സെര്‍ബിയന്‍ പ്രതിരോധം തകര്‍ത്ത് ബ്രസീലിന്റെ മുന്നേറ്റം; എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം

സെര്‍ബിയന്‍ പ്രതിരോധം തകര്‍ത്ത് ബ്രസീലിന്റെ മുന്നേറ്റം; എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം

ദോഹ: ആക്രമണവും പ്രത്യാക്രമണവുമായി കളം നിറഞ്ഞ ബ്രസീൽ സെബിയ പോരാട്ടത്തിൽ കാനറികൾക്ക് മിന്നും ജയം. പാറപ്പോലെ ഉറച്ച സെര്‍ബിയന്‍ പ്രതിരോധത്തെ രണ്ടാം പകുതിയിൽ തകർത്താണ് ബ്രസീൽ ഗ്രൂപ്പ്‌ പോരാട്ടത്തിലെ ആദ്യ വിജയം സ്വാന്തമാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം. ഇതോടെ മൂന്ന് പോയിന്റുമായി ഗ്രൂപ്പ് പട്ടികയിൽ ബ്രസിൽ ഒന്നാമത്തെത്തി.

പ്രതിരോധത്തിന് പ്രാധാന്യം നൽകിയായിരുന്നു സെർബിയ സെര്‍ബിയ കാനറികളെ പൂട്ടാനിറങ്ങിയത്. ഒടുവില്‍ ആ പ്രതിരോധം തകര്‍ക്കാന്‍ 61 മിനിറ്റുകള്‍ മഞ്ഞപ്പടയ്ക്ക് കാത്തിരിക്കേണ്ടിവന്നു. സൂപ്പർതാരം നെയ്മർ സെർബിയൻ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബോക്സിനുള്ളിലേക്ക് നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്.

പന്തുമായി ബോക്‌സിലേക്ക് കയറിയ നെയ്മറിൽ നിന്ന് പന്ത് ലഭിച്ച വിനീഷ്യസ് തൊടുത്ത ഷോട്ട് സെര്‍ബിയന്‍ കീപ്പര്‍ സേവ് ചെയ്തത് നേരെ റിച്ചാര്‍ലിസന്റെ മുന്നില്‍. റീബൗണ്ട് വന്ന പന്ത് ഒട്ടും സമയം പാഴാക്കാതെ താരം വലയിലെത്തിച്ചു.

ഗോള്‍ നേടിയതോടെ ഉണര്‍ന്നുകളിച്ച ബ്രസീല്‍ വീണ്ടും വീണ്ടും അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. 73-ാം മിനിറ്റില്‍ റിച്ചാര്‍ലിസന്‍ കിടിലനൊരു ബൈസിക്കിള്‍ കിക്കിലൂടെ ബ്രസീലിനായി രണ്ടാമതും വലകുലുക്കി. രണ്ടാംപകുതിയിൽ തുടരെ തുടരെയുള്ള ബ്രസീലിയൻ ആക്രമണത്തിൽ സെർബിയൻ പ്രതിരോധം വിറച്ചു. 

ഒന്നാംപകുതിയിൽ പന്തടക്കത്തിലും മുന്നേറ്റത്തിലും ബ്രസീൽ മുന്നിട്ടുനിന്നെങ്കിലും ഗോൾ മാത്രം നേടാനാടിയില്ല. മുന്നേറ്റങ്ങളെല്ലാം സെർബിയൻ പ്രതിരോധത്തിൽ തട്ടി വിഫലമായി. 28ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ സുവർണാവസരം നഷ്ടപ്പെടുത്തി. തിയാഗോ സിൽവ ഗോൾമുഖത്തേക്ക് പന്ത് നിട്ടി നൽകുമ്പോൾ ഗോളിക്കു മുന്നിൽ വിനീഷ്യസ് മാത്രം.

എന്നാൽ, അതിവേഗത്തിൽ മുന്നോട്ടുകയറി സെർബിയൽ ഗോളി പ്രതിരോധിച്ചു. ബ്രസീലിയൻ മുന്നേറ്റങ്ങളെയെല്ലാം തടയുന്നതിൽ സെർബിയൻ മധ്യനിരയും പ്രതിരോധവും വിജയിച്ചു. 

ഇന്നത്തെ മത്സരത്തോടെ തിയാഗോ സിൽവ ബ്രസീലിനായി ലോകകപ്പിനിറങ്ങുന്ന ഏറ്റവും മുതിർന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി. 38 വർഷവും 63 ദിവസവുമാണ് സിൽവയുടെ പ്രായം. ദജൽമാ സാന്റോസിന്റെ റെക്കോഡാണ് മറികടന്നത്. 37 വർഷവും 138 ദിവസവുമായിരുന്നു 1966ൽ സന്റോസ് കളത്തിലിറങ്ങുമ്പോഴുള്ള പ്രായം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.