'എല്ലാം നേരെയാണ് നടക്കുന്നതെന്ന് നിങ്ങള്‍ അവകാശപ്പെടുന്നു; അത് ഞങ്ങള്‍ക്കുകൂടി ബോധ്യപ്പെടണം': അരുണ്‍ ഗോയലിന്റെ നിയമനത്തില്‍ സുപ്രീം കോടതി

'എല്ലാം നേരെയാണ് നടക്കുന്നതെന്ന് നിങ്ങള്‍ അവകാശപ്പെടുന്നു; അത് ഞങ്ങള്‍ക്കുകൂടി ബോധ്യപ്പെടണം': അരുണ്‍ ഗോയലിന്റെ നിയമനത്തില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: വിരമിച്ച പഞ്ചാബ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിന്റെ നിയമനത്തില്‍ ആഞ്ഞടിച്ച് സുപ്രീം കോടതി. എല്ലാ കാര്യങ്ങളും നേരയാണ് നടക്കുന്നതെങ്കില്‍ അത് ഞങ്ങള്‍ക്കുകൂടി ബോധ്യപ്പെടണമെന്ന് സുപ്രീം കോടതി വാക്കാല്‍ പറഞ്ഞു. അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ നിയമന നടപടി പരിഷ്‌കരിക്കണെമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഭരണഘടന ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം. നിയമനം ഒഴിവാക്കാമായിരുന്നവെന്നു ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു.

നിയമന പ്രക്രിയ എങ്ങനെയെന്ന് മനസിലാക്കുന്നതിനാണ് എല്ലാ ഫയലുകളും ആവശ്യപ്പെട്ടിരിക്കുന്നത്. ഫയലുകള്‍ ഇന്ന് ഹാജരാക്കണം. നിയമനത്തിന്റെ നടപടിക്രമങ്ങള്‍ എല്ലാം സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ ശരിയായ രീതിയിലാണെങ്കില്‍ ഭയപ്പെടാന്‍ ഇല്ലെന്ന് ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി. നിയമനം നടത്തുന്നതിന് കോടതിയുടെ വിലക്ക് ഉണ്ടായിരുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി വാദിച്ചു.

അരുണ്‍ ഗോയലിന്റെ നിയമനം ശരിയായ രീതിയില്‍ അല്ല നടന്നതെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചിരുന്നു. സാധാരണ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി വിരമിച്ച ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. എന്നാല്‍, വ്യാഴാഴ്ച ഭരണഘടനാ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കാന്‍ തുടങ്ങിയതിന് തൊട്ടടുത്ത ദിവസം അരുണ്‍ ഗോയലിന് സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. തൊട്ടടുത്ത ദിവസം അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. മെയ് മാസം മുതല്‍ ഒഴിഞ്ഞുകിടക്കുന്ന ഒഴിവിലേക്കാണ് തിടുക്കത്തില്‍ സര്‍ക്കാര്‍ നിയമനം നടത്തിയതെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

സര്‍ക്കാര്‍ നിയമിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പ്രധാനമന്ത്രിക്കുനേരെ നടപടിയെടുക്കാന്‍ തയ്യാറാകുമോ എന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ആരാഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്ന സമിതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉണ്ടാകണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യത്തെ എതിര്‍ത്തു. സിബിഐ ഡയറക്റ്റര്‍ പോലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ കാണാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.