗതിപ്രകാരം നിയമത്തില്‍ രക്ഷാകര്‍ത്താവ് എന്നത് അച്ഛനും അമ്മയും എന്നായി മാറും. 1956 ലെ ഹിന്ദു രക്ഷാകര്‍തൃത്വ നിയമപ്രകാരം വിവാഹമോചിതരാവുന്ന ദമ്പതിമാരുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെയും അവിവാഹിതയായ മകളുടെയും രക്ഷാകര്‍ത്താവ് അച്ഛനും അതുകഴിഞ്ഞാല്‍ അമ്മയുമാണ്.
നിലവിലെ നിയമത്തില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മയ്ക്കാണ്. പുതിയ ഭേദഗതി പ്രകാരം സംരക്ഷണ ചുമതല അച്ഛനും അമ്മയ്ക്കും ഒരേപോലെയാകും. ഏതെങ്കിലും കാരണത്താല്‍ സംയുക്ത സംരക്ഷണം കോടതി അനുവദിച്ചില്ലെങ്കില്‍മാത്രമേ അമ്മയ്ക്ക് മാത്രമായി സംരക്ഷണ ചുമതല വരു.
അച്ഛനും അമ്മയ്ക്കുമൊപ്പം കുട്ടി തുല്യസമയം ചെലവഴിക്കണം. അല്ലെങ്കില്‍ സമയം കോടതി പ്രത്യേകമായി നിശ്ചയിക്കണം. നേരത്തേ രക്ഷാകര്‍ത്താവ് അച്ഛനും സംരക്ഷണം അമ്മയുമായിരുന്നപ്പോള്‍ ചെലവ് വഹിക്കേണ്ടിയിരുന്നത് അച്ഛനായിരുന്നു. ഇനിയിത് അമ്മയുടെകൂടി ഉത്തരവാദിത്വമാവും. സംയുക്ത സംരക്ഷണത്തിനായി രക്ഷാകര്‍ത്താക്കള്‍ക്ക് കോടതിയില്‍ മുന്‍കൂട്ടി പദ്ധതി സമര്‍പ്പിക്കാം.
രക്ഷാകര്‍ത്തൃ പദ്ധതിയില്‍ പിന്നീടു തര്‍ക്കമുണ്ടായാല്‍ കോടതി വ്യവഹാരമില്ലാതെ മധ്യസ്ഥതയാകാം. മധ്യസ്ഥതയുടെ യോഗ്യതകളും പുതിയ ഭേദഗതിയിലുണ്ട്. കുട്ടിയെ ഒരു സ്ഥലത്തുനിന്നു മാറ്റുകയാണെങ്കില്‍ 30 ദിവസംമുമ്പ് രണ്ടാം രക്ഷാകര്‍ത്താവിനെ അറിയിക്കണം. തര്‍ക്കമുണ്ടായാല്‍ കോടതിയെയോ മധ്യസ്ഥനെയോ ഇക്കാര്യം ബോധ്യപ്പെടുത്തണം. തുടങ്ങിയ മാറ്റങ്ങളും നിയമത്തില്‍ ലക്ഷ്യമിടുന്നു.
രണ്ടു രക്ഷാകര്‍ത്താക്കളുടെയും അര്‍ഥവത്തായ ഇടപെടല്‍ കുട്ടിക്കു ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ മാറ്റങ്ങളെന്ന് ബില്‍ നിരീക്ഷിക്കുന്നു. മാത്രവുമല്ല, കുട്ടിയുടെ സംരക്ഷണവും കരുതലും വികാസവും ഉറപ്പുവരുത്താന്‍ രക്ഷാകര്‍ത്താക്കള്‍ രണ്ടുപേരും അവരവരുടെ കടമയും ഉത്തരവാദിത്വവും ഒരുപോലെ ഉപയോഗിക്കുകയാണ് നിയമം മാറ്റുന്നതിലൂടെ ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.