സിഡ്‌നി: ഓസ്‌ട്രേലിയയിൽ മടങ്ങിയെത്തിയ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ബന്ധുക്കൾക്ക് എതിരെ നിലപാട് കടുപ്പിച്ച് നിരവധി മേയർമാർ രംഗത്ത്. സിറിയയിലെ ഐഎസ് പാളയങ്ങളിൽ നിന്നും മടങ്ങിയെത്തിയ തീവ്രവാദികളുടെ ഭാര്യമാരും കുട്ടികളും ഓസ്‌ട്രേലിയയോട് കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി കടുത്ത അകൽച്ചയിലായിരുന്നുവെന്ന് മേയർമാർ ഓർമിപ്പിച്ചു.
കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയെത്തിയ സ്ത്രീകളെയും കുട്ടികളെയും തങ്ങളുടെ നഗര പരിധിക്കുള്ളിൽ താമസിപ്പിക്കുവാൻ അനുവദിച്ചതിൽ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് ലിവർപൂൾ മേയർ നെഡ് മന്നൗൺ, ഫെയർഫീൽഡ് മേയർ ഫ്രാങ്ക് കാർബോൺ, കാംബെൽടൗൺ മേയർ ജോർജ്ജ് ഗ്രീസ് എന്നിവർ പ്രധാനമന്ത്രി ആന്റണി ആൽബാനീസിക്ക് അയച്ച കത്തിൽ കുറ്റപ്പെടുത്തുന്നു.
തെക്ക്-പടിഞ്ഞാറൻ സിഡ്നിയെ ഫെഡറൽ ഗവൺമെന്റ് "ഡംപിംഗ് ഗ്രൗണ്ട്" ആയി ഉപയോഗിക്കുന്നുവെന്നും ഇവർ ആരോപിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ കുടുംബത്തിലെ 26 സ്ത്രീകളെയും 42 കുട്ടികളെയും തിരികെ കൊണ്ടുവരാനുള്ള പദ്ധതിയുടെ ആദ്യഘട്ടം സർക്കാർ നടപ്പിലാക്കി. ഇവരിൽ ഭൂരിപക്ഷം ആളുകളെയും തെക്ക്-പടിഞ്ഞാറൻ സിഡ്നിയിൽ പുനരധിവാസിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് തങ്ങളോട് സർക്കാർ യാതൊരു കൂടിയാലോചനകളും നടത്തിയിട്ടില്ലെന്നും മേയർമാർ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി ഓസ്‌ട്രേലിയയുമായി കടുത്ത അകൽച്ചയിലായിരുന്നുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രാദികൾക്കൊപ്പം താമസിച്ച ഈ കുടുംബങ്ങൾ ഒരു ഘട്ടത്തിലും ഐഎസിന്റെ പ്രവർത്തനങ്ങൾക്കെതിരെ സംസാരിച്ചിട്ടില്ലെന്നും മേയർമാർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഓർമിപ്പിക്കുന്നു.
സിറിയയിൽ നിന്നും സ്വദേശത്തേക്ക് മടങ്ങിയ വ്യക്തികളോട് ഫെഡറൽ സർക്കാർ സംസാരിച്ചിരുന്നു. പക്ഷേ ഇവരെ താമസിപ്പിക്കാൻ പോകുന്ന പ്രദേശങ്ങളിലെ ആളുകളുമായി കൂടിയാലോചിക്കാൻ സർക്കാർ സമയം കണ്ടെത്തിയില്ലെന്നും കത്തിൽ കുറ്റപ്പെടുത്തലുണ്ട്. 2019-ൽ ഐഎസിന്റെ പതനത്തിനുശേഷം വടക്കുകിഴക്കൻ സിറിയയിലെ തടങ്കൽപ്പാളയത്തിൽ കഴിയുന്ന ഓസ്‌ട്രേലിയൻ സ്ത്രീകളുടെയും കുട്ടികളുടെയും ആദ്യ സംഘം ഒക്ടോബർ 29-ന് രാജ്യത്ത് എത്തിയിരുന്നു.
പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനങ്ങൾക്കിടയിലും നാല് സ്ത്രീകളും 13 കുട്ടികളുമാണ് തിരികെയെത്തിയത്. ഇവർ മൂലം തങ്ങളുടെ സംസ്ഥാനങ്ങൾക്ക് ഉണ്ടായേക്കാവുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് നേതാക്കൾ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ സമൂഹത്തിന്റെ ആശങ്കകൾ സർക്കാർ കേൾക്കേണ്ട സമയമാണിതെന്നും ഞങ്ങൾ നിങ്ങളെ ഒരു സംഭാഷണത്തിന് ക്ഷണിക്കുന്നുവെന്നും പ്രധാനമന്ത്രി ആന്റണി ആൽബനീസിക്ക് അയച്ച കത്തിൽ മേയർമാർ കൂട്ടിച്ചേർത്തു.
സിറിയയിലെ ഐഎസ് പാളയങ്ങളിൽ നിന്നും 40 ഓളം തീവ്രവാദികളുടെ വിധവകളായ ഓസ്ട്രേലിയൻ സ്ത്രീകളെയും അവരുടെ കുട്ടികളെയും വരും മാസങ്ങളിൽ വിവിധ ഘട്ടങ്ങളിയായി നാട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.