ഐഎസ് തീവ്രവാദികളുടെ കുടുംബാംഗങ്ങളെ അവർ മുൻപ് ജീവിച്ചിരുന്ന സ്ഥലങ്ങളിൽ തന്നെ വിന്യസിക്കുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ; സിഡ്‌നിയെ തീവ്രവാദ 'ഡംപിംഗ് ഗ്രൗണ്ട്' ആക്കില്ല

ഐഎസ് തീവ്രവാദികളുടെ കുടുംബാംഗങ്ങളെ അവർ മുൻപ് ജീവിച്ചിരുന്ന സ്ഥലങ്ങളിൽ തന്നെ വിന്യസിക്കുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ; സിഡ്‌നിയെ തീവ്രവാദ 'ഡംപിംഗ് ഗ്രൗണ്ട്' ആക്കില്ല

സിഡ്‌നി: ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയെത്തിയ തീവ്രവാദികളുടെ ബന്ധുക്കൾക്കായുള്ള ഒരു 'ഡംപിംഗ് ഗ്രൗണ്ട്' ആയി പടിഞ്ഞാറൻ സിഡ്‌നിയെ മാറ്റില്ലെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉറപ്പ് നൽകി. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ഭാര്യമാരെയും മക്കളെയും അവർ ഏത് പ്രദേശത്ത് നിന്നാണോ സിറിയയിലേക്ക് പോയത് അവിടേയ്ക്ക് തന്നെ അയയ്ക്കുമെന്നും ഫെഡറൽ സർക്കാർ വ്യക്തമാക്കി.

പടിഞ്ഞാറൻ സിഡ്‌നിയിലെ മൂന്ന് മേയർമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സർക്കാർ തീരുമാനം അറിയിച്ചത്. എന്നാൽ ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി സർക്കാർ കൃത്യമായ സ്ഥലങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും അവരെല്ലാം ഒരു പ്രത്യേക സ്ഥലം കേന്ദ്രീകരിച്ച് സ്ഥിരതാമസമാക്കിയതായി കരുതുന്നത് ശരിയല്ലെന്ന് ആഭ്യന്തര മന്ത്രി ക്ലെയർ ഒ നീൽ പറഞ്ഞു.

ഇവരെ എവിടെയാണ് പുനരധിവസിപ്പിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് "വളരെയധികം തെറ്റായ വിവരങ്ങൾ" പുറത്ത് വരുന്നുണ്ടെന്നും ഒ നീൽ പറഞ്ഞു. ഈ പൗരന്മാർ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നാണോ സിറിയയിലേക്ക് പോയത്, ആ പ്രദേശത്തേക്ക് തന്നെയാണ് അവരെ അയയ്ക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ സർക്കാർ വളരെ ശ്രദ്ധാപൂർവ്വം ചിന്തിക്കുകയും മാസങ്ങളായി പദ്ധതി നടപ്പിലാക്കാൻ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടെന്നും ഒ നീൽ കൂട്ടിച്ചേർത്തു.

മടങ്ങിയെത്തിയവരെ സിഡ്‌നിയിൽ ആണ് പുനരധിവസിപ്പിക്കുകയെന്ന് സർക്കാർ നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ ഇതിനെ ശക്തമായി എതിർത്തുകൊണ്ട് ലിവർപൂൾ മേയർ നെഡ് മന്നൗൺ, ഫെയർഫീൽഡ് മേയർ ഫ്രാങ്ക് കാർബോൺ, കാംബെൽടൗൺ മേയർ ജോർജ്ജ് ഗ്രീസ് എന്നിവർ രംഗത്തെത്തുകയും ചെയ്തിരുന്നു.

പടിഞ്ഞാറൻ സിഡ്‌നിയെ മുൻ ഐഎസ് കുടുംബാംഗങ്ങളുടെ 'ഡംപിംഗ് ഗ്രൗണ്ട്' ആയി ഉപയോഗിക്കില്ലെന്ന് യോഗത്തിൽ സർക്കാർ വ്യക്തമാക്കിയതായി ഫെയർഫീൽഡ് മേയർ ഫ്രാങ്ക് കാർബോൺ പറഞ്ഞു. സർക്കാരുമായി നടന്നത് സുതാര്യവും സത്യസന്ധവുമായ ചർച്ചയായിരുന്നു എന്നതിൽ സംശയമില്ലെന്ന് കാർബോൺ അഭിപ്രായപ്പെട്ടു. പടിഞ്ഞാറൻ സിഡ്‌നിയിലുള്ളവരുടെ ആശങ്കകളെക്കുറിച്ച് അവർ പഠിച്ചിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മടങ്ങിയെത്തിയവരിൽ ആരെയും ഫെയർഫീൽഡിൽ പുനരധിവസിപ്പിച്ചിട്ടില്ലെന്നും കാർബോൺ കൂട്ടിച്ചേർത്തു. തിരികെയെത്തിയവരുടെ പുനരധിവാസം പ്രദേശത്തെ അഭയാർത്ഥി സമൂഹങ്ങളായ യസീദികൾക്കും അസീറിയക്കാർക്കും ഇടയിൽ വലിയ ഭീതിയാണ് ഉയത്തുന്നതെന്ന് ലിവർപൂൾ മേയർ നെഡ് മന്നൗൺ പറഞ്ഞു.

കാലങ്ങളായി ഐഎസ് ലക്ഷ്യമിടുന്ന സമൂഹങ്ങളിൽ ഉൾപ്പെടുന്നവരാണ് ഇവർ. ഇറാഖിൽ നിന്നും സിറിയയിൽ നിന്നും അടുത്തിടെ നിരവധി അഭയാർത്ഥികൾ ഐഎസ് തീവ്രവാദികളെ ഭയപ്പെട്ടാണ് പലായനം ചെയ്തതെന്നും മന്നൗൺ കൂട്ടിച്ചേർത്തു.

തിരിച്ചെത്തിയ കുടുംബങ്ങൾ മെൽബണിൽ ഉണ്ടെങ്കിൽ അവരെ മെൽബണിൽ നിന്നും തിരിച്ചയക്കും. അവർ സിറിയയിലേക്ക് യാത്ര ചെയ്തത് പെർത്തിലും ക്വീൻസ്‌ലൻഡിലും നിന്നാണെങ്കിൽ അവരെ അവിടേയ്ക്ക് കൊണ്ടുപോകും. മടങ്ങിയെത്തിയവരെ കുറിച്ച് തങ്ങളുടെ പ്രദേശത്തുള്ളവർക്ക് ആശങ്കകളുണ്ടെന്ന് മേയർമാർ പ്രധാനമന്ത്രി ആന്റണി അൽബാനീസിനോട് വ്യക്തമാക്കിയതോടെയാണ് ചർച്ചകൾക്ക് വഴി തുറന്നത്.

അതേസമയം മുൻ മോറിസൺ ഗവൺമെന്റിന്റെ കീഴിൽ 2019 ൽ സമാനമായ ഒരു പുനരധിവാസം നടന്നതായി ഈ വർഷം മാത്രമാണ് താൻ അറിഞ്ഞതെന്ന് മക്മഹോണിന്റെ ഫെഡറൽ ഇലക്‌ട്രേറ്റ് മേയർമാരുടെ ചില പ്രാദേശിക സർക്കാർ ഏരിയകളെ ഉൾക്കൊള്ളുന്ന കാബിനറ്റ് സഹപ്രവർത്തകൻ ക്രിസ് ബോവൻ പറഞ്ഞു.

തന്നെ പൂർണ്ണമായി ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് സർക്കാർ ഇത്തരം ഒരു പ്രവർത്തി നടത്തിയതെന്നും ബോവൻ വ്യക്തമാക്കി. മുൻ സഖ്യ സർക്കാർ ഐഎസ് തടങ്കൽ പാളയങ്ങളിൽ നിന്നും തിരികെയെത്തിയ ആളുകളെ സിഡ്‌നിയുടെ പടിഞ്ഞാറൻ ബ്ലാക്‌സ്‌ലാൻഡ് ഇലക്‌ട്രേറ്റിലേക്ക് അയച്ചതായി ക്യാബിനറ്റ് മന്ത്രി ജെയ്‌സൺ ക്ലെയറും പറഞ്ഞു.

മടങ്ങിയെത്തിയ ഐഎസ് വിധവകൾ സിറിയ ഉൾപ്പെടെയുള്ള യുദ്ധമേഖലകളിലേക്ക് യാത്ര ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള രാജ്യത്തിന്റെ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് കമ്മീഷണർ റീസ് കെർഷോ സ്ഥിരീകരിച്ചു. അന്വേഷണവുമായി സ്ത്രീകൾ സഹകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനങ്ങൾക്കിടയിലും സിറിയയിലെ റോജ് അഭയാർത്ഥി ക്യാമ്പിൽ കുടുങ്ങിയ നാല് ഓസ്‌ട്രേലിയൻ സ്ത്രീകളെയും 13 കുട്ടികളെയുമാണ് കഴിഞ്ഞ മാസം സർക്കാർ സ്വദേശത്തേക്ക് മടക്കി കൊണ്ടുവന്നത്. 40 ഓളം തീവ്രവാദികളുടെ വിധവകളായ ഓസ്ട്രേലിയൻ സ്ത്രീകളെയും അവരുടെ കുട്ടികളെയും വരും മാസങ്ങളിൽ വിവിധ ഘട്ടങ്ങളിയായി നാട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായനയ്ക്ക്...

https://cnewslive.com/news/37367/sydney-mayors-say-repatriated-families-of-is-fighters-turned-their-backs-on-australia-jf


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.